പിടിയാനച്ചന്തത്തിൽ ഒരു പൂരം; ചരിത്രമാകാൻ കൊടുങ്ങൂർ ദേവീ ക്ഷേത്രത്തിൽ നിരക്കുന്നത് ഒൻപത് ഗജറാണിമാർ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കോട്ടയം മേജർ കൊടുങ്ങൂർ ദേവീ ക്ഷേത്രത്തിലെ പൂരത്തിനാണ് ആനകളിലെ പെൺ സൗന്ദര്യം തലയെടുപ്പ് കാട്ടുക.
കോട്ടയം: പൂരങ്ങളിൽ കൊമ്പന്മാർ അണിനിരക്കുന്നത് എപ്പോഴും കാണാറുള്ളതാണെങ്കിലും ഗജറാണിമാർ ഉൾപ്പെടുന്ന പൂരങ്ങൾ കുറവാണ്. എന്നാൽ പിടിയാനകളെ അണിനിരത്തി ‘പെൺ പൂരം’ നടത്താനൊരുങ്ങുകയാണ് കോട്ടയത്തെ കൊടുങ്ങൂർ ദേവീ ക്ഷേത്രം. ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ഒൻപത് ഗജറാണിമാരെയാണ് എത്തിക്കുന്നത്.
നെറ്റിപ്പട്ടവും ചമയങ്ങളും അണിഞ്ഞ് തല ഉയർത്തി നിൽക്കുന്ന ഗജവീരന്മാർ പൂരപ്പറമ്പുകൾ അടക്കിവാഴുന്ന പൂരക്കാഴ്ചകളിൽ നിന്നും വേറിട്ട ചരിത്രം ഒരുക്കുകയാണ് കൊടുങ്ങൂർ ദേവീ ക്ഷേത്രം. മാർച്ച് 26ന് കൊടുങ്ങൂർ പൂരത്തിന് കൊടിയേറി. ഏപ്രില്‍ നാലിന് 10 ദിവസത്തെ ഉത്സവത്തിന്റെ സമാപനത്തിലെ ‘ആറാട്ട്’ ചടങ്ങിലാണ് ആനകളിലെ പെൺ സൗന്ദര്യം തലയെടുപ്പ് കാട്ടുക.
പൂര ഘോഷയാത്രകളിൽ വിവിധ പാട്ടമ്പലങ്ങളിൽ നിന്നും ഓരോ ആനകളാണ് കൊടുങ്ങൂർ ക്ഷേത്രത്തിലേക്ക് എത്തുക. ഇവിടെയും പ്രത്യേകതയുണ്ട് സാധാരണയായിപാട്ടമ്പലങ്ങളാണ് ആനയെ കൊണ്ടുവരിക. ഇവിടെ മേജർ ക്ഷേത്രം തന്നെയാണ് ആനകളെ പാട്ടമ്പലങ്ങൾക്ക് നൽകുക.
advertisement

തോട്ടയ്ക്കാട് പാഞ്ചാലിയാണ് കൊടുങ്ങൂരമ്മയുടെ തിടമ്പേറ്റുന്നത്. പാഞ്ചാലിയെ കൂടാതെ ഗുരുവായൂർ ദേവി, പ്ലാത്തോട്ടം മീര, വേണാട്ടുമറ്റം കല്യാണി, തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി, പ്ലാത്തോട്ടം ബീന, കുമാരനല്ലൂർ പുഷ്പ, മഹാലക്ഷ്മി പാർവതി, വേണാട്ടുമറ്റം ചെമ്പകം എന്നീ ആനകളാണ് പെൺപൂരത്തിന് എത്തുന്നത്.
ഒന്നു മുതൽ എട്ടു വരെ ദിവസങ്ങളിൽ ഓരോ ആന വീതവും ഒൻപതാം തീയതി അഞ്ചും അവസാന ദിവസം ഒൻപതും വീതം ആനകൾ പങ്കെടുക്കും. മലയാളമാസമായ മീനത്തിലെ പൂരം ദിനത്തിൽ സംഘടിപ്പിക്കുന്ന മീനപ്പൂരം സംസ്ഥാനത്തുടനീളമുള്ള ദേവീക്ഷേത്രങ്ങളിലെ പ്രധാന ഉത്സവങ്ങളിലൊന്നാണ്. അതിനാൽ ഉത്സവ സീസണായതിനാൽ ഒമ്പത് ആനകളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരുന്നെന്ന് ക്ഷേത്രം അധികൃതർ പറയുന്നു.
advertisement

പൂരത്തോടനുബന്ധിച്ച് മാർച്ച് 26 മുതൽ ഏപ്രിൽ 4വരെ മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രത്തിന്റെ 3 കിലോ മീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളെ ഉത്സവ മേഖലയായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേത്ര ഉപദേശക സമ്മതിയുടെയും വാഴൂർ ഗ്രാമ പഞ്ചായത്തിന്റെയും ആവശ്യം പരിഗണിച്ചു കൊണ്ടാണ് ജില്ലാ കലക്റ്ററുടെ തീരുമാനം.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
March 29, 2023 8:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
പിടിയാനച്ചന്തത്തിൽ ഒരു പൂരം; ചരിത്രമാകാൻ കൊടുങ്ങൂർ ദേവീ ക്ഷേത്രത്തിൽ നിരക്കുന്നത് ഒൻപത് ഗജറാണിമാർ