ബറേലി: മുസ്ലിം സ്ത്രീകള്‍ സിന്ദൂരവും പൊട്ടും ധരിക്കുന്നതിനെതിരെ ഓള് ഇന്ത്യ മുസ്ലിം ജമാഅത്ത് (എഐഎംജെ) ഫത്വ പുറപ്പെടുവിച്ചു. സംഘടനാ അധ്യക്ഷനും മുസ്ലിം പണ്ഡിതനുമായ മൗലാന ഷഹാബുദ്ദിന് റസ്വി ബാറേല്‍വിയാണ് ഫത്വ പുറപ്പെടുവിച്ചത്.
മുസ്ലീമല്ലാത്ത യുവാക്കളെ വിവാഹം കഴിച്ച ശേഷം സിന്ദൂരവും പൊട്ടും ധരിക്കുന്ന മുസ്ലിം സ്ത്രീകള്‍ക്കെതിരെയാണ് ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് ഇസ്ലാം മത തത്വങ്ങള്‍ക്ക് എതിരാണെന്നും ബാറേൽവി വ്യക്തമാക്കി.
മറ്റ് മത ചിഹ്നങ്ങള്‍ മുസ്ലിം സ്ത്രീകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ശരിയത്ത് നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്. അത്തരം പ്രവൃത്തികള്‍ ചെയ്യുന്ന സ്ത്രീകള്‍ ഇസ്ലാം തത്വത്തിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത് എന്നും പറയുന്നു.
ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ മതമാറ്റം നിരോധിക്കുന്ന നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ മതം വെളിപ്പെടുത്താതെ പലരും ഇതര മതസ്ഥരെ വിവാഹം കഴിക്കുന്ന സംഭവങ്ങള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. മറ്റ് മതത്തിൽപ്പെട്ട സ്ത്രീകളെ ഇസ്ലാം മതത്തിലെ യുവാക്കള്‍ പ്രണയം നടിച്ച് വിവാഹം ചെയ്യുന്ന എന്ന ആരോപണവും ഇപ്പോള്‍ നിലനില്ക്കുന്നു. അത്തരം വിവാഹങ്ങള്‍ നിയമവിരുദ്ധമാണെന്നും എഐഎംജെ അധ്യക്ഷന്‍ പറഞ്ഞു.
എന്ത് അടിസ്ഥാനത്തിലാണ് ഫത്വ പുറത്തിറക്കിയത് എന്നതിനും എഐഎംജെ വിശദീകരണം നല്കി. ”മുസ്ലിം മതസ്ഥരായ യുവജനത തങ്ങളുടെ ഐഡന്റിറ്റി മറച്ചുവെച്ച് നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുകയും ഹിന്ദു പേരുകള്‍ സ്വീകരിക്കുകയും ചെയ്യുന്നത് സോഷ്യല്‍ മീഡിയയില്‍ കാണുന്നു. ഇത് ശരിയത്ത് നിയമം അനുസരിച്ച് നിയമവിരുദ്ധമാണ്,” എന്നായിരുന്നു വിശദീകരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.