World Brain Day | തലച്ചോറിന്റെ ആരോഗ്യം കാക്കാം; ഇന്ന് ലോക മസ്തിഷ്ക ദിനം
- Published by:user_57
- news18-malayalam
Last Updated:
പ്രതിരോധം, ചികിത്സ, ഗവേഷണം എന്നിവയുള്‍പ്പെടെ തലച്ചോറുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള അറിവ് പ്രോത്സാഹിപ്പിക്കുന്നതിനായി വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ന്യൂറോളജി (WFN) ആണ് ഈ ദിനാചരണം ആരംഭിച്ചത്
എല്ലാ വര്‍ഷവും ജൂലൈ 22 ലോക മസ്തിഷ്ക ദിനം (World Brain Day 2022) ആയാണ് ആചരിക്കുന്നത്. മസ്തിഷ്‌കത്തിന്റെ ആരോഗ്യത്തെക്കുറിച്ചും നാഡീ വൈകല്യങ്ങളെക്കുറിച്ചും അവബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ലോക മസ്തിഷ്ക ദിനം ആചരിക്കുന്നത്. പ്രതിരോധം, ചികിത്സ, ഗവേഷണം എന്നിവയുള്‍പ്പെടെ തലച്ചോറുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള അറിവ് പ്രോത്സാഹിപ്പിക്കുന്നതിനായി വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ന്യൂറോളജി (WFN) ആണ് ഈ ദിനാചരണം ആരംഭിച്ചത്.
ലോക മസ്തിഷ്ക ദിനം 2023: പ്രമേയം
‘മസ്തിഷ്ക ആരോഗ്യവും വൈകല്യങ്ങളും: ആരും അവഗണിക്കപ്പെടരുത്’ എന്നതാണ് 2023 ലെ ലോക മസ്തിഷ്‌ക ദിനത്തിന്റെ പ്രമേയം. പൊതുജനങ്ങള്‍ക്കിടയില്‍ മസ്തിഷ്‌ക ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വൈകല്യങ്ങളെക്കുറിച്ചും അവബോധം വളര്‍ത്താനാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, നാഡീസംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട ഗവേഷണം എന്നിവ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടുന്ന ദിനം കൂടിയാണിത്. അതോടൊപ്പം മാനസിക വൈകല്യമുള്ളവര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യ സംരക്ഷണം നല്‍കേണ്ടതിന്റെ പ്രാധാന്യവും ഈ ദിനാചരണത്തിലൂടെ എടുത്തു കാണിക്കുന്നു.
advertisement
ഇത്തരം ബുദ്ധിമുട്ടള്ളവര്‍ അവഗണിക്കപ്പെടുകയോ ഒഴിവാക്കപ്പെടുകയോ ചെയ്യുന്നില്ലെന്നും മസ്തിഷ്‌കത്തിന്റെ മികച്ച പ്രവര്‍ത്തനം നിലനിര്‍ത്തുന്നതിന് ആവശ്യമായ സഹായവും പരിഗണനയും എല്ലാവര്‍ക്കും ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കുകയുമാണ് ലോക മസ്തിഷ്ക ദിനം ആചരിക്കുന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.
ലോക മസ്തിഷ്‌ക ദിനത്തിന്റെ ചരിത്രം
1957 ജൂലൈ 22-ന് വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ന്യൂറോളജി (WFN) സ്ഥാപിതമായതോടെയാണ് ലോക മസ്തിഷ്ക ദിനം എന്ന ആശയം മുന്നോട്ട് വന്നത്. 2013 സെപ്തംബര്‍ 22-ന് നടന്ന വേള്‍ഡ് കോണ്‍ഗ്രസ് ഓഫ് ന്യൂറോളജി (WCN) കൗണ്‍സില്‍ ഓഫ് പാര്‍ട്ടിസിപ്പന്റ്‌സ് മീറ്റിംഗിലാണ് ‘വേള്‍ഡ് ബ്രെയിന്‍ ഡേ’ എന്ന ആശയം നിര്‍ദ്ദേശിക്കപ്പെട്ടത്. പങ്കെടുത്ത എല്ലാവരും ഈ നിര്‍ദേശത്തെ സ്വീകരിക്കുകയായിരുന്നു.
advertisement
ഇതേതുടര്‍ന്ന്, 2014 ഫെബ്രുവരിയിലെ അവരുടെ മീറ്റിംഗില്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ഈ ആശയത്തിന് ഔദ്യോഗികമായി അംഗീകാരം നല്‍കി. തുടര്‍ന്ന് എല്ലാ വര്‍ഷവും ജൂലൈ 22 ലോക മസ്തിഷ്‌ക ദിനമായി ആചരിക്കാന്‍ തുടങ്ങി.
ലോക മസ്തിഷ്‌ക ദിനത്തിന്റെ പ്രാധാന്യം
ലോക മസ്തിഷ്‌ക ദിനത്തില്‍, മസ്തിഷ്‌ക ആരോഗ്യത്തെക്കുറിച്ചും ന്യൂറോളജിക്കല്‍ അവസ്ഥകളെക്കുറിച്ചും ജനങ്ങളെ ബോധവന്മാരാക്കുന്നതിനായി ലോകമെമ്പാടും നിരവധി പരിപാടികളും ബോധവല്‍ക്കരണ കാമ്പെയ്നുകളും നടത്തുന്നു. തലച്ചോറിനെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ജീവിതശൈലികള്‍ തലച്ചോറിനെ സ്വാധീനത്തെക്കുറിച്ചും ജനങ്ങളെ ബോധവന്മാരാക്കുന്നതിനായി പ്രമുഖ ന്യൂറോളജിസ്റ്റുകളും മെഡിക്കല്‍ വിദഗ്ധരും ഈ ദിനത്തില്‍ സെമിനാറുകളും വെബിനാറുകളും പൊതു പ്രഭാഷണങ്ങളും നടത്തും.
advertisement
പൊതുജനാരോഗ്യ സംഘടനകള്‍, സര്‍ക്കാരിതര ഓര്‍ഗനൈസേഷനുകള്‍, മറ്റ് സംഘടനകള്‍ എന്നിവ മസ്തിഷ്‌ക ആരോഗ്യത്തെക്കുറിച്ചും ന്യൂറോളജിക്കല്‍ രോഗങ്ങളുടെ പ്രതിരോധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, സോഷ്യല്‍ മീഡിയ കാമ്പെയ്നുകള്‍, പൊതു അറിയിപ്പുകള്‍, എന്നിവയിലൂടെ ലോക മസ്തിഷ്‌ക ദിനത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
മസ്തിഷ്‌ക ആരോഗ്യത്തിന്റെ പ്രാധാന്യം
ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യത്തില്‍ മസ്തിഷ്‌കം വഹിക്കുന്ന പങ്ക് വളരെ പ്രധാനമാണ്. അതിനാല്‍ തന്നെ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. നമ്മുടെ ചിന്തകള്‍, വികാരങ്ങള്‍, ചലനങ്ങള്‍, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവ നിയന്ത്രിക്കുന്നത് മസ്തിഷ്‌കമാണ്. അതിനാല്‍ തന്നെ, മസ്തിഷ്‌കത്തില്‍ ഉണ്ടാകുന്ന ഏതൊരു തകരാറും വ്യക്തികളിലും സമൂഹത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
advertisement
അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ്, അപസ്മാരം, സ്‌ട്രോക്ക് എന്നിവയുള്‍പ്പെടെയുള്ള ന്യൂറോളജിക്കല്‍ രോഗങ്ങൾ ഇന്ന് വ്യാപകമായി ലോകത്ത് പലരിലും കാണപ്പെടുന്നുണ്ട്. അവ പൊതുജനാരോഗ്യത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നു. ഈ അവസ്ഥ രോഗികളെ മാത്രമല്ല, പരിചരണം നല്‍കുന്നവരിലും ആരോഗ്യ പരിപാലന സംവിധാനങ്ങളെയും സാരമായി ബാധിക്കുകയും ചെയ്യുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 22, 2023 10:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
World Brain Day | തലച്ചോറിന്റെ ആരോഗ്യം കാക്കാം; ഇന്ന് ലോക മസ്തിഷ്ക ദിനം