Mahashivratri 2024: ശിവാലയ ഓട്ടം 7ന് തുടങ്ങും; കന്യാകുമാരിയിലെ ക്ഷേത്രങ്ങൾ ശിവരാത്രിക്കായി ഒരുങ്ങി
- Published by:Rajesh V
- news18-malayalam
- Reported by:Sajjaya Kumar
Last Updated:
Mahashivratri 2024 : ശിവരാത്രിയുടെ തലേദിവസം മുഞ്ചിറ തിരുമല ക്ഷേത്രത്തിൽ നിന്ന് സന്ധ്യാദീപാരാധന തൊഴുതാണ് ശിവാലയ ഓട്ടം ആരംഭിക്കുന്നത്. ഏകദേശം 110 കിലോമീറ്റർ ദൂരം യാത്ര ചെയ്തു തിരുനട്ടാലത്ത് ശങ്കരനാരായണനെ തൊഴുത് തീർത്ഥാടനം പൂർത്തിയാകും
കന്യാകുമാരി : ശിവരാത്രിയുടെ ഭാഗമായി കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളിൽ ഭക്തർ ഓടി ദർശനം നടത്തുന്ന ശിവാലയ ഓട്ടം മാർച്ച് 7ന് തുടങ്ങും. മഹാശിവരാത്രി 8നാണ്. ശൈവ-വൈഷ്ണവ ബന്ധം ഉറപ്പിക്കുന്ന ശിവാലയ ഓട്ടത്തിൽ 'ഗോവിന്ദാ.... ഗോപാലാ...' എന്ന നാമജപവുമായാണ് ഭക്തർ ശിവ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത്. ശിവാലയ ഓട്ടം കന്യാകുമാരി ജില്ലയിൽ മാത്രമാണ് ഉള്ളതെന്നും സവിശേഷതയാണ്.
ശിവരാത്രിയുടെ തലേദിവസം മുഞ്ചിറ തിരുമല ക്ഷേത്രത്തിൽ നിന്ന് സന്ധ്യാദീപാരാധന തൊഴുതാണ് ശിവാലയ ഓട്ടം ആരംഭിക്കുന്നത്. ഏകദേശം 110 കിലോമീറ്റർ ദൂരം യാത്ര ചെയ്തു തിരുനട്ടാലത്ത് ശങ്കരനാരായണനെ തൊഴുത് തീർത്ഥാടനം പൂർത്തിയാകും. ശിവരാത്രിക്ക് തലേദിവസം ആരംഭിക്കുന്ന ശിവാലയ ഓട്ടം ശിവരാത്രിയുടെ പിറ്റേദിവസം രാവിലെ പൂർത്തിയാകും. കാൽനടയായി ഈ ദൂരമത്രയും സഞ്ചരിക്കുന്നതാണ് ആചാര്യ രീതി.

ശിവാലയ ഓട്ടം ഇങ്ങനെ:
1.കുഴിത്തുറയിൽ നിന്ന് 8 കിലോമീറ്റർ സഞ്ചരിച്ചാൽ ആദ്യത്തെ ശിവക്ഷേത്രമായ തിരുമലയിലെത്താം.
advertisement
2 അവിടെ നിന്നും മാർത്താണ്ഡം വഴി 15 കിലോമീറ്റർ സഞ്ചരിച്ചാൽ രണ്ടാമത്തെ ശിവക്ഷേത്രമായ തിക്കുറുശ്ശി മഹാദേവ ക്ഷേത്രം.
3. അവിടെ നിന്ന് അരുമന വഴി 12 കിലോമീറ്റർ സഞ്ചരിച്ചാൽ മൂന്നാമത്തെ ശിവക്ഷേത്രമായ തൃപ്പരപ്പ്.
4. കുലശേഖരം വഴി 8 കിലോമീറ്റർ സഞ്ചരിച്ചാൽ നാലാമത്തെ ക്ഷേത്രമായ തിരുനന്തിക്കരയിൽ എത്താം. ശിവാലയ ഓട്ടം തുടങ്ങുന്ന ദിവസം രാത്രി ഇവിടെ ഉത്സവത്തിന് കൊടിയേറും.
5. കുലശേഖരം വഴി 8 കിലോമീറ്റർ സഞ്ചരിച്ചാൽ അഞ്ചാമത്തെ ക്ഷേത്രമായ പൊൻമനയിൽ എത്താം.
advertisement
6. പൊൻമനയിൽ നിന്ന് 10 കിലോമീറ്റർ സഞ്ചരിച്ചാൽ ആറാമത്തെ ശിവക്ഷേത്രമായ പന്നിപ്പാകം ക്ഷേത്രത്തിലെത്താം.
7. അവിടെ നിന്ന് 6 കിലോമീറ്റർ അകലെ പത്മനാഭപുരം കോട്ടയ്ക്കകത്താണ് ഏഴാമത്തെ ശിവക്ഷേത്രമായ കൽക്കുളം.
8. കൽക്കുളത്ത് നിന്ന് മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ എട്ടാമത്തെ ശിവക്ഷേത്രമായ മേലാങ്കോട്.
9. അവിടെ നിന്ന് 5 കിലോമീറ്റർ സഞ്ചരിച്ചാൽ ഒമ്പതാമത്തെ ശിവക്ഷേത്രമായ തിരുവിടയ്ക്കോട്.
10. തിരുവിടയ്ക്കോട് നിന്ന് 9 കിലോമീറ്റർ ദൂരെയാണ് പത്താമത്തെ ശിവക്ഷേത്രമായ തിരുവിതാംകോട്.
11. മഹാരാജാവ് ശ്രീമൂലം തിരുനാൾ പുനരുദ്ധാരണം ചെയ്ത ക്ഷേത്രമാണ് പതിനൊന്നാമത്തെ ക്ഷേത്രം ത്രിപ്പന്നിയോട്.
advertisement
12. അവിടെ നിന്ന് 4 കിലോമീറ്റർ ഉള്ളിലാണ് പന്ത്രണ്ടാമത്തെ ശിവാലയ ക്ഷേത്രം തിരുനട്ടാലം ഇവിടെ തൊഴുതാണ് ഭക്തർ ശിവാലയ ഓട്ടം പൂർത്തിയാക്കുന്നത്.
ഘൃതധാര മേലാങ്കോട്ട്
ശിവരാത്രിനാളിൽ 12 ശിവക്ഷേത്രങ്ങളിൽ ഓരോ വർഷവും ഓരോ ക്ഷേത്രങ്ങളിലായി നടക്കുന്ന ഘൃതധാരാ ഇത്തവണ ശിവാലയ ഓട്ടത്തിലെ പത്താമത്തെ ക്ഷേത്രമായ തിരുവിതാംകോട് ക്ഷേത്രത്തിലാണ് നടക്കുന്നത്. കന്യാകുമാരി ദേവസ്വത്തിന്റെ നേതൃത്വത്തിലാണ് ധാര നടക്കുന്നത്. പുലർച്ചെ തുടരുന്ന ധാര നാലാം യാമ പൂജ വരെ തുടരും.
പ്രാദേശിക അവധി
ശിവാലയ ഓട്ടത്തോടനുബന്ധിച്ച് കന്യാകുമാരി ജില്ലയ്ക്ക് മാർച്ച് 8ന് ജില്ലാ കളക്ടർ ശ്രീധർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kanniyakumari,Kanniyakumari,Tamil Nadu
First Published :
March 05, 2024 12:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
Mahashivratri 2024: ശിവാലയ ഓട്ടം 7ന് തുടങ്ങും; കന്യാകുമാരിയിലെ ക്ഷേത്രങ്ങൾ ശിവരാത്രിക്കായി ഒരുങ്ങി