ലണ്ടന്‍: ബ്രിട്ടീഷ് ഭാഷാ പണ്ഡിതനും ദ്രവീഡിയന്‍ ഭാഷാധ്യാപകനുമായ പ്രൊഫ. ആര് ഇ ആഷര്‍ അന്തരിച്ചു. 96 വയസായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികള്‍ ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തിയതിലൂടെയാണ് റൊണാള്‍ഡ് ആഷര്‍ മലയാളികൾക്കിടയിൽ പ്രശസ്തനായത്. സ്കോട്ലന്‍ഡിലെ എഡിന്‍ബറോയിലായിരുന്നു അന്ത്യം. മകന് ഡേവിഡ് ആഷര്‍ ആണ് മരണവിവരം അറിയിച്ചത്.
ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പാത്തുമ്മയുടെ ആട് എന്നീ ബഷീര്‍ കൃതികളും തകഴിയുടെ തോട്ടിയുടെ മകന്, മുട്ടത്തുവര്‍ക്കിയുടെ ഇവിള് സ്പിരിറ്റ്, കെ പി രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ എന്നിവയും ആഷര്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പിഎച്ച്ഡി നേടിയ ആഷര്‍, ദ്രവീഡിയന്‍ ഭാഷാ ഗവേഷണത്തിന് നാലുവര്‍ഷം ഇന്ത്യ, പാകിസ്ഥാന് , ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ ചെലവഴിച്ചു. 1968ല്‍ മിഷിഗന്‍ യൂണിവേഴ്സിറ്റി, 1995ല്‍ കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി എന്നിവയില്‍ മലയാളം വിസിറ്റിംഗ് പ്രൊഫസര്‍ ആയിരുന്നു. റോയല്‍ ഏഷ്യറ്റിക് സൊസൈറ്റി ഫെലോ, സാഹിത്യ അക്കാദമി ഹോണററി അംഗം തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചു.
Also Read- കീടനാശിനി ഉണ്ടെന്ന് കണ്ടെത്തിയ ഏലക്ക ഉപയോഗിച്ച് നിർമ്മിച്ച അരവണ വിതരണം നിർത്തിവെക്കാൻ ഹൈക്കോടതി
മലയാളവും തമിഴുമുള്‍പ്പെടെയുള്ള ദ്രാവിഡഭാഷകളെപ്പറ്റി പഠിക്കാനുള്ള താല്പര്യമാണ് ദക്ഷിണേന്ത്യയുമായി പ്രൊഫ. ആഷറെ ബന്ധപ്പെടുത്തിയത്. വൈക്കം മുഹമ്മദ് ബഷീറിന്റെ വായ്മൊഴി സ്വഭാവമുള്ള കഥകളെ അനായാസമായി അദ്ദേഹം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു. ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷണറിക്ക് അലിക്കത്ത്, കാച്ചി, തട്ടം തുടങ്ങി അറുപതോളം മലബാര്‍ പദങ്ങള്‍ സംഭാവന നല്കിയതും പ്രൊഫ.ആഷറിന്റെ ഉത്സാഹം നിമിത്തമായിരുന്നു.
ഇംഗ്ലണ്ടിലെ നോട്ടിങ്ഹാംഷയറില്‍ ജനിച്ച പ്രൊഫ. ആഷര്‍ കിങ് എഡ്വാര്‍ഡ് ഗ്രാമര്‍ സ്കൂളിലാണ് പഠിച്ചത്. ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ഫെനറ്റിക്സില്‍ ഉന്നതപഠനം നേടി. ഫ്രഞ്ച് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടി. ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ സ്കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആപ്രിക്കന് സ്റ്റഡീസില്‍ അധ്യാപകജീവിതമാരംഭിച്ചു. തമിഴ് ഭാഷയിലാണ് ആദ്യത്തെ ഭാഷാപഠനഗവേഷണം അദ്ദേഹം ആരംഭിക്കുന്നത്. തമിഴില്‍ നിന്നാണ് മലയാളഭാഷയോടുള്ള താല്പര്യം അദ്ദേഹത്തിനുണ്ടാവുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.