സജ്ജയ കുമാർ
കന്യാകുമാരി: ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കന്യാകുമാരിയിലെ ശിവാലയ ഓട്ടത്തിന് വെള്ളിയാഴ്ച്ച തുടക്കമാകും. 12 ശിവക്ഷേത്രങ്ങളിൽ ഭക്തർ കാൽനടയായി ദർശനം നടത്തുന്ന ശിവാലയ ഓട്ടം ഒരു രാത്രിയും പകലുംകൊണ്ട് ഏകദേശം 110 കിലോമീറ്റർ ദൂരം താണ്ടും. മഹാശിവരാത്രിയുടെ തലേ ദിവസം വൈകിട്ട് തിരുമല ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന ശിവാലയ ഓട്ടം ശിവരാത്രി ദിവസം വൈകിട്ടോടെ തിരുനട്ടാലം ക്ഷേത്രത്തിൽ അവസാനിക്കും. ശിവരാത്രി നാളിൽ ദ്വാദശരുദ്രന്മാരെ വണങ്ങുക എന്നതാണ് ഈ ആചാരത്തിന്റെ പ്രത്യേകത.
തിരുമല, തിക്കുറുശ്ശി, തൃപ്പരപ്പ്, തിരുനന്ദിക്കര, പൊന്മന, പന്നിപ്പാകം, കൽക്കുളം, മേലാങ്കോട്, തിരുവിടയക്കോട്, തിരുവിതാംകോട്, തൃപ്പന്നികോട്, തിരുനട്ടാലം എന്നിവയാണ് 12 ശിവാലയ ക്ഷേത്രങ്ങൾ. ഈ ക്ഷേത്രങ്ങളിൽ കാൽനടയായി ദർശനം നടത്തുന്നതാണ് വഴിപാട്. ശിവരാത്രിനാളിൽ 12 ശിവക്ഷേത്രങ്ങളിൽ ഓരോ വർഷവും ഓരോ ക്ഷേത്രങ്ങളിലായി നടക്കുന്ന ഘൃതധാര ഇക്കുറി ഒമ്പതാമത്തെ ക്ഷേത്രമായ തിരുവിടയ്ക്കോട് ക്ഷേത്രത്തിലാണ് നടക്കുന്നത്. നാലാം യാമ പൂജ വരെ ധാര തുടരും.
വഴികൾ ഇങ്ങനെ
നടന്നും വാഹനങ്ങളിലും ലക്ഷക്കണക്കിന് ഭക്തജനങ്ങൾ ഈ രണ്ടു ദിവസങ്ങളിൽ ദർശനം നടത്തുക പതിവാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്തർ ഇവിടെ ദർശനത്തിന് എത്തും. 18 ന് ശിവരാത്രി ദിനത്തിൽ കന്യാകുമാരിയിൽ സർക്കാർ പ്രാദേശിക അവധി നൽകിയിട്ടുണ്ട്. എല്ലാ ശിവക്ഷേത്രങ്ങളിലും ശിവരാത്രി ആഘോഷത്തിനും ദർശനത്തിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
ശനിയാഴ്ച രാവിലെ തുറക്കുന്ന ശിവക്ഷേത്രങ്ങൾ രാത്രി അടയ്ക്കാറില്ല.ഭക്തർ ക്ഷേത്രത്തിൽ കൂവളത്തില സമർപ്പണം, ഉപവാസം, ഉറക്കമിളയ്ക്കൽ എന്നിവയോടെയാണ് ശിവരാത്രി ആഘോഷിക്കുന്നത്. ധാരയ്ക്കുപുറമേ ക്ഷേത്രങ്ങളിൽ രാത്രി ഓരോ യാമത്തിനും പൂജയുണ്ടായിരിക്കും. ഉറക്കമിളയ്ക്കുന്നവർ പിറ്റേന്ന് പകൽ ക്ഷേത്രദർശനം നടത്തിയാണ് ശിവരാത്രി വ്രതം അവസാനിപ്പിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.