Ramayana Masam 2020 | ഇനിയൊരു സ്വപ്നമുണ്ട് ആർട്ടിസ്റ്റ് നമ്പൂതിരിക്ക്; രാമായണം മണ്ണിൽ ചെയ്യണം
- Published by:Rajesh V
- news18-malayalam
Last Updated:
പെട്ടെന്ന് ചിത്രകാരൻ ഞങ്ങൾക്കു മുന്നിലിരുന്ന് വരച്ചു. ആദ്യം രാമൻ. പിന്നെ ഭക്ത ഹനുമാനൊപ്പം. നിമിഷം കൊണ്ട് വാൽസല്യത്തിന്റെ വരകൾ.
കർക്കടക സംക്രാന്തിക്കായിരുന്നു ആ യാത്ര. എടപ്പാൾ നടുവട്ടത്തേക്ക് പോകുമ്പോൾ എം ടി പണ്ടുനടത്തിയ ഒരു യാത്രയുടെ കഥയായിരുന്നു മനസ്സിൽ. ചിത്രകാരൻ നമ്പൂതിരിയെ കാണുന്നതിനു മുൻപ് ആ വിരൽ കൊണ്ടു വരച്ച രാമായണം കാണാൻ എം ടി നടത്തിയ യാത്ര.
പൂമുള്ളി മനയിൽ വാസുദേവൻ എന്ന ചിത്രകാരൻ രാമായണം വരച്ചിട്ടുണ്ടെന്നു കേട്ട് കാണാൻ പോയതാണ് എം.ടി. നമ്പൂതിരിയുടെ നവതിക്ക് എഴുതിയ കുറിപ്പിലാണ് ആ കഥ പറഞ്ഞത്. ചിത്രകാരനെ കാണാൻ കഴിഞ്ഞില്ലെങ്കിലും ചിത്രത്തെ മനസ്സിൽ കൂട്ടി മടങ്ങി എന്നാണ് എം ടി എഴുതിയത്.
മുറ്റത്ത് കർക്കടകച്ചാറ്റലിൽ നനഞ്ഞു നിൽക്കുന്നുണ്ട് മണ്ണിൽ തീർത്ത പെൺ രൂപം. പായൽ പോലും കയറുന്നത് ശിൽപ്പിയുടെ മനസ്സറിഞ്ഞെന്നു തോന്നും. കൺകെട്ടിയ ഗാന്ധാരിയെ ഏറെ വരച്ചിട്ടുള്ളയാൾ മുഖാവരണം അണിഞ്ഞു വന്നു. വാൽസല്യത്തോടെ ആദ്യം എം ടി പറഞ്ഞ കഥയിലേക്ക്.
advertisement
''മദ്രാസിൽ നിന്ന് ചിത്രകല പഠിച്ചു വന്ന ശേഷമാണ്. പൂമുള്ളി മനയിൽ നവരാത്രി സംഗീതോൽസവം. പന്തൽ അലങ്കരിക്കാനാണ് രാമായണം വരയ്ക്കാം എന്നു തോന്നിയത്. സംഗീതോൽസവ സദസ്സിന്റെ ചുമരായിരുന്നു ക്യാൻവാസ്. അതു പെട്ടെന്നു ചർച്ചയായി. പാടാൻ വന്നവർ പറഞ്ഞു കേട്ടാണ് എം ടി അതു കാണാൻ വന്നത്. "

ശിവകാശി ചിത്രങ്ങളിലെ രാമ ലക്ഷ്മണന്മാരെ മാറ്റി വരയ്ക്കുകയായിരുന്നു നമ്പൂതിരി. നമ്പൂതിരിയുടെ തെളിച്ചമുള്ള വരകൾ എഴുത്തച്ഛന്റെ തേനിറ്റുന്ന മലയാളത്തിലുള്ള കിളിപ്പാട്ടിനൊപ്പം വേഗം പ്രശസ്തമായി. അഷിതയുടെ രാമായണം കുട്ടികൾക്ക് എന്ന പുസ്തകത്തിൽ നമ്പൂതിരി വരയുടെ ഇതിഹാസം തീർത്തു. വരച്ചു ശീലിച്ച രാമനും ലക്ഷ്മണനും രാവണനും അവിടെ ഭാവം മാറി; രൂപവും.
advertisement
പെട്ടെന്ന് ചിത്രകാരൻ ഞങ്ങൾക്കു മുന്നിലിരുന്ന് വരച്ചു. ആദ്യം രാമൻ. പിന്നെ ഭക്ത ഹനുമാനൊപ്പം. നിമിഷം കൊണ്ട് വാൽസല്യത്തിന്റെ വരകൾ.
രാമായണം ചെമ്പ് തകിടിൽ തീർത്ത ഓർമകൾ പങ്ക് വെക്കുന്നതിനിടെ ചിത്രകാരൻ പതിയെ പറഞ്ഞു, ഒരു ശിൽപിയുടെ സ്വപ്നം. "എനിക്ക് ഇനി രാമായണം മുഴുവൻ ചെയ്യണം. മണ്ണിൽ വേണം. കോംപൗണ്ട് കൊണ്ട് അത് പൊതിയണം. "
advertisement
ശിൽപ്പി മുറ്റത്തേക്ക് കൈ ചൂണ്ടി. അവിടെ നനഞ്ഞു നിൽക്കുന്ന മൺ രൂപം പോലെ. എന്ന് പറയുമ്പോൾ ക്യാമറാമാൻ അഖിൽ ഓട്ടുപാറ ആ ദൃശ്യം പകർത്തുകയായിരുന്നു.
പറഞ്ഞു പറഞ്ഞു തീരുന്നില്ല കാലവും കഥകളും. ഓരോ നിമിഷവും പിറവിയെടുക്കുന്ന പുഴ പോലെ ഓരോ തവണയും ഈ വന്ദ്യ കലാകാരൻ രാമായണം തുറക്കുമ്പോഴും ആസ്വാദകന് മുമ്പിൽ തെളിയുന്ന കാഴ്ചകൾ നവ്യമാകുന്നു, വ്യതിരിക്തമാകുന്നു. നവതിയുടെ തഴക്കം നിറഞ്ഞ ആ ചിന്തകളെ നമിച്ച് ഞങ്ങൾ രാമായണ മാസത്തിലേക്ക് ഇറങ്ങി.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 20, 2020 7:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Ramayana Masam 2020 | ഇനിയൊരു സ്വപ്നമുണ്ട് ആർട്ടിസ്റ്റ് നമ്പൂതിരിക്ക്; രാമായണം മണ്ണിൽ ചെയ്യണം