രാത്രി ഷിഫ്റ്റ് ഇഷ്ടപ്പെടാത്ത നഴ്സ് വധശിക്ഷയ്ക്ക് നല്‍കുന്ന മരുന്ന് കുത്തിവെച്ച് 10 പേരെ കൊലപ്പെടുത്തി
- Published by:meera_57
- news18-malayalam
Last Updated:
നഴ്‌സിന് വ്യക്തിത്വ വൈകല്യമുണ്ടെന്നും രോഗികളോട് അനുകമ്പയില്ലെന്നും പ്രോസിക്യൂട്ടർമാർ കോടതിയിൽ വാദിച്ചു
രാത്രി ഷിഫ്റ്റ് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് വൃദ്ധരായ പത്ത് രോഗികളെ വധശിക്ഷയ്ക്കുപയോഗിക്കുന്ന മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയ നഴ്‌സിന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജർമനിയിലെ പടിഞ്ഞാറൻ നഗരമായ ആച്ചനിനടുത്തുള്ള വൂർസെലനിൽ പ്രവർത്തിക്കുന്ന ഒരു ആശുപത്രിയിലാണ് സംഭവം. പാലിയേറ്റീവ് കെയർ വിഭാഗത്തിൽ ജോലി ചെയ്യുന്ന നഴ്‌സിന് തന്റെ ജോലി ഇഷ്ടമായിരുന്നില്ല. കൂടാതെ, പ്രായമായ രോഗികളെ പരിചരിക്കാനും താത്പര്യമുണ്ടായിരുന്നില്ല. ഇതാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചത്. 44 വയസ്സുള്ള ഇയാൾ 27 പേരെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. അതിൽ 10 പേർ കൊല്ലപ്പെട്ടു. പരിചരിക്കാൻ ഏൽപ്പിച്ച രോഗികളെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നതാണ് ഇയാൾക്കെതിരേ ചാർത്തിയ കുറ്റം. ആച്ചനിലെ ഒരു കോടതിയാണ് ഇയാൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. നഴ്സിന്റെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
2023 ഡിസംബർ മുതൽ 2024 മേയ് വരെയാണ് ഇയാൾ കുറ്റകൃത്യം ചെയ്തത്. ഇയാൾ രാത്രി ഷിഫ്റ്റുകളിൽ വിശ്രമിക്കാൻ ആഗ്രഹിച്ചിരുന്നതായും തുടർന്ന് പ്രായമായ രോഗികൾക്ക് മാരകമായ അളവിൽ മയക്കാനുള്ള മരുന്ന് അല്ലെങ്കിൽ വേദനസംഹാരികൾ നൽകുകയായിരുന്നുവെന്നും കണ്ടെത്തി.
പേശികൾ അയവുവരുത്താൻ ഉപയോഗിക്കുന്ന മോർഫിൻ, മിഡാസോലം എന്നിവയാണ് കുത്തിവയ്പ്പായി രോഗികൾക്ക് നഴ്‌സ് നൽകിയത്. അമേരിക്കയിൽ വധശിക്ഷയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണിത്. നഴ്‌സിന് വ്യക്തിത്വ വൈകല്യമുണ്ടെന്നും രോഗികളോട് അനുകമ്പയില്ലെന്നും പ്രോസിക്യൂട്ടർമാർ കോടതിയിൽ വാദിച്ചു. ഇക്കഴിഞ്ഞ മാർച്ചിലാണ് കേസിൽ വിചാരണ ആരംഭിച്ചത്. അതേസമയം, വിചാരണ കാലയളവിൽ ഇയാൾ തന്റെ പ്രവൃത്തികളിൽ യാതൊരുവിധത്തിലുള്ള പശ്ചാത്താപവും പ്രകടിപ്പിച്ചില്ല. ജോലിയിൽ യാതൊരു താത്പര്യവുമില്ലാതെയാണ് ഇയാൾ പ്രവർത്തിച്ചതെന്നും പ്രോസിക്യൂട്ടർമാർ കൂട്ടിച്ചേർത്തു. കൂടുതൽ പരിചരണം ആവശ്യമുള്ള രോഗികളോട് നഴ്‌സിന് യാതൊരുവിധത്തിലുമുള്ള സഹാനുഭൂതിയും ഇല്ലായിരുന്നുവെന്നും അവരെ പരിചരിക്കുന്നതിൽ അസ്വസ്ഥത പ്രകടിച്ചതായും പ്രോസിക്യൂട്ടർമാർ വാദിച്ചു. മരണപ്പെട്ട കൂടുതൽ രോഗികളുടെ മൃതദേഹം കുഴിച്ചെടുത്ത് പരിശോധന നടത്തുന്നുണ്ട്. തുടർന്ന് ഇയാളെ വീണ്ടും വിചാരണയ്ക്ക് വിധേയമാക്കിയേക്കുമെന്ന് റിപ്പോർട്ടുണ്ട്.
advertisement
2007ലാണ് ഇയാൾ നഴ്സിംഗ് പരിശീലനം പൂർത്തിയാക്കിയത്. വ്യത്യസ്ത ഇടങ്ങളിൽ ജോലി ചെയ്തതിന് ശേഷമാണ് വുർസെലൻ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. ആധുനിക ജർമനിയിലെ ഏറ്റവും വലിയ സീരിയൽ കില്ലർ എന്ന് അറിയപ്പെടുന്ന മറ്റൊരു ജർമൻ നഴ്‌സിനെക്കുറിച്ചുള്ള ഓർപ്പെടുത്തലായി ഈ സംഭവം. നീൽസ് ഹോഗൽ എന്നറിയപ്പെടുന്ന നഴ്‌സ് 2000നും 2005നും ഇടയിൽ 85 രോഗികളെയാണ് മരുന്നുകുത്തിവെച്ച് കൊലപ്പെടുത്തിയത്. അയാൾക്ക് കടുത്ത 'നാർസിസിസ്റ്റിക് ഡിസോഡർ' എന്ന രോഗം ബാധിച്ചിരുന്നതായി സെക്യാട്രിസ്റ്റുകൾ പറഞ്ഞിരുന്നു. 2021നും 2024നും ഇടയിൽ 15 രോഗികളെ കൊലപ്പെടുത്തിയ 40കാരനായ പാലിയേറ്റീവ് കെയർ സ്പെഷ്യലിസ്റ്റ് ജോഹാന്നസ് എമ്മും ജർമനിയിൽ വിചാരണ നേരിട്ടിരുന്നു. താൻ ചെയ്ത കുറ്റകൃത്യം മറച്ചുവയ്ക്കുന്നതിന് ഇയാൾ കൊലപ്പെടുത്തിയ അഞ്ച് പേരുടെ വീടുകൾക്ക് തീയിട്ടതും വാർത്തയായിരുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 06, 2025 5:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
രാത്രി ഷിഫ്റ്റ് ഇഷ്ടപ്പെടാത്ത നഴ്സ് വധശിക്ഷയ്ക്ക് നല്‍കുന്ന മരുന്ന് കുത്തിവെച്ച് 10 പേരെ കൊലപ്പെടുത്തി


