അമേരിക്കയിൽ മാധ്യമങ്ങളിലും സിനിമകളിലും മുസ്ലീം മതത്തിൽപെട്ടവർ അവഗണിക്കപ്പെടുന്നുവെന്ന് പഠന റിപ്പോർട്ട്. അനെൻബർഗ് ഇൻക്ലൂഷൻ ഇനിഷ്യേറ്റീവ് ആണ് ഈ പഠന റിപ്പോർട്ട് പുറത്ത് വിട്ടത്.
അനെൻബർഗ് ഇൻക്ലൂഷൻ ഇനിഷ്യേറ്റീവ് അസമത്വത്തെ നേരിടാൻ ലക്ഷ്യമിട്ടുള്ള ഗവേഷണവും അടിസ്ഥാനപരമായ പരിഹാരങ്ങളും വികസിപ്പിച്ച് വരികയാണ്. യുഎസ്‌സി അനെൻബെർഗ് നൽകുന്ന സൂചന പ്രകാരം മുസ്ലീങ്ങൾ ലോക ജനസംഖ്യയുടെ 25 ശതമാനമാണ്. എന്നാൽ ജനപ്രിയ ടിവി സീരീസുകളിലെ കഥാപാത്രങ്ങളായുള്ള അവരുടെ സാന്നിധ്യം 1.1 ശതമാനത്തിൽ കൂടുതലില്ല. മുസ്ലീങ്ങളുടെ ചിത്രങ്ങൾ പലപ്പോഴും തീവ്രവാദവുമായോ അക്രമവുമായോ ബന്ധപ്പെട്ടാണ് വരാറുള്ളതെന്നും പഠനം പറയുന്നു.
“നിരീക്ഷിച്ച 98 മുസ്ലീം വ്യക്തികളിൽ 30% ത്തിലധികം പേർ അക്രമത്തിന് ഇരയാകാൻ സാധ്യതയുള്ളവരാണെന്നും പഠനത്തിൽ കണ്ടെത്തി. ജനങ്ങൾക്കിടയിൽ മുസ്ലീങ്ങളെ കുറിച്ചുള്ള പൊതുബോധത്തെ കുറിച്ച് രണ്ട് പ്രധാന കാര്യങ്ങളും പഠനം ചൂണ്ടിക്കാട്ടുന്നു. ഒന്ന് മുസ്ലീം പുരുഷന്മാരെ മോശമായി ചിത്രീകരിക്കുന്നു എന്നതാണ്. രണ്ട് മുസ്ലീം സ്ത്രീകളെ അവരുടെ പർദ്ദയ്ക്കുള്ളിലാക്കി മാത്രം ചിത്രീകരിക്കുന്നു എന്നതാണ്.
ബോധപൂർവമായ ഒരു സ്റ്റീരിയോടൈപ്പ് രീതി നിർമ്മിക്കപ്പെടുകയാണ് ഇതിലൂടെ. ഇത് ‘പർദ്ദ അടിച്ചമർത്തലിന്റെ പ്രതീകമാണ്’ എന്ന് പൊതുജനങ്ങൾ അനുമാനിക്കാൻ ഇടയാക്കുന്നു. മുസ്ലീം സ്ത്രീകളെ പൊതുവെ കീഴ്‌പെടുന്നവരും പുരുഷന്മാരെ ഭയക്കുന്നവരുമായി ചിത്രീകരിക്കുന്നു. മുസ്ലീം സ്ത്രീകൾ അവരുടെ പുരുഷന്മാരുടെ അടിച്ചമർത്തലിന് ഇരയാകുന്നു എന്ന ആശയം ശക്തിപ്പെടുത്തുന്നതിന് ബോധപൂർവ്വം നിർമ്മിച്ചെടുത്ത ബോധമാണിത്.
ഓരോ മുസ്ലീമിന്റെയും ജീവിതത്തിന്റെ കേന്ദ്രബിന്ദു മതമാണെന്ന് പൊതുജനങ്ങൾ വിശ്വസിക്കുന്നു. അത്തരമൊരു പൊതുബോധം മുസ്ലീം വിഭാഗത്തിലെ പുരുഷന്മാരുടെയും സ്ത്രീകളുടെയും വ്യക്തിത്വത്തിന്റെ മറ്റ് ചില വശങ്ങൾ വെളിവാക്കാനായുള്ള സാധ്യത കുറയ്ക്കുന്നു. “ഇത്തരത്തിൽ നിർമ്മിക്കപ്പെട്ട മുൻവിധികളും പൊതുബോധവുമാണ് മുസ്ലീങ്ങൾ ഒറ്റപ്പെടുന്നതിനും അമേരിക്കൻ സമൂഹത്തിലെ ഉൽപ്പാദനക്ഷമമായ പൗരന്മാരായി ഏകീകരിക്കപ്പെടാതിരിക്കുന്നതിനും കാരണമെന്നും” പഠനം പറയുന്നു.
അഭിമുഖം നടത്തിയ 98 മുസ്ലീം വ്യക്തികളിൽ പകുതിയോളം പേരും ഏതെങ്കിലും തരത്തിൽ തങ്ങളുടെ വിശ്വാസത്തെ പരാമർശിച്ചതായും പഠനം വെളിപ്പെടുത്തി, അതേസമയം 23.5 ശതമാനം പേർ മറ്റുള്ളവർ വാക്കുകൾ കൊണ്ടല്ലാതെ തങ്ങളെ മുസ്ലീമുകളായി ചിത്രീകരിച്ചിരുന്നതായി പറഞ്ഞു.
അനെൻബെർഗ് ഇൻക്ലൂഷൻ ഇനിഷ്യേറ്റീവിനെ അടിസ്ഥാനമാക്കി ‘ലോസ് ആഞ്ചലസ് ടൈംസ്’ യുഎസിലെ മുസ്ലീങ്ങളെക്കുറിച്ചുള്ള വിശദമായ ലേഖനം ഈയിടെ പ്രസിദ്ധീകരിച്ചിരുന്നു. അമേരിക്കയിലെ മുസ്ലീം കുടിയേറ്റക്കാർ യുഎസിലെ മാധ്യമങ്ങളിലും സിനിമയിലും അവഗണന അനുഭവിക്കുന്നുണ്ടെന്നാണ് പത്രം റിപ്പോർട്ട് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.