വൃക്കയുടെ ആരോഗ്യം സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ആചരിക്കുന്ന ദിവസമാണ് ലോക വൃക്കദിനം. മാര്‍ച്ചിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക വൃക്കദിനമായി ആചരിക്കുന്നത്. ഈ വര്‍ഷത്തെ ലോക വൃക്ക ദിനം മാര്‍ച്ച് 9 ആയ ഇന്നാണ്. വൃക്കയുടെ ആരോഗ്യത്തെ ബാധിക്കുന്ന ചില ജീവിതശൈലികളെപ്പറ്റിയാണ് ഇന്ന് പറയുന്നത്.
1. വേദനസംഹാരികളുടെ അമിത ഉപയോഗം
തലവേദനയോ മുട്ട് വേദനയോ ഉണ്ടാകുമ്പോള്‍ വേദനസംഹാരികള്‍ കഴിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ കഴിക്കുന്ന ഇത്തരം മരുന്നുകള്‍ നമ്മുടെ വൃക്കയുടെ ആരോഗ്യത്തെയാണ് ബാധിക്കുന്നത്.
2. ഉപ്പിന്റെ അമിത ഉപയോഗം
ഉപ്പ് അധികമാകുന്നത് രക്തസമ്മര്‍ദ്ദം വര്‍ധിക്കാന്‍ കാരണമാകും. അമിത രക്തസമ്മര്‍ദ്ദം വൃക്കയെ ദോഷകരമായി ബാധിച്ചേക്കാം. ഉപ്പിന് പകരം സുഗന്ധവ്യഞ്ജനങ്ങളും മറ്റും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.
3. പഞ്ചസാരയുടെ അമിത ഉപയോഗം
പഞ്ചസാരയോ പഞ്ചസാര ചേര്‍ന്ന ഉല്‍പ്പന്നങ്ങളോ അമിതമായി കഴിക്കുന്നത് ശരീരത്തില്‍ പ്രമേഹം ഉണ്ടാക്കും. അതുകൂടാതെ ശരീരഭാരം കൂടാനും ഇത് കാരണമാകും. ഇത് നിങ്ങളുടെ വൃക്കയുടെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം.
Also Read- എല്ലാ ദിവസവും മോര് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?
4. ആവശ്യത്തിന് വെള്ളം കുടിക്കുക
ആവശ്യത്തിന് വെള്ളം ശരീരത്തിലെത്തിയില്ലെങ്കില്‍ അത് ഏറ്റവും അധികം ബാധിക്കുന്നത് നിങ്ങളുടെ വൃക്കയെയാണ്. വൃക്കയിലെ കല്ല് എന്ന രോഗം ഒഴിവാക്കാനും ശരീരത്തില്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കഴിയുന്ന ഒന്നാണ് വെള്ളം. വൃക്കയുടെ ശരിയായ പ്രവര്‍ത്തനത്തിന് ഒരുദിവസം ഒരാള്‍ 3 മുതല്‍ നാല് ലിറ്റര്‍ വരെ വെള്ളം കുടിക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിർദേശം.
5. പ്രോസസ്സഡ് ഫുഡിന്റെ ഉപയോഗം
സോഡിയവും ഫോസ്ഫറസും അടങ്ങിയ ഭക്ഷണങ്ങള്‍ വൃക്കയുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. വൃക്കരോഗങ്ങള്‍ ഉള്ളവര്‍ ഇത്തരം ഭക്ഷണം ഒഴിവാക്കേണ്ടതാണ്. വൃക്കരോഗം ഇല്ലാത്തവരും ഇത്തരം ഭക്ഷണം പതിവായി കഴിക്കുന്നത് അവസാനിപ്പിക്കണം.
6. ഉറക്കമില്ലായ്മ
വൃക്കയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ് ഉറക്കമില്ലായ്മ. രാത്രിയില്‍ വേണ്ടത്ര ഉറങ്ങുന്നത് വൃക്കയുടെ ആരോഗ്യം മെച്ചപ്പെടുത്തും.
7. പുകവലി
പുകവലി ബാധിക്കുന്നത് ഹൃദയത്തേയും ശ്വാസകോശത്തേയും മാത്രമല്ല. വൃക്കയുടെ ആരോഗ്യത്തെയും പുകവലി മോശമായി ബാധിക്കും. അതിനാല്‍ ഈ ശീലം ഒഴിവാക്കുക.
8. അമിത മദ്യപാനം
അമിതമായി മദ്യപിക്കുന്നവരില്‍ വൃക്കരോഗം വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടിയാണെന്ന് വിദഗ്ധര്‍ പറയുന്നു. അമിത മദ്യപാനം ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് വര്‍ധിപ്പിക്കുന്നു. ഇത് വൃക്കയെ ദോഷകരമായി ബാധിക്കും.
9. അമിതമായി മാംസം കഴിക്കരുത്
മൃഗക്കൊഴുപ്പ് ശരീരത്തില്‍ അമിതമാകുന്നത് രക്തത്തിലെ ആസിഡുകളുടെ അളവ് വര്‍ധിപ്പിക്കും. ഇത് അസിഡോസിസിലേക്ക് നയിക്കും. അതായത് രക്തത്തില്‍ നിന്നുള്ള ആസിഡുകളെ നീക്കം ചെയ്യാന്‍ വൃക്കകള്‍ക്ക് കഴിയാത്ത അവസ്ഥയാണ് അസിഡോസിസ്. മാംസം മാത്രം കഴിക്കുന്നത് ഒഴിവാക്കി, അവയോടൊപ്പം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ശീലമാക്കുക.
10. വ്യായാമം ഇല്ലാത്ത അവസ്ഥ
ഒരുപാട് സമയം ഇരുന്ന് ജോലി ചെയ്യുന്നത് നിങ്ങളുടെ വൃക്കയെ സാരമായി ബാധിച്ചേക്കാം. എന്നാൽ വ്യായാമം ചെയ്ത് ഈ വെല്ലുവിളികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ശരിയായ വ്യായാമം ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്തും. രക്തസമ്മര്‍ദ്ദം കുറയ്ക്കും. ഇവയെല്ലാം നിങ്ങളുടെ വൃക്കയുടെ ആരോഗ്യം വര്‍ധിപ്പിക്കും
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.