ആറ്റുകാൽ കാപ്പുകെട്ടി; പൊങ്കാല മാർച്ച് ഏഴിന്; തിരക്കിലമർന്ന് അനന്തപുരി
- Published by:Rajesh V
- news18-malayalam
Last Updated:
മാർച്ച് ഏഴിന് രാവിലെ 10.30ന് ആരംഭിക്കുന്ന പൊങ്കാല ഉച്ചയ്ക്ക് 2.30ന് നിവേദിക്കും. ശേഷമുള്ള പുറത്തെഴുന്നള്ളത്ത് എട്ടിന് ക്ഷേത്രത്തിലെത്തി കാപ്പഴിക്കുന്നതോടെ ഉത്സവം അവസാനിക്കും
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി. തിങ്കളാഴ്ച പുലർച്ചെ കാപ്പു കെട്ടി കുടിയിരുത്തിയതോടെയാണ് ഉത്സവത്തിന് തുടക്കമായത്. മാർച്ച് 7 നാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല.
ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥ പാടിയുള്ള തോറ്റംപാട്ടോടെയുമാണ് ഉത്സവം ആരംഭിച്ചത്. പഞ്ചലോഹത്തിൽ നിർമിച്ച രണ്ടു കാപ്പുകളാണ് കെട്ടിയത്. ക്ഷേത്രം തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് കാപ്പുകളിലൊന്ന് ഭഗവതിയുടെ ഉടവാളിലും മറ്റൊന്ന് മേൽശാന്തി പി കേശവൻ നമ്പൂതിരിയുടെ കൈയിലും കെട്ടി.
മാർച്ച് ഏഴിന് രാവിലെ 10.30ന് ആരംഭിക്കുന്ന പൊങ്കാല ഉച്ചയ്ക്ക് 2.30ന് നിവേദിക്കും. ശേഷമുള്ള പുറത്തെഴുന്നള്ളത്ത് എട്ടിന് ക്ഷേത്രത്തിലെത്തി കാപ്പഴിക്കുന്നതോടെ ഉത്സവം അവസാനിക്കും. വിവിധ കരകളിൽനിന്നും അലങ്കരിച്ച വിളക്കുകെട്ടുകൾ തിങ്കൾ രാത്രി മുതൽ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ചു തുടങ്ങി. കുത്തിയോട്ട വ്രതം ബുധനാഴ്ച ആരംഭിക്കും.
advertisement
ഉത്സവത്തോടനുബന്ധിച്ചുള്ള ആറ്റുകാൽ അംബ പുരസ്കാരം സാമൂഹ്യപ്രവർത്തക ഡോ. പി ഭാനുമതി ഏറ്റുവാങ്ങി. കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രതാരം ഉണ്ണി മുകുന്ദൻ നിർവഹിച്ചു. ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾ അംബ, അംബിക, അംബാലിക ഓഡിറ്റോറിയങ്ങളിലായി മുഴുവൻ സമയവും നടക്കും.

ഒരേസമയം 3000 പേർക്ക് ദർശന സൗകര്യം
കുറ്റമറ്റ രീതിയിൽ ഭക്തർക്ക് ദർശനം നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ഒരേസമയം 3000 പേർക്ക് ക്യൂവിൽ നിന്ന് ദർശനം നടത്താനാകും. ക്യൂവിൽ നിൽക്കുന്നവർക്ക് ശുദ്ധജലം വിതരണം ചെയ്യും.
advertisement
കാൽലക്ഷംപേർക്ക് ദിവസവും അന്നദാനം
ക്ഷേത്രത്തിലെ അംബ, കാർത്തിക ഓഡിറ്റോറിയങ്ങളിലായി ദിവസവും കാൽലക്ഷത്തോളം പേർക്ക് അന്നദാനം ഉണ്ടാകും. ഉത്സവ ദിവസങ്ങളിൽ എല്ലാ ദിവസവും അംബ, അംബിക, അംബാലിക സ്റ്റേജുകളിൽ കലാപരിപാടികളുണ്ടാകും. തോറ്റം പാട്ടിനും തുടക്കമായി. ദേവിക്കു മുന്നിൽ പ്രത്യേകം നിർമിച്ച പന്തലിലാണ് തോറ്റംപാട്ട്.
വൻ സുരക്ഷ
ഇത്തവണ പൊങ്കാലയിടാൻ കൂടുതൽ പേർ എത്തുമെന്നാണ് കരുതുന്നത്. ഇതു കണക്കിലെടുത്ത് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷയ്ക്കും തിരക്കു നിയന്ത്രിക്കുന്നതിനുമായി 5 എസ്പിമാരുടെ നേതൃത്വത്തിൽ 800 വനിതകൾ ഉൾപ്പെടെ 3300 പൊലീസുകാരെ നിയോഗിക്കും. 65 സ്ഥലങ്ങളിൽ പുതിയ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. ആകെ നിരീക്ഷണ ക്യാമറകളുടെ എണ്ണം 120. ഉത്സവമേഖലയിൽ ലഹരി പദാർഥങ്ങളുടെ ഉപയോഗവും വിപണനവും കർശനമായി തടയാനുള്ള നടപടികളും ഉണ്ടാകും.
advertisement
ഭക്ഷണ വിതരണത്തിന് രജിസ്‌ട്രേഷൻ
ഭക്ഷണം വിതരണം ചെയ്യുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കി. ഹരിത പ്രോട്ടോക്കോൾ പരിശോധനയ്ക്കായി സ്‌ക്വാഡ് സജീവമായി പ്രവർത്തിക്കും
അഗ്നിരക്ഷാ സേന
ഉത്സവ മേഖലയിൽ അഗ്നിരക്ഷാസേനയുടെ 6 കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിക്കും. ഫീൽഡിൽ ഡ്യൂട്ടിക്കായി 15 സ്റ്റേഷൻ ഓഫിസർമാരും,10 സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സും, 110 സിവിൽ ഡിഫൻസ് വൊളന്റിയർമാരെയും നിയോഗിച്ചു.
മെഡിക്കൽ ക്യാംപുകൾ
ആരോഗ്യ വകുപ്പിന്റെ പ്രത്യേക മെഡിക്കൽ ക്യാംപുകൾ ഉണ്ടാകും. ഹെൽത്ത് സർവീസിന്റെ 10 ആംബുലൻസും 108ന്റെ 2ആംബുലൻസും കോർപറേഷന്റെ മൂന്ന് ആംബുലൻസും പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷന്റെ 10 ആംബുലൻസും സജ്ജമാക്കി. 6മെഡിക്കൽ ക്യാംപുകളും ഇതിന്റെ ഭാഗമായി ഉണ്ടാകും.
advertisement
ബസ് സർവീസുകൾ
പ്രത്യേക സർവീസുകൾ നടത്താനും കൺട്രോൾ റൂമുകൾ ആരംഭിക്കാനും തീരുമാനിച്ചു. ബസുകൾക്ക് പാർക്കിങ് സൗകര്യവും കണ്ടെത്തും.
ചെലവ് 8.40 കോടി
പൊങ്കാലയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും നഗരസഭയും ചേർന്ന് ചെലവിടുന്നത് 8.40 കോടി രൂപ. ഹരിത പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന പൊങ്കാലയുടെ സ്‌പെഷൽ ഓഫിസർ ചുമതല തിരുവനന്തപുരം സബ് കളക്ടർ അശ്വതി ശ്രീനിവാസിനാണ്. അടിയന്തര നിർമാണ- ശുചീകരണ നടപടികൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന് 2.50 കോടി രൂപ അനുവദിച്ചു. തദ്ദേശ വകുപ്പ് അനുവദിച്ച തുകയ്ക്ക് പുറമേ കോർപറേഷൻ 5.2 കോടി രൂപ കൂടി ചെലവിടുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 28, 2023 9:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ആറ്റുകാൽ കാപ്പുകെട്ടി; പൊങ്കാല മാർച്ച് ഏഴിന്; തിരക്കിലമർന്ന് അനന്തപുരി