ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മാതാ ശാരദാ ദേവി ക്ഷേത്രം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. ജമ്മുകശ്മീരിലെ ലൈന്‍ ഓഫ് കണ്‍ട്രോളുള്‍പ്പെടുന്ന കര്‍ണ സെക്ടറിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബുധനാഴ്ചയാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം അമിത് ഷാ ഓണ്‍ലൈനായി നിര്‍വഹിച്ചത്. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത് മാറ്റിയതോടെ പ്രദേശം പഴയ സംസ്കാരത്തിലേക്ക് കാലെടുത്തിവെച്ചിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തെപ്പറ്റിയുള്ള അമിത് ഷായുടെ വാക്കുകള്‍
” പുതുവര്‍ഷത്തിലെ മംഗളകരമായ ഈ അവസരത്തില്‍ മാതാ ശാരദ ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുക്കുന്നതാണ്. രാജ്യമെമ്പാടുമുള്ള ഭക്തര്‍ക്ക് ഇത് സുവര്‍ണ്ണ നിമിഷമാണ്. മാതാ ശാരദാ ദേവിയുടെ അനുഗ്രഹം ഇനി രാജ്യത്തുടനീളം നിലനില്ക്കും,’ അമിത് ഷാ പറഞ്ഞു.
Also read- മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് ഇന്നു മുതൽ റമസാൻ നോമ്പ്
ജമ്മുവിലേക്കുള്ള അടുത്ത യാത്രയില്‍ ക്ഷേത്രം സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന്റെ പുനരുദ്ധാരണം മാത്രമല്ല ശാരദ സംസ്കാരത്തിന്റെ പുനരുജ്ജീവനം കൂടിയാണ് ഈ ക്ഷേത്ര ഉദ്ഘാടനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു കാലത്ത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഒരു വിദ്യാഭ്യാസ കേന്ദ്രമായിരുന്നു ശാരദ പീഠം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിരവധി ക്ഷേത്രങ്ങളും സൂഫി കേന്ദ്രങ്ങളും പുതുക്കിപ്പണിയാനും കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. സിയാറത്ത് ഷെരീഫ് റെഷിമല, രാം മന്ദിര്‍, സഫകദല്‍ ക്ഷേത്രം, ഹലോട്ടി ഗോമ്പ ക്ഷേത്രം, ജഗന്നാഥ ക്ഷേത്രം എന്നിവയുള്‍പ്പെടെയുള്ള ക്ഷേത്രങ്ങളാണ് പുനര്‍ നിര്‍മ്മാണം നടത്താൻ പദ്ധതിയിട്ടിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 35ലധികം പ്രദേശങ്ങളിലെ ക്ഷേത്രങ്ങള്‍ പുതുക്കുന്നതിനായി 65 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
എന്താണ് ശാരദാ സംസ്കാരം? എന്താണ് ശാരദാ പീഠം ?
കശ്മീരി പണ്ഡിറ്റുകളുടെ പ്രിയപ്പെട്ടയിടമായ ശാരദ പീഠം ഇന്ത്യ വിഭജനത്തിന് ശേഷം അടച്ചിട്ട അവസ്ഥയിലാണ്. പുരാതന ശാരദാ ക്ഷേത്രത്തിന്റെയും ശാരദ സര്‍വ്വകലാശാലയുടെയും അവശിഷ്ടങ്ങള്‍ മുസാഫറബാദില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള നീലം താഴ് വരയില്‍ നിന്നാണ് ലഭിച്ചത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഒരു ഉന്നവിദ്യാഭ്യാസ കേന്ദ്രമായിട്ടാണ് ഇവയെ കണക്കാക്കിയിരുന്നത്.
Also read- ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ ഹനുമാന് പ്രതിമ തൃശൂരില്‍
18 മഹാശക്തി പീഠങ്ങളില്‍ ഒന്നാണ് ശാരദ പീഠം. ഈ ക്ഷേത്രത്തെ സംബന്ധിച്ച് ചില ഐതീഹ്യവും നിലനില്‍ക്കുന്നുണ്ട്. നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തില്‍ ശാരദ ദേവി അറിവിന്റെ ഒരു കുടം സംരക്ഷിച്ച് വെച്ചിരുന്നു. താഴ് വരയിലേക്ക് ഈ കുടം കൊണ്ടുവന്ന ശാരദ ദേവി അത് അവിടെ കുഴിച്ചിടുകയായിരുന്നു. അതിന് ശേഷം അതിനുമുകളില്‍ കയറിയിരുന്ന ദേവി സ്വയം കല്ലായി മാറി എന്നാണ് ഐതിഹ്യം.
എന്താണ് സേവ് ശാരദ കമ്മിറ്റി?
കശ്മീരി പണ്ഡിറ്റ് തീര്‍ത്ഥാടകര്‍ക്ക് ശാരദ ക്ഷേത്രത്തില്‍ പ്രവേശനം നല്കാന് സ്ഥാപിച്ച പ്രസ്ഥാനമാണ് സേവ് ശാരദ കമ്മിറ്റി. രവീന്ദര്‍ പണ്ഡിതയാണ് കമ്മിറ്റിയുടെ ചെയര്മാന്. കശ്മീരി പണ്ഡിറ്റുകളുടെ കുലദേവതയാണ് ശാരദ ദേവി എന്ന് ഇദ്ദേഹം പറയുന്നു. നിലവില്‍ ക്ഷേത്രത്തിലേക്ക് എത്താന്‍ മൂന്നോ നാലോ റൂട്ടുകളാണുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.