സുഹാസിനി മണിരത്നം കേന്ദ്രകഥാപാത്രമായി വീണ്ടും മലയാളത്തിൽ; 'അഞ്ചാം പ്രമാണം' ആരംഭിച്ചു
- Published by:meera_57
- news18-malayalam
Last Updated:
തറവാട്ടിലെ കേന്ദ്ര കഥാപാത്രമായ ഗ്രേസിയെ സുഹാസിനി അവതരിപ്പിക്കുന്നു. മറ്റൊരു പ്രധാന കഥാപാത്രമായ ആനിയായി കനി കുസൃതി
ഒരിടവേളയ്ക്ക് ശേഷം സുഹാസിനി മണിരത്‌നം മലയാളത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം 'അഞ്ചാം പ്രമാണം' ചിത്രീകരണമാരംഭിച്ചു. ഏപ്രിൽ ആറ് തിങ്കളാഴ്ച്ച കൊടുങ്ങല്ലൂരിനടുത്ത് പൊയ്യയിൽ ആയിരുന്നു ചിത്രീകരണത്തിന് തുടക്കം. സുഹാസിനി മണിരത്‌നം ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ആരംഭം കുറിച്ചത്. ജയ് ദേവ് സംവിധാനം ചെയ്യുന്ന ചിത്രം റൂബി എൻഡവർ നിർമിക്കുന്നു.
ഫാദർ സജി ജോർജ് വട്ടക്കുഴിയാണ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്. സുഹാസിനി മണിരത്‌നം ഫസ്റ്റ് ക്ലാപ്പും നൽകി. സൈക്കോളജി ത്രില്ലർ ജോണറിൽ ഒരുക്കുന്ന ചിത്രം 1980 കാലഘട്ടങ്ങളിലെ പുരാതനവും, സമ്പത്തും, പ്രതാപം നിറഞ്ഞതുമായ ഒരു സുറിയാനി ക്രിസ്റ്റ്യൻ കുടുംബത്തിൻ്റെ കഥ പറയുന്നു.
കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, മൂല്യങ്ങളുടെ വിശ്വാസ്യതയും മുറുകെപ്പിടിക്കുന്ന ഒരു കുടുംബത്തിൽ പലപ്പോഴും സ്ത്രീ കഥാപാത്രങ്ങൾ അപ്രസക്‌തരാണ്. ഇവിടെ അത്തരമൊരു സാഹചര്യവും അതിനിടയിലൂടെ അരങ്ങേറുന്ന ചില അപ്രതീക്ഷിത വഴിത്തിരിവുകളുമാണ് അഞ്ചാം പ്രമാണമെന്ന ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.
advertisement
തികച്ചും റിയലിസ്റ്റിക്കായ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ചിത്രത്തിൻ്റെ അവതരണം. തറവാട്ടിലെ കേന്ദ്ര കഥാപാത്രമായ ഗ്രേസിയെ സുഹാസിനി അവതരിപ്പിക്കുന്നു. മറ്റൊരു പ്രധാന കഥാപാത്രമായ ആനിയെ കനി കുസൃതിയും അവതരിപ്പിക്കുന്നു.
രൺജി പണിക്കർ, നിമിഷ എലിസബത്ത് ഡീൻ, ഷെബിൻ ബെൻസൺ, വിനയ് മേനോൻ, അഖില നാഥ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഷൈനി ആൻ്റണിയാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം- സൂരജ് എസ്. കുറുപ്പ്, ഛായാഗ്രഹണം - സിൻ്റോ പൊടുത്താസ്, എഡിറ്റിംഗ് -ബീന പോൾ, കലാസംവിധാനം- അപ്പുണ്ണി സാജൻ, മേക്കപ്പ് - വിൻസി, കോസ്റ്റ്യും ഡിസൈൻ- മഞ്ജുഷ രാധാകൃഷ്ണൻ, സ്റ്റിൽസ്- അജി മസ്ക്കറ്റ്, ഫിനാൻസ് കൺട്രോളർ- അനിൽ ആമ്പല്ലൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ആദർശ് ജി. നായർ, കോ - ഡയറക്ടർ - മിരിയം ചാണ്ടി, പ്രൊഡക്ഷൻ മാനേജർ - ജെറി വിൻസൻ്റ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അസ്മീർ നേമം, പ്രൊഡക്‌ഷൻ കൺട്രോളർ - രാജേഷ് മേനോൻ.
advertisement
കൊടുങ്ങല്ലൂരും തൊടുപുഴയിലുമായി ചിത്രീകരണം പൂർത്തിയാകും.
അഞ്ചാം പ്രമാണത്തിലെ സ്ത്രീപക്ഷ പ്രാധാന്യം
അഞ്ചാം പ്രമാണത്തിൽ സ്ത്രീ പ്രാധാന്യം കൂടുതലാണ്. സുഹാസിനി, കനി കുസൃതി തുടങ്ങിയ താരങ്ങൾക്കൊപ്പം ബോളിവുഡിൽ നിന്നും നിമിഷ എലിസബത്ത് ഡീൻ എന്ന നടിയും ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നിമിഷയുടെ മലയാളത്തിലേക്കുള്ള കടന്നുവരവു കൂടിയാണ് ഇത്.
ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ നിന്നും ആക്റ്റിംഗിൽ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുള്ള നിമിഷ അഭിനയ രംഗത്ത് നാന്ദി കുറിക്കുന്നത് ബോളിവുഡിലാണ്. ബോളിവുഡിലെ പ്രശസ്‌ത നടനായിരുന്ന സുഷാന്ത് സിംഗ് രജ്പുത് നായകനായി അഭിനയിച്ച 'ദിൽ ബോച്ചാരാ' എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. അതിനു ശേഷം ആദ്യമായി മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണ് 'അഞ്ചാം പ്രമാണം'.
advertisement
തിരക്കഥാകൃത്ത് ഷൈനി ആൻ്റണി മാധ്യമ പ്രവർത്തകയും, നോവലിസ്റ്റുമാണ്. കഥ കോമൺവെൽത്ത് പുരസ്ക്കാരത്തിന് അർഹയാമാവുകയും ചെയ്തിട്ടുണ്ട്.
കോ-ഡയറക്ടർ - മിരിയം ചാണ്ടി 2024ലെ ദേശീയ പുരസ്‌കാര മത്സരത്തിൽ നോൺ ഫീച്ചർ ഫിലിം രംഗത്ത് മികച്ച സംവിധായികക്കുള്ള പുരസ്‌ക്കാരത്തിന് അർഹയായതാണ്. എഡിറ്റർ ബീനാ പോളും നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.
മേക്കപ്പ് - വിൻസി, കോസ്റ്റ്യും ഡിസൈൻ - മഞ്ജുഷ രാധാകൃഷ്ണൻ എന്നിവർ സിനിമയുടെ മുൻനിരയിലെ പ്രധാനികളാണ്. ഇത്തരത്തിൽ നിരവധി പുരസ്‌കാര ജേതാക്കളുടെ സംഗമം കൂടിയാണ് ഈ ചിത്രം . ഇത്രയും സ്ത്രീസാന്നിദ്ധ്യം ചിത്രത്തെ ഒരു സ്ത്രീപക്ഷ സിനിമയായും വിശേഷിപ്പിക്കാം. പി.ആർ.ഒ.- വാഴൂർ ജോസ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Apr 07, 2026 10:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
സുഹാസിനി മണിരത്നം കേന്ദ്രകഥാപാത്രമായി വീണ്ടും മലയാളത്തിൽ; 'അഞ്ചാം പ്രമാണം' ആരംഭിച്ചു








