നെസ്‌ലെ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ജനരോക്ഷം ശക്തം; അമിത അളവിലുള്ള പഞ്ചസാര കുഞ്ഞുങ്ങള്‍ക്ക് ദോഷകരമാകുന്നത് എങ്ങനെ?
- Published by:meera_57
- news18-malayalam
Last Updated:
പരാതികള്‍ വ്യാപകമായതോടെ നിരവധി പേര്‍ നെസ്‌ലെയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു
കുഞ്ഞുങ്ങള്‍ക്കായി നെസ്‌ലെ പുറത്തിറക്കുന്ന ഉല്‍പ്പന്നങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്ന ഉല്‍പ്പന്നങ്ങളിലാണ് പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയത്. എന്നാല്‍ യൂറോപ്പില്‍ വിതരണം ചെയ്ത ഉല്‍പ്പന്നങ്ങളെപ്പറ്റി ഈ പരാതിയുയര്‍ന്നിട്ടില്ല. പരാതികള്‍ വ്യാപകമായതോടെ നിരവധി പേര്‍ നെസ്‌ലെയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു.
നെസ്‌ലെ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
വികസ്വര രാജ്യങ്ങളില്‍ വില്‍ക്കുന്ന നെസ്‌ലെയുടെ ബേബി പ്രോഡക്ടുകളിലാണ് അമിത അളവില്‍ പഞ്ചസാര കണ്ടെത്തിയത്. നെസ്‌ലെ നിര്‍മ്മിച്ച് വിവിധ രാജ്യങ്ങളില്‍ വില്‍ക്കുന്ന കുഞ്ഞുങ്ങള്‍ക്കായുള്ള 150 ലധികം ഉല്‍പ്പന്നങ്ങള്‍ ബെല്‍ജിയന്‍ ലാബോറട്ടറിയില്‍ പരിശോധിച്ചിരുന്നു.
'How Nestle gets children hooked on sugar in lower-income countries' എന്ന തലക്കെട്ടില്‍ സ്വിറ്റ്‌സര്‍ലാന്റിലെ എന്‍ജിഒ ആയ പബ്ലിക് ഐയും ഇന്റര്‍നാഷണല്‍ ഫുഡ് ആക്ഷന്‍ നെറ്റ് വര്‍ക്കും പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
advertisement
ആറ് മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് നല്‍കിവരുന്ന സെര്‍ലാകിന്റെ 15 ഉല്‍പ്പന്നങ്ങളില്‍ 2.7 ഗ്രാം അളവില്‍ അമിതമായി പഞ്ചസാര ചേര്‍ത്തിരിക്കുന്നതായി കണ്ടെത്തി. ഇന്ത്യയില്‍ വില്‍ക്കുന്ന ഉല്‍പ്പന്നത്തിലാണ് ഇത്തരത്തില്‍ അമിത അളവില്‍ പഞ്ചസാര കണ്ടെത്തിയത്. എന്നാല്‍ യുകെയിലും ജര്‍മ്മനിയിലും വില്‍ക്കുന്ന ഈ ഉല്‍പ്പന്നങ്ങളില്‍ അമിത അളവില്‍ പഞ്ചസാരയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുമില്ല. നെസ്‌ലെയുടെ ആസ്ഥാനമായ സ്വിറ്റ്സർലൻഡിലും ഉത്പന്നങ്ങളിൽ അധികമായി പഞ്ചസാര ചേർത്തിട്ടുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
നെസ്‌ലെ ഇന്ത്യയുടെ പ്രതികരണം
വിവാദങ്ങള്‍ വ്യാപകമാകുന്നതിനിടെ വിഷയത്തില്‍ പ്രതികരിച്ച് നെസ്‌ലെയുടെ ഇന്ത്യാ ഘടകം രംഗത്തെത്തി. കുഞ്ഞുങ്ങള്‍ക്കായുള്ള ഉല്‍പ്പന്നങ്ങളിലെ പഞ്ചസാരയുടെ അളവ് 30 ശതമാനത്തോളം കുറച്ചുവെന്ന് നെസ്‌ലെ ഇന്ത്യ പറഞ്ഞു. തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ലെന്നും കമ്പനി പ്രതികരിച്ചു. 2022ല്‍ ഇന്ത്യയില്‍ 20000 കോടിയുടെ സെര്‍ലാക് ഉല്‍പ്പന്നങ്ങള്‍ നെസ്‌ലെ വിറ്റഴിച്ചുവെന്നും ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
advertisement
അമിത അളവിലെ പഞ്ചസാര കുട്ടികളില്‍ എങ്ങനെയാണ് ദോഷകരമാകുന്നത്?
നവജാത ശിശുക്കള്‍ക്ക് പഞ്ചസാര നല്‍കാന്‍ പാടില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. രണ്ട് വയസ്സുവരെ കുട്ടികളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും ആവശ്യമായ കലോറിയും പോഷാകവും അടങ്ങിയ ആഹാരവുമാണ് അവര്‍ക്ക് നല്‍കേണ്ടത്.
അമിത അളവില്‍ പഞ്ചസാര ചേര്‍ന്ന ഭക്ഷണത്തില്‍ കലോറി കൂടുതലായിരിക്കും. എന്നാല്‍ അവയില്‍ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷക ഘടകങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരിക്കില്ല.
"അമിത അളവില്‍ പഞ്ചസാര കഴിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കുട്ടിക്കാലത്ത് തന്നെ അമിതവണ്ണം, ഹൃദയസംബന്ധമായ രോഗങ്ങള്‍, പല്ലിന്റെ ആരോഗ്യം ഇല്ലാതാകുക എന്നിവ കുട്ടികളില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്," എന്ന് വിദഗ്ധ റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
രണ്ട് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് അമിത അളവില്‍ പഞ്ചസാര ചേര്‍ത്ത ഭക്ഷണം നല്‍കാന്‍ പാടില്ലെന്ന് യുഎസിലെ വിദഗ്ധരും പറഞ്ഞിരുന്നു.
"കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ അമിത അളവില്‍ പഞ്ചസാര ചേര്‍ക്കുന്നത് ഒഴിവാക്കണം. പഞ്ചസാരയോട് ആസക്തി തോന്നാന്‍ കുഞ്ഞുങ്ങളെ ഇത് പ്രേരിപ്പിക്കും. ഇത് അവരുടെ മുന്നോട്ടുള്ള ആരോഗ്യത്തെ ദോഷകരമായി ബാധിക്കും," എന്ന് എപ്പിഡെമിയോളജിസ്റ്റും ബ്രസീലിലെ ഫെഡറല്‍ യൂണിവേഴ്സിറ്റി ഓഫ് പരൈബയിലെ ന്യൂട്രീഷന്‍ വിഭാഗത്തിലെ പ്രൊഫസറുമായ റോഡ്രിഗോ വിയന്ന പബ്ലിക് ഐയോട് പറഞ്ഞു. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പഞ്ചസാരയോ ഉപ്പോ അമിതമായി നല്‍കാന്‍ പാടില്ലെന്നാണ് ബ്രസ്റ്റ്ഫീഡിംഗ് പ്രമോഷന്‍ നെറ്റ് വര്‍ക്ക് ഓഫ് ഇന്ത്യ വക്താവ് അരുണ്‍ ഗുപ്ത പറയുന്നത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 20, 2024 3:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
നെസ്‌ലെ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ജനരോക്ഷം ശക്തം; അമിത അളവിലുള്ള പഞ്ചസാര കുഞ്ഞുങ്ങള്‍ക്ക് ദോഷകരമാകുന്നത് എങ്ങനെ?