ഇന്ത്യയുടെ പക്ഷിമനുഷ്യന് (Birdman of India) എന്നറിയപ്പെടുന്ന സാലിം അലിയോടുള്ള (Salim Ali) ആദരസൂചകമായി മഹാരാഷ്ട്രയില്‍ മ്യൂസിയം (Museum) ഒരുങ്ങുന്നു. പ്രശസ്ത ഇന്ത്യന്‍ പക്ഷി ശാസ്ത്രജ്ഞനും (Ornithologist) പ്രകൃതി ശാസ്ത്രജ്ഞനുമായ (Naturalist) സലിം അലിയെ ആദരിക്കാന്‍ മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് മ്യൂസിയം ഒരുങ്ങുന്നത്. രാജ്യം പത്മവിഭൂഷണ്‍ (Padma Vibhushan) നല്കി സാലിം അലിയെ ആദരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും പുതിയ മ്യൂസിയം.
വിനോദ സഞ്ചാരികള്‍ക്ക് ഇന്ത്യയുടെ പക്ഷി മനുഷ്യനെ കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായിക്കുന്നതായിരിക്കും മ്യുസിയം. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മ്യുസിയത്തില്‍ സാലിം അലിയുടെ ജീവിത നേട്ടങ്ങളെക്കുറിച്ചുള്ള ഒരു 3D ഷോയും സംഘടിപ്പിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ കിഹിം ഗ്രാമത്തിലെ റായ്ഗഡ് ജില്ലാ പരിഷത്ത് സ്കൂളിനോട് ചേര്‍ന്നാണ് മ്യുസിയം നിര്‍മിക്കുന്നത്. മ്യുസിയത്തിന്റെ നിര്‍മാണത്തിന്റെ ഭാഗമായി 55 ലക്ഷം രൂപയ്ക്ക് സ്കൂള്‍ കെട്ടിടത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തും. ഒരു കോടി രൂപ മുതല്‍ മുടക്കിയാണ് മ്യുസിയം ഒരുങ്ങുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജില്ലാ ആസൂത്രണ സമിതിയും പ്രാദേശിക ടൂറിസം വകുപ്പും ചേര്‍ന്നാണ് മ്യുസിയം നിര്‍മ്മിക്കുന്നത്.
പക്ഷികളെ ആകര്‍ഷിക്കുന്ന തീരപ്രദേശങ്ങളുള്ള അലിബാഗിന്റെ വടക്കുഭാഗത്താണ് കിഹിം സ്ഥിചെയ്യുന്നത്. അലിബാഗില്‍ ഒരു വര്‍ഷത്തില്‍ തന്നെ നിരവധി പക്ഷി നിരീക്ഷണ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. ദേശാടന പക്ഷികളുടെ സ്വാഭാവിക ആവാസ കേന്ദ്രങ്ങളായ ഇവിടം പ്രതിവര്‍ഷം നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. മ്യുസിയം എത്തുന്നതോടെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പക്ഷികളെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും പഠിക്കാന്‍ പുതിയ അവസരം ലഭിക്കും. ഒപ്പം ധാരാളം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയായി മ്യൂസിയം മാറുമെന്ന്മന്ത്രി അദിതി തത്കരെ പറഞ്ഞു. മ്യൂസിയം ടൂറിസത്തെ പ്രോത്സാഹിപ്പിക്കുമെന്ന് ജില്ലാ അധികൃതര്‍ പറയുന്നു.
1897 ല്‍ ബോംബെയില്‍ ജനിച്ച സാലിം അലി ചെറുപ്പത്തില്‍ തന്നെ പക്ഷി നിരീക്ഷണത്തില്‍ താല്പര്യം കാണിച്ചിരുന്നു.1929 ല്‍ അലി വിദ്യാഭ്യാസത്തിനായി ജര്‍മ്മനിയിലേക്ക് പോയി. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയപ്പോള്‍ ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ ജേണലിന്റെ എഡിറ്ററായി അലി ചുമതലയേറ്റു. ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി ഒരു പാന്‍-ഇന്ത്യന്‍ പരിസ്ഥിതി സംഘടനയാണ്. തന്റെ കുട്ടിക്കാലത്ത് കളിപ്പാട്ട എയര്‍ ഗണ്‍ ഉപയോഗിച്ച് ഒരു കുരുവിയെ വെടിവെച്ച സംഭവം തന്റെ ആത്മകഥയായ 'ദി ഫാള്‍ ഓഫ് എ സ്പാരോ'യില്‍ അലി വിവരിക്കുന്നുണ്ട്. അതിനുശേഷം ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ അന്നത്തെ സെക്രട്ടറി വാള്‍ട്ടര്‍ സാമുവല്‍ മില്ലാര്‍ഡ് ആണ് അലിയെ പക്ഷിശാസ്ത്ര ലോകത്തേക്ക് കൂട്ടികൊണ്ടു പോകുന്നത്. പിന്നീട് ഇന്ത്യയിലുടനീളം പക്ഷി നിരീക്ഷണം നടത്തുന്ന ആദ്യ ഇന്ത്യക്കാരനായി അലി മാറി. തന്റെ 90-ാം വയസ്സില്‍ ബോംബെയില്‍ വെച്ചാണ് 1987 ല്‍ അലി മരിക്കുന്നത്.
Published by:Jayashankar Av
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.