Ramayana Masam 2020 | നീർവേലിയിലെ ഉഗ്രരൂപിയായ ശ്രീരാമസ്വാമി; പ്രതിഷ്ഠയിലും ആരാധനാ സങ്കല്‍പത്തിലും വ്യത്യസ്തം
- Published by:Naseeba TC
- news18-malayalam
Last Updated:
നാലുപാടും നീരൊഴുക്കുകളാല്‍ വേലി തീര്‍ക്കുന്ന നീര്‍വേലിയുടെ ജലാധിപനാണ് ഉഗ്രരൂപിയായി ശ്രീരാമ സങ്കല്‍പം.
കണ്ണൂർ: നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം പ്രതിഷ്ഠയിലും ആരാധനാ സങ്കല്‍പത്തിലും ഏറെ വ്യത്യസ്തമാണ്. വടക്കന്‍മലബാറിലെ നാലമ്പല ദര്‍ശനത്തിന്റെ തുടക്കം ഇവിടെ നിന്നാണ്. സൗമ്യഭാവത്തിലുള്ള ശ്രീരാമനെയാണ് എല്ലായിടത്തും ആരാധിക്കുന്നത്. എന്നാല്‍ നീർവേലിയിൽ ശ്രീരാമന്‍ അതിരൗദ്രഭാവത്തിലാണ്. ജലമാണ് ഇവിടെ വിശ്വാസത്തിന്റെ അതിര്.
നാലുപാടും നീരൊഴുക്കുകളാല്‍ വേലി തീര്‍ക്കുന്ന നീര്‍വേലിയുടെ ജലാധിപനാണ് ഉഗ്രരൂപിയായി ശ്രീരാമ സങ്കല്‍പം. രാമായണത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു കഥാസന്ദര്‍ഭമാണ് നിര്‍വേലിയിലെ പ്രതിഷ്ഠയ്ക്ക് പിന്നിൽ. സ്വര്‍ണമാനായി വന്ന് സീതയെ മോഹിപ്പിച്ച മരീചനെ വധിച്ചു നില്‍ക്കുന്ന അതിരൗദ്രഭാവത്തിലുള്ള രാമനെയാണ് ഇവിടെ ആരാധിക്കുന്നത്.

നീര്‍വേലി ശ്രീരാമക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നാണ് വിശ്വാസം. "നാലു പതിറ്റാണ്ട് മുമ്പ് വരെ ഓലമേഞ്ഞ് മേല്‍ക്കുരയുമായി പരിതാപകരമായ അവസ്ഥയിലായിരുന്നു ക്ഷേത്രം. പിന്നീട് നാട്ടുക്കാര്‍ മുന്‍കൈ എടുത്താണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് , " പ്രദേശവാസിയായ പി കെ ദാമോദരൻ പറയുന്നു.
advertisement

മകരത്തിലെ അശ്വതിയിലാണ് ഉല്‍സവം. മേടത്തിലെ രോഹിണി പ്രതിഷ്ഠാദിനവും. നീർവേലി ശ്രീരാമ ക്ഷേത്രത്തിലെ ഉപദേവനായ അയ്യപ്പന്റെ സ്ഥാനം വടക്കു കിഴക്കു മാറി കുന്നിൻ ചെരുവിലാണ്. ക്ഷേത്രത്തിനു പുറകിലായി ചുറ്റുമതിലോടു കൂടിയ നാഗ സ്ഥാനവുമുണ്ട്. കേരളത്തിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന പാതാള നാഗ പ്രതിഷ്ഠയാണ് ഇവിടത്തേത്.
"കുംഭമാസത്തിലെ ആയില്യം നക്ഷത്രത്തിൽ രാത്രി നാഗ സ്ഥാനത്ത് നടക്കുന്ന ഗൂഡപൂജ പ്രസിദ്ധമാണ്. സന്താനഭാഗ്യത്തിന്നും ആരോഗ്യത്തിനും പൂജ ശ്രേഷ്ഠമാണെന്നാണ് സങ്കല്പം " ക്ഷേത്ര ഭാരവാഹി വിവി ഭാസ്ക്കരൻ വ്യക്തമാക്കുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 24, 2020 8:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Ramayana Masam 2020 | നീർവേലിയിലെ ഉഗ്രരൂപിയായ ശ്രീരാമസ്വാമി; പ്രതിഷ്ഠയിലും ആരാധനാ സങ്കല്‍പത്തിലും വ്യത്യസ്തം