കർക്കടക വാവുബലി; പിതൃക്കളുടെ സ്മരണയിൽ ബലിതർപ്പണം
- Published by:Vishnupriya S
- news18-malayalam
Last Updated:
മരിച്ച് പോയ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുമിത്രാദികളോ ചെയ്യുന്ന കർമമാണ് ബലിയിടല്‍
തിരുവനന്തപുരം: കർക്കടക വാവുബലി ദിനമായ ഇന്ന് പിതൃക്കളുടെ സ്മരണയിൽ ബലിതർപ്പണം തുടങ്ങി. മരിച്ച് പോയ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുമിത്രാദികളോ ചെയ്യുന്ന കർമമാണ് ബലിയിടല്‍. സംസ്ഥാനത്ത് ഇന്നലെ രാത്രി മുതൽ തുടങ്ങിയ ആചാരങ്ങൾ ഇന്ന് ഉച്ചവരെ നീണ്ടുനിൽക്കും. പിതൃസ്മരണയിൽ ആളുകൾ ബലിയർപ്പിക്കാൻ കൂടുതലും എത്തുന്നത് ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിലാണ്. രാത്രി മുതൽ തന്നെ ഇവിടെ വിശ്വാസികൾ എത്തി തുടങ്ങിയിരുന്നു.
ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിൽ കർക്കടക വാവ് ദിനത്തോടനുബന്ധിച്ചുള്ള എല്ലാ മുന്നൊരുക്കങ്ങളും നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. വിവിധ ജില്ലകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പു വരുത്താൻ ജില്ലാ കളക്ടർമാർക്ക് പ്രത്യേക നിർദേശവും നൽകിയിട്ടുണ്ട്. കര്‍ക്കടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് ബലി അര്‍പ്പിക്കുന്നത്. ഞായറാഴ്ച്ച ‘ഒരിക്കൽ’ എടുത്ത് ഇന്ന് ബലി അർപ്പിക്കും. ഒരു നേരം മാത്രം അരിയാഹാരം കഴിച്ച് വ്രതം അനുഷ്ഠിക്കുന്നതാണ് ഒരിക്കൽ എന്നറിയപ്പെടുന്നത്.
advertisement
കര്‍ക്കടക വാവിന് ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ഭൂമിയിലെ ഒരു വര്‍ഷം പിതൃക്കള്‍ക്ക് ഈ ഒരു ദിവസമാണ് എന്നാണ് പറയപ്പെടുന്നത്. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കടകത്തിലേത്. അതുകൊണ്ടാണ് കര്‍ക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്. ബലിതര്‍പ്പണം കഴിഞ്ഞാല്‍ പിതൃക്കള്‍ക്ക് സദ്യ തയ്യാറാക്കി വിളമ്പും. വിളക്ക് കത്തിച്ച് വെച്ചശേഷം സദ്യ ഇലയിട്ട് ആദ്യം പിതൃക്കള്‍ക്ക് നല്‍കും. അതിനുശേഷമേ വീട്ടുകാര്‍ കഴിക്കുകയുള്ളൂ.
തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, പെരുമ്പാവൂര്‍ ചേലാമറ്റം ക്ഷേത്രം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, കണ്ണൂര്‍ ശ്രീ സുന്ദരേക്ഷ ക്ഷേത്രം, തൃക്കുന്നപ്പുഴ, തിരുവില്ല്വാമല, ആറന്മുള, കൊല്ലം തിരുമൂലവരം എന്നിവയാണ് കേരളത്തിൽ ബലിതർപ്പണം നടത്തുന്ന പ്രധാന ക്ഷേത്രങ്ങൾ. ഇതു കൂടാതെ കേരളത്തിലെ ചെറുക്ഷേത്രങ്ങളും സ്നാനഘട്ടങ്ങളിലും ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 17, 2023 7:19 AM IST