ശബരിമലയിൽ ഭക്തരെ പിടിച്ചു തള്ളിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി; ഗാർഡിനെ സ്വമേധയാ കക്ഷി ചേർത്തു
- Published by:Vishnupriya S
- news18-malayalam
Last Updated:
സംഭവം നീതികരിക്കാനാകാത്തതാണ്. ആരോപണവിധേയൻ മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറിയത് എന്നും കോടതി ചോദിച്ചു
ശബരിമലയിൽ ശ്രീകോവിലിനു മുന്നിൽ തൊഴാൻ നിന്ന ഭക്തരെ ദേവസ്വം ഗാർഡ് പിടിച്ചു തള്ളിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. ഭക്തരെ പിടിച്ചു തള്ളാൻ അനുമതി കൊടുത്തിരുന്നോയെന്ന് ദേവസ്വം ബോർഡിനോട് ക്ഷോഭത്തോടെ കോടതി ചോദിച്ചു. ഭക്തരുടെ ശരീരത്തിൽ സ്പർശിക്കാൻ ആരോപണവിധേയന് എങ്ങനെ കഴിഞ്ഞെന്നു ചോദിച്ച കോടതി മറ്റുപലരും ഭക്തരെ നിയന്ത്രിക്കുന്നുണ്ടല്ലോ എന്നു പറഞ്ഞു. സംഭവം നീതികരിക്കാനാകാത്തതാണ്. ആരോപണവിധേയൻ മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറിയത് എന്നും കോടതി ചോദിച്ചു.
ആരോപണ വിധേയനായ ദേവസ്വം ഗാർഡിനെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേർത്തു. തിരുവനന്തപുരം മണക്കാട് ദേവസ്വം വാച്ചറായ അരുണ്‍ കുമാർ ആണ് സന്നിധാനത്ത് ഭക്തരോട് അപമര്യാദയായി പെരുമാറിയത്. അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറെയും കക്ഷി ചേർത്തിട്ടുണ്ട്. ദേവസ്വം ഗാർഡിനെതിരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറോടും നിർദേശിച്ചു. അപമര്യാദയായി പെരുമാറിയ ദേവസ്വം ഗാർഡിനെതിരെ നടപടിയെടുത്തുവെന്നു സെക്യൂരിറ്റി ഓഫിസർ റിപ്പോർട്ടിൽ അറിയിച്ചു.
advertisement
തിങ്കളാഴ്ച രാവിലെ ഹർജി പരിഗണിച്ച കോടതി സ്പെഷല്‍ കമ്മിഷണറോ പൊലീസിനും വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. ഉച്ചകഴിഞ്ഞ് വീണ്ടും കേസ് പരിഗണിക്കുമ്പോൾ ശബരിമല സ്പെഷൽ കമ്മിഷണർ റിപ്പോർട്ട് സമർപ്പിച്ചു. വാച്ചറുടെ വിവരങ്ങൾ ദേവസ്വം ബോർഡ് കോടതിക്കു കൈമാറി. ചീഫ് വിജിലൻസ് സെക്യൂരിറ്റി ഓഫിസറും റിപ്പോർട്ട് നൽകി.
മകരവിളക്ക് ദിവസമായ ശനിയാഴ്ചയായിരുന്നു വിവാദമായ സംഭവം.തിരുവാഭരണം ചാർത്തിയുള്ള അയ്യപ്പനെ കാണാൻ വരി നിന്ന ഭക്തരെയാണ് ഇയാൾ ബലമായി തള്ളിമാറ്റിയത്. സോപാനത്ത് മുന്നിലെ ത്തെ വരിയിൽ നിന്ന് ദർശനം നടത്തിയവരെയാണ് ഇയാൾ പിടിച്ചുതള്ളിയത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് ദേവസ്വം ബോർഡ് നടപടിയെടുത്തത്. വിഷയം ഹൈക്കോടതി ജനുവരി 24 ന് വീണ്ടും പരിഗണിക്കും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Kerala
First Published :
January 16, 2023 5:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
ശബരിമലയിൽ ഭക്തരെ പിടിച്ചു തള്ളിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി; ഗാർഡിനെ സ്വമേധയാ കക്ഷി ചേർത്തു