കായലരികത്തെ തുരുത്തിലാണ് വീടെങ്കിലും അവളുടെ ഉള്ളിൽ തിരയടിച്ചത് കടലായിരുന്നു. ഒരു വലിയ സങ്കടക്കടൽ. വെള്ളത്തിൽ ഒറ്റപ്പെട്ടു കിടക്കുന്ന ഒരിടത്താണ് കോട്ടയം കാഞ്ഞിരം എസ്.എൻ.ഡി.പി. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ സാന്ദ്ര താമസിക്കുന്നത്. ഈ ലോക്ക് ഡൗൺ കാലത്ത് വന്ന രണ്ടു പരീക്ഷകൾ താൻ എങ്ങനെ എഴുതും എന്നതിനെക്കുറിച്ച് സാന്ദ്രയ്ക്ക് ഒരെത്തും പിടിയും ഇല്ലായിരുന്നു. എന്നാൽ ഇത് കണ്ടറിഞ്ഞ സംസ്ഥാന ജലഗതാഗത വകുപ്പ് സാന്ദ്രയ്ക്കു വേണ്ടി പ്രത്യേക അനുമതിയോടെ സർവീസ് നടത്തി.
പല പ്രതിബന്ധങ്ങളാണ് ഇതിൽ ഉണ്ടായിരുന്നത്. ഏതാണ്ട് അരമണിക്കൂറോളം പോയാലേ സാന്ദ്രയെ കൂട്ടിക്കൊണ്ടുവരാനാകൂ. ഔട്ട് ബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളത്തിൽ ബോട്ട് ചാലിൽ എത്താൻ നല്ല ചെലവ് വരും. ലോക്ക് ഡൗൺ ആയതിനാൽ മറ്റ് യാത്രക്കാരും ഉണ്ടാവില്ല. ഒരാൾക്കു വേണ്ടി മാത്രം അഞ്ചു ജീവനക്കാർ ഒരു മണിക്കൂറോളം ബുദ്ധിമുട്ടണം. മഴക്കാലമായതിനാൽ വള്ളത്തിലെ യാത്ര ക്ലേശകരമാണ്. പോരാത്തതിന് രണ്ടു ജില്ലകളുടെ അതിർത്തി കേറിയിറങ്ങി കിടക്കുന്നതിനാൽ ബോട്ട് യാത്രയ്ക്ക് പ്രത്യേക അനുമതിയും വേണം. എന്നാൽ സാന്ദ്രയ്ക്കു വേണ്ടി അതെല്ലാം നടന്നു.
![]()
" ഫിസിക്സ്, കെമിസ്ട്രി ഈ രണ്ടു പരീക്ഷകളായിരുന്നു ഉണ്ടായിരുന്നത്. ഇങ്ങനെ ബോട്ട് ഇല്ലായിരുന്നെങ്കിൽ അത് എഴുതാൻ കഴിയുമായിരുന്നില്ല. സാധാരണ 11 രൂപയായിരുന്നു ചാർജ്. പരീക്ഷാക്കാലത്ത് ഞാൻ ഒമ്പത് രൂപയാണ് കൊടുത്തത്," സാന്ദ്ര പറഞ്ഞു.
ലോകത്തിലെ മിക്ക മാധ്യമങ്ങളും ആഘോഷിച്ച ഒരു വാർത്തയുണ്ട്. ജപ്പാനിൽ സെക്കി-ഹൊക്കു എന്ന റെയിൽവേ ലൈനിൽ കാമി-ഷിറ-ടാക്കി എന്ന റെയിൽവേ സ്റ്റേഷനുണ്ട്.ആ റൂട്ടിൽ സർക്കാർ ഒരു ട്രെയിൻ ഓടിക്കുന്നുണ്ട്. രണ്ടേ രണ്ടുനേരം മാത്രം.അവിടെ ഉള്ള ഒരേ ഒരു വിദ്യാത്ഥിക്ക് സ്കൂളിൽ പോയി വരാൻ വേണ്ടി മാത്രം.
" ഈ വിദ്യാർത്ഥിയെക്കുറിഞ്ഞപ്പോൾ ജപ്പാനിലെ സംഭവം മാത്രമല്ല എനിക്ക് ഓർമയിൽ വന്നത്. എന്റെ മകളും പ്ലസ് ടു വിദ്യാർത്ഥിനിയാണ്. ഒരൊറ്റ വിദ്യാർത്ഥി പോലും ഗതാഗത സൗകര്യം ഇല്ലാത്തതിന്റ പേരിൽ പരീക്ഷ എഴുതാതിരിക്കരുത് എന്ന നിർബന്ധം ഉള്ളതിനാലാണ് നമ്മളും ബോട്ട് ഓടിച്ചത്. ഇത്തരം തീരുമാനങ്ങൾ റിസ്കാണ്. മുൻകാല അനുഭവം അങ്ങനെയാണ്. എങ്കിലും എന്തും വരട്ടെ എന്നു കരുതി. ഇവിടെ ഒരു നോ പറയാൻ വളരെ എളുപ്പമായിരുന്നു. പക്ഷെ അത് ഒരാളുടെ ജീവിതത്തെ മോശമായി ബാധിക്കും എന്ന് തോന്നി. ഇക്കാര്യത്തിൽ ഗതാഗത മന്ത്രിയുടെ അനുകൂല നിലപാടും അനുമതിയും ലഭിച്ചു ," കേരളാ സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട്ട് ഡിപ്പാർട്മെന്റ് (കെ എസ് ഡബ്ല്യൂ ടി ഡി) ഡയറക്ടർ ഷാജി.വി.നായർ ന്യൂസ് 18 മലയാളത്തോടു പറഞ്ഞു.
കോട്ടയം ആലപ്പുഴ ബോട്ട് ചാലിൽ നിന്നും ഏഴു കിലോമീറ്ററോളം ഉള്ളിലായാണ് സാന്ദ്ര താമസിക്കുന്ന എം എം ബ്ലോക്ക്. കൂലിപ്പണിക്കാരായ കോട്ടയം അരീപ്പറമ്പ് സ്വദേശി സാബുവിന്റെയും രാധാമണിയുടെയും മൂത്ത മകളായ സാന്ദ്ര പഠന ആവശ്യത്തിനായി ഇപ്പോൾ താമസിക്കുന്നത് ബന്ധുവായ കൃഷ്ണൻ കാർത്യായനി ദമ്പതികളുടെ വീട്ടിലാണ്. അവിടെ ആകെയുള്ള ഒരേയൊരു കുടുംബമാണ് അവരുടേത്. കർഷക തൊഴിലാളിയായിരുന്ന കൃഷ്ണൻ 45 വർഷം മുമ്പാണ് ആലപ്പുഴ നിന്നും ആർ ബ്ലോക്കിനടുത്തുള്ള എം.എം. ബ്ലോക്കിൽ എത്തിയത്. ഇപ്പോൾ മറ്റു കുടുംബങ്ങൾ എല്ലാം അവിടെ നിന്നും പോയി. TRENDING:Shocking Murder രാത്രി വൈകി വന്ന മകനെ വീട്ടിൽ കയറ്റിയില്ല; അമ്മയെ മകൻ വെട്ടിക്കൊന്നു [NEWS]Lockdown 5.0 FAQ | അഞ്ചാം ഘട്ട ലോക് ഡൗൺ; ഇളവുകളും നിയന്ത്രണങ്ങളും ഇങ്ങനെ [NEWS]Unlock 1 | സ്‌കൂളുകളും കോളേജുകളും എപ്പോൾ തുറക്കും? കേന്ദ്ര തീരുമാനം ഇങ്ങനെ [NEWS]![]()
" പതിവായി യാത്ര ചെയ്യുന്ന കുട്ടിയായതിനാൽ നമുക്ക് ഈ പ്രശ്‍നം അറിയാമായിരുന്നു. ചെറിയ ബോട്ടിൽ സ്കൂളിൽ എത്താൻ ആയിരം രൂപയെങ്കിലും വേണ്ടി വരും. സാധാരണക്കാരായ ആ കുടുംബത്തിന് അത് താങ്ങാൻ കഴിയില്ല.എങ്കിലും ഈ സമയത്ത് അതിനെയെല്ലാം മറികടക്കുന്ന ഒരു തീരുമാനം വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ അതെല്ലാം മറികടക്കാൻ ഷാജി സാർ പ്രത്യേക താല്പര്യമെടുത്തു.ബോട്ടിലെ അഞ്ചു ജീവനക്കാരും അതിനോടു സഹകരിച്ചതിനാൽ രണ്ടു ദിവസവും ഇത് നടത്താനായി, " കെ എസ് ഡബ്ല്യൂ ടി ഡി ആലപ്പുഴ യൂണിറ്റ് ഓഫീസർ സന്തോഷ് കുമാർ പറഞ്ഞു.
അങ്ങനെ ഒരു അടച്ചിടൽ കാലത്ത് പരീക്ഷയ്ക്കു മുമ്പുള്ള വെള്ളത്തിലെ പരീക്ഷണം സാന്ദ്രയ്ക്ക് മറികടക്കാനായി. ജീവിതത്തിലെ വലിയ പരീക്ഷണങ്ങൾക്ക് വഴിയൊരുക്കാനായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.