റിയാദ്: ഉംറ തീർത്ഥാടകർക്കും മക്കയിലെ ഗ്രാൻഡ് മോസ്‌ക് സന്ദർശകർക്കുമായി ഇലക്ട്രിക് വാഹനങ്ങൾ (ഇവി) സജ്ജീകരിച്ചതായി റിപ്പോർട്ട്. 9000ലധികം ഇലക്ട്രിക് വാഹനങ്ങളാണ് തീർത്ഥാടകർക്കായി ഒരുക്കിയിരിക്കുന്നത്. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ഉംറ ചടങ്ങുകൾ സുഗമമായി നിർവ്വഹിക്കുന്നതിന് സൗകര്യമൊരുക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ഇലക്ട്രിക് വാഹനങ്ങളുടെ സേവനം ആവശ്യമായവർക്ക് തനാക്കോൾ (ഗതാഗതം) വഴി മുൻകൂട്ടി ബുക്ക് ചെയ്യാം. ടിക്കറ്റ് വാങ്ങുന്നതിനും ഇലക്ട്രിക് വാഹനങ്ങളുടെ മുൻകൂർ ബുക്കിംഗിനും ഈ ആപ്ലിക്കേഷൻ സഹായിക്കുന്നു. വിവിധ പോയിന്റുകളിലെ തിരക്കുകൾ കുറയ്ക്കാനും ഇത് സഹായകമാകും.
സൗദി അറേബ്യ വിശുദ്ധ റംസാൻ മാസം ഉംറ നിർവഹണത്തിന്വിശ്വാസികൾക്ക് പെർമിറ്റ് വിതരണം ആരംഭിച്ചിട്ടുണ്ട്. റംസാൻ മാസത്തിൽ ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് നുസൂക് പ്ലാറ്റ്‌ഫോം വഴി അനുമതിയ്ക്ക് അപേക്ഷിക്കാമെന്ന് ഹജ്ജ് – ഉംറ മന്ത്രാലയം അറിയിച്ചു. കൂടാതെ മുമ്പ് ഉംറ ബുക്കിങ്ങിനായി ഉപയോഗിച്ചിരുന്ന ഈറ്റ്മർന ആപ്പ് റദ്ദാക്കിയതായും മന്ത്രാലയം അറിയിച്ചു. ഈ വർഷം റംസാനിൽ ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം ബുക്ക് ചെയ്യാൻ തുടങ്ങണം. സ്ലോട്ടുകൾ പരിമിതമാണ്, അതിനാൽ അവ വേഗത്തിൽ തീർന്ന് പോകാനിടയുണ്ട്. മാസത്തിലെ രണ്ട്, ഒമ്പത്, പതിനാറ് തീയതികളിലായി റംസാനിലെ ആദ്യ മൂന്ന് വ്യാഴാഴ്ചകളിൽ കടുത്ത തിരക്ക് അനുഭവപ്പെടാനിടയുള്ളതായും റിപ്പോർട്ടുകളുണ്ട്. റംസാനിലെ ശേഷിക്കുന്ന 20 ദിവസങ്ങളിൽ നേരിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. റംസാന്റെ അവസാന പത്ത് ദിവസങ്ങൾ ഇപ്പോഴും നുസുക്കിൽ ബുക്കിംഗിനായി തുറന്നിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.