അതിർത്തികളിൽ കുരുങ്ങുന്ന ഇന്ത്യ-പാക് പ്രണയകഥകൾ; നിയമക്കുരുക്കിൽ ജീവിതം നഷ്ടമാകുന്ന ദമ്പതിമാരെക്കുറിച്ച്

Last Updated:

ഇന്ത്യൻ പൗരന്മാരെ വിവാഹം ചെയ്ത എഴുപതിലധികം പാകിസ്ഥാനി യുവതികളാണ് കർണാടകയിൽ ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിച്ച് കാത്തിരിക്കുന്നത്

രാജ്യാതിർത്തികൾ താണ്ടി വിവാഹിതരാകുന്നവർ ധാരാളമാണ്. വ്യത്യസ്ത രാജ്യങ്ങളിലെ പൗരന്മാരായിരുന്നിട്ടും ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുകയും അത് സാധിക്കുകയും ചെയ്യുന്നവർ അനവധിയുണ്ട്. അത്തരം വിവാഹബന്ധങ്ങളെക്കൂടെ പരിഗണിച്ചുകൊണ്ടുള്ളതാണ് ആധുനിക ലോകത്തെ മിക്ക രാജ്യങ്ങളുടെയും നിയമങ്ങൾ. എന്നാൽ, ഇന്ത്യ-പാകിസ്ഥാൻ രാജ്യാതിർത്തികൾക്കപ്പുറവും ഇപ്പുറവും ജീവിച്ചുകൊണ്ട് വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർക്ക് കാര്യങ്ങൾ ഇപ്പോഴും ഒട്ടും എളുപ്പമല്ല. പ്രിയപ്പെട്ടവർ കിലോമീറ്ററുകൾക്കകലെയുള്ളപ്പോഴും, ഒരിക്കൽപ്പോലും കാണാനാകാതെ പോകുന്നവരാണ് ഏറെയും.
ഇന്ത്യയും പാകിസ്ഥാനുമിടയിൽ രാഷ്ട്രീയപരവും ചരിത്രപരവുമായ വിള്ളലുകൾ നിലനിൽക്കുമ്പോഴും, അതിർത്തികൾ ഭേദിച്ചുള്ള വിവാഹങ്ങൾ കാലങ്ങളോളമായി ഉണ്ടാകുന്നുണ്ട്. ലഹോറിൽ നിന്നും കറാച്ചിയിൽ നിന്നും ജീവിതപങ്കാളികളെ കണ്ടെത്തുന്നവർ കർണാടകയിലെ ഭട്കലിൽ ധാരാളമുണ്ട്. പൗരത്വവും യാത്രാ അനുമതികളുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധികളാണ് ഇവർ കാലാകാലമായി നേരിട്ടുകൊണ്ടിരിക്കുന്നത്.
ഇന്ത്യൻ പൗരന്മാരെ വിവാഹം ചെയ്ത എഴുപതിലധികം പാകിസ്ഥാനി യുവതികളാണ് കർണാടകയിൽ ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിച്ച് കാത്തിരിക്കുന്നത്. വൈകാരികവും നിയമപരവുമായ അനവധി പ്രശ്‌നങ്ങളാണ് ഇവർ നേരിടേണ്ടിവരുന്നത്. പാകിസ്ഥാനിലെ ഫൈസലാബാദിൽ നിന്നുള്ള ഖദീജ നൂറിൻ്റെ കഥ ഇക്കൂട്ടത്തിലൊന്നാണ്. പ്രണയിക്കുന്നയാളിനെത്തേടി ഖദീജ ഇന്ത്യയിലേക്ക് സഞ്ചരിച്ചത് നേപ്പാൾ മാർഗമായിരുന്നു.
advertisement
തെലങ്കാന സ്വദേശിയായ സയീദ് അഹമ്മദിനെ ഖദീജ പരിചയപ്പെടുന്നത് സമൂഹമാധ്യമങ്ങൾ വഴിയാണ്. സയീദിനെ കാണാനായാണ് ഖദീജ നേപ്പാൾ വഴി തെലങ്കാനയിലേക്ക് യാത്ര തിരിച്ചത്. ഇന്തോ-നേപ്പാൾ അതിർത്തിയിൽ എസ്എസ്ബി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട യാത്രാരേഖകളോ വിസയോ കാണിക്കാൻ സാധിക്കാഞ്ഞതോടെ, ഖദീജ കസ്റ്റഡിയിലായി.
സുർസന്ദ് പൊലീസ് സ്റ്റേഷനിൽ ഖദീജയ്‌ക്കെതിരായി കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു. ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും, ജാമ്യക്കാർ ഇല്ലാത്തതിനാൽ ആ അവസരം ഉപയോഗപ്പെടുത്താൻ ഖദീജയ്ക്കായില്ല. സീതാമർഹി ജില്ലയിലെ ജയിലിൽ ഒമ്പതു മാസമായി തടവിലാണ് ഖദീജ. തൻ്റെ ഭാവി എന്തായിത്തീരുമെന്ന് ഇന്നും ഖദീജയ്ക്കറിയില്ല. ഫൈസലാബാദിലെ മദീനയിലുള്ള ബന്ധുക്കളെയും ഖദീജയ്ക്ക് ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. പാകിസ്ഥാൻ എംബസിയുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഖദീജയിപ്പോൾ.
advertisement
പൗരത്വവുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകളിൽപ്പെട്ട് വലയുന്ന എഴുപത്തിനാലുകാരിയായ അനാർക്കലിയുടെ കഥയും ഹൃദയഭേദകമാണ്. മഥുര സ്വദേശിനിയായ അനാർക്കലി 1978ലാണ് അകന്ന ബന്ധുവായ നൂർ മുഹമ്മദിനെ വിവാഹം കഴിക്കുന്നത്. ലാഹോറിൽ നിന്നുള്ള നൂർ മുഹമ്മദിനൊപ്പം അനാർക്കലിയും ആദ്യ വിവാഹത്തിലെ മകനായ മുഹമ്മദ് ആസിഫും പാകിസ്ഥാനിലെത്തി പുതിയൊരു ജീവിതം തുടങ്ങി.
നൂർ മുഹമ്മദിൻ്റെ മരണത്തോടെയാണ് അനാർക്കലിയുടെ ജീവിതം കീഴ്‌മേൽ മറിയുന്നത്. കാഴ്ച പരിമിതിയുള്ള മുഹമ്മദ് ആസിഫിന് ജോലി ചെയ്യാൻ സാധിക്കാതെ വന്നതോടെ, കുടുംബം അനാർക്കലിയുടെ ചുമതലയായി. തെരുവിൽ മാസ്‌കുകളും പെൻസിലുകളും വിറ്റ് ജീവിതം കരുപ്പിടിപ്പിക്കാൻ അനാർക്കലി ശ്രമിച്ചെങ്കിലും, മുന്നോട്ടു പോകാനായില്ല.
advertisement
ഇന്ത്യയിലുള്ള സഹോദരീസഹോദരന്മാരെ സന്ദർശിക്കണമെന്ന അനാർക്കലിയുടെ ആഗ്രഹവും പൗരത്വപ്രശ്‌നങ്ങളിൽ ഉടക്കി നിൽക്കുകയാണ്. 1985ൽ പാകിസ്ഥാൻ പൗരത്വം സ്വീകരിച്ച അനാർക്കലിയുടെ ഇന്ത്യൻ പൗരത്വം താനേ റദ്ദാക്കപ്പെട്ടിരുന്നു. സ്വന്തം രാജ്യത്തേക്കു മടങ്ങി ബന്ധുക്കൾക്കൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്ന അനാർക്കലിക്ക് ഇന്ത്യ-പാക് തർക്കങ്ങൾ കാരണം വിസ ലഭിക്കുന്നില്ല. മഥുരയിലുള്ള അനാർക്കലിയുടെ ബന്ധുക്കളും ഇക്കാര്യത്തിൽ നിയമപോരാട്ടം തുടരുന്നുണ്ട്. വേർപിരിഞ്ഞു പോയ പ്രിയപ്പെട്ടവരെ ഒരു നോക്കു കാണാൻ അധികൃതരുടെ ദയ കാത്തിരിക്കുന്ന അനവധി പേരുടെ പ്രതിനിധി മാത്രമാണ് അനാർക്കലി.
കറാച്ചി സ്വദേശിനിയായ റാഫിയ ഉബൈദയും പൗരത്വവുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങൾ കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുകയാണ്. നിലവിൽ വിവാഹിതയായി ഭട്കലിൽ താമസിക്കുന്ന റാഫിയ, മൂന്നു തവണ പൗരത്വത്തിനായി ശ്രമിച്ച് പരാജയപ്പെട്ടയാളാണ്. കർണാടകയ്ക്കകത്ത് സഞ്ചരിക്കാൻ പോലും റാഫിയയ്ക്ക് പ്രത്യേക പൊലീസ് അനുമതി ആവശ്യമാണ്. ചികിത്സാവശ്യങ്ങൾക്കായുള്ള യാത്രയാണെങ്കിൽപ്പോലും ഇളവുകൾ ലഭിക്കില്ല.
advertisement
മംഗലാപുരത്തുള്ള ആശുപത്രിയിൽ ചികിത്സയ്ക്കായി പോകുന്നതിന് 15 ദിവസം മുൻപ് റാഫിയ പൊലീസ് സ്റ്റേഷനിൽ യാത്രാനുമതി തേടിയുള്ള അപേക്ഷ സമർപ്പിക്കണം. അനുമതി ലഭിച്ചാൽ, 150 കിലോമീറ്റർ അകലെ കാർവാറിലുള്ള എസ് പി ഓഫീസിൽ നേരിട്ടു ചെല്ലണം. എങ്കിൽ മാത്രമേ മംഗലാപുരത്തേക്ക് യാത്ര ചെയ്യാനാകൂ.
2001ൽ വിവാഹം കഴിഞ്ഞതു മുതൽ ഭട്കലിലാണ് റാഫിയയുടെ താമസം. എങ്കിലും, പൗരത്വ അപേക്ഷ ഇതുവരെ സ്വീകരിക്കപ്പെട്ടിട്ടില്ലെന്ന് റാഫിയയുടെ ഭർത്താവ് അബൂബക്കർ പറയുന്നു. ഇരുവരുടെയും വിവാഹ സർട്ടിഫിക്കറ്റ് സാധുവല്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. കർണാടക സംസ്ഥാന വഖഫ് ബോർഡിന്റെ സർട്ടിഫിക്കറ്റ് ഉണ്ടായിട്ടും പൗരത്വം ലഭിക്കുന്നില്ലെന്ന നിരാശയിലാണ് ഇരുവരും. റാഫിയയ്ക്ക് ആധാർ കാർഡ് ലഭിക്കാത്തതും ഇവരുടെ ദൈനംദിന ജീവിതം കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട്.
advertisement
ഭട്കലിൽ ജീവിക്കുന്ന പാകിസ്ഥാനി യുവതികൾ നേരിടേണ്ടി വരുന്ന കഷ്ടതകളിൽ ചിലതുമാത്രമാണിതെന്ന് കരീമ പറയുന്നു. പാകിസ്ഥാനിൽ നിന്നുള്ള കരീമയുടെ ഭർത്താവ് ഭട്കൽ സ്വദേശിയാണ്. ഭർത്താവ് സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയതോടെ തൻ്റെ മൂന്നു കുട്ടികളാണ് കരീമയുടെ ലോകം. പൊലീസുകാരും ഇൻ്റലിജൻസ് ഉദ്യോഗസ്ഥരും ഇടയ്ക്കിടെ കരീമയെത്തേടിയെത്താറുണ്ട്. രാജ്യത്ത് എവിടെയെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായാൽ, പൊലീസ് ഉടനെ കരീമയുടെ വീട്ടിലെത്തി സ്ഥിതിഗതികൾ പരിശോധിക്കും.
തീവ്രവാദ സംഭവങ്ങളുമായി ഭട്കലിൻ്റെ പേരു ചേർത്ത് കേൾക്കാൻ തുടങ്ങിയതോടെ കാര്യങ്ങൾ ഏറെ ദുഷ്‌കരമായി മാറിയിട്ടുണ്ട്. വിഭജനത്തിനും പതിറ്റാണ്ടുകൾക്കു മുൻപു തന്നെ, ഭട്കലിലുള്ള നാവായത്ത് വിഭാഗത്തിൽപ്പെട്ട മുസ്ലിം കുടുംബങ്ങൾക്ക് കറാച്ചിയിലും മറ്റു പാകിസ്ഥാൻ നഗരങ്ങളുമായി വ്യാപാരബന്ധങ്ങളുണ്ടായിരുന്നെന്ന് കരീമ പറയുന്നു. എങ്കിലും, പാകിസ്ഥാനിൽ നിന്നും ഭട്കലിലെത്തുന്ന യുവതികളുടെ പൗരത്വ അപേക്ഷകൾ തള്ളിപ്പോകാൻ ഈ തീവ്രവാദ അഭ്യൂഹം വലിയൊരു കാരണമാണ്. കുറച്ചു കാലങ്ങൾക്കു മുൻപ് ഭട്കലിലെ പാകിസ്ഥാനി വധുക്കളെ തിരികെ അയ്ക്കാനുള്ള നീക്കം പോലുമുണ്ടായിരുന്നുവെന്ന് കർണാടക പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നു. 70 പൗരത്വ അപേക്ഷകളാണ് നിലവിൽ കർണാടകയിൽ മാത്രം ഇത്തരത്തിൽ പരിഗണിക്കപ്പെടാതെ കിടക്കുന്നത്.
advertisement
നിരാശകൾ മാത്രം പങ്കുവയ്ക്കാനുള്ള പാകിസ്ഥാനി യുവതികളുടെ കഥകൾക്കിടയിലും പ്രതീക്ഷ പകരുന്ന വിജയങ്ങളുമുണ്ട്. അത്തരത്തിലൊന്നാണ് ഷസ്മാൻ മൻസൂറിൻ്റേത്. പാകിസ്ഥാനിൽ നിന്നുള്ള മുൻ മാധ്യമപ്രവർത്തകയായ ഷസ്മാൻ, ബംഗളുരുവിൽ വച്ച് ഇന്ത്യൻ പൗരത്വം നേടിയിട്ട് മൂന്നു വർഷമാകുന്നു. എങ്കിലും, കറാച്ചിയിലെ ബന്ധുക്കളെ സന്ദർശിക്കാൻ പോലും കനത്ത യാത്രാനിയന്ത്രണങ്ങളാണ് ഷസ്മാൻ നേരിടുന്നത്. ഇക്കാര്യത്തിൽ സർക്കാർ പ്രത്യേക നടപടികൾ കൈക്കൊള്ളണമെന്നാണ് ഷസ്മാൻ്റെ ആവശ്യം.
വിദേശീയർക്ക് പാകിസ്ഥാൻ പൗരത്വം നേടുന്നത് അത്ര എളുപ്പമല്ല. 1951ലെ പൗരത്വ നിയമവും അതുമായി ബന്ധപ്പെട്ട 1952ലെ നിയമങ്ങളും അനുസരിച്ച്, ഒരിക്കൽ പാകിസ്ഥാൻ പൗരത്വം നഷ്ടപ്പെട്ടാൽ അത് വീണ്ടെടുക്കുക സാധ്യമല്ല. അതേസമയം, ഇന്ത്യൻ പൗരനെ വിവാഹം കഴിക്കുന്നവർക്കായുള്ള പൗരത്വ നിയമങ്ങൾ എല്ലാ വിദേശീയർക്കും തുല്യമാണെന്നും പാകിസ്ഥാനിൽ നിന്നുള്ളവർക്കായി പ്രത്യേക ഇളവുകളൊന്നുമില്ലെന്നും തെലങ്കാന ഹൈക്കോടതിയിലെ അഭിഭാഷകൻ മമിന്ദ്‌ല വിശദീകരിക്കുന്നു. ഇന്ത്യൻ നിയമപ്രകാരം, ഇന്ത്യൻ പൗരന് പാകിസ്ഥാൻ പൗരനെ വിവാഹം കഴിക്കാൻ തടസ്സങ്ങളില്ല. ഇന്ത്യൻ പൗരനെ വിവാഹം ചെയ്യുകയും, ഇന്ത്യയിൽ ഏഴു വർഷക്കാലം താമസിക്കുകയും ചെയ്തിട്ടുള്ളവർക്ക് ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിക്കുകയും ചെയ്യാം.
നിയമക്കുരുക്കിൽപ്പെട്ട് ജീവിതം തകരുന്ന ദമ്പതിമാരുടെ കഥകൾ പുറം ലോകം അറിയുന്തോറും ഇത്തരം പ്രതിസന്ധികൾ എന്നെന്നേയ്ക്കുമായി പരിഹരിക്കപ്പെടാനുള്ള സാധ്യതകളും വർദ്ധിക്കുമെന്നാണ് മനുഷ്യാവകാശ പ്രവർത്തകരും അഭിഭാഷകരും പ്രതീക്ഷിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Life/
അതിർത്തികളിൽ കുരുങ്ങുന്ന ഇന്ത്യ-പാക് പ്രണയകഥകൾ; നിയമക്കുരുക്കിൽ ജീവിതം നഷ്ടമാകുന്ന ദമ്പതിമാരെക്കുറിച്ച്
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement