പ്രധാനമന്ത്രി നരേന്ദ്ര മോദി തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലും ദർശനം നടത്തും
- Published by:Rajesh V
- news18-malayalam
Last Updated:
ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന്റെ പശ്ചാത്തലത്തിൽ തൃപ്രയാർ ശ്രീരാമ ക്ഷേത്രം തന്റെ യാത്രയിൽ ഉൾപ്പെടുത്താനുള്ള മോദിയുടെ തീരുമാനം ഏറെ പ്രാധാന്യമർഹിക്കുന്നു
ഗുരുവായൂർ ക്ഷേത്ര ദർശന ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി 17ന് തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലും ദർശനം നടത്തും. ഗുരുവായൂരിലെ ചടങ്ങുകൾക്കു ശേഷം വലപ്പാട് ഗവ. ഹൈസ്കൂളിലെ ഗ്രൗണ്ടിൽ സജ്ജമാക്കുന്ന ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി കിഴക്കേ ടിപ്പുസുൽത്താൻ റോഡിലൂടെയാണ് ക്ഷേത്രത്തിലെത്തുക. രാവിലെ 10.10 മുതൽ 11.10 വരെ പ്രധാനമന്ത്രി ക്ഷേത്രത്തിലുണ്ടാകും. ശ്രീരാമ പ്രതിഷ്ഠയുള്ള കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ് തൃപ്രയാർ ക്ഷേത്രം. ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന്റെ പശ്ചാത്തലത്തിൽ തൃപ്രയാർ ക്ഷേത്രം തന്റെ യാത്രയിൽ ഉൾപ്പെടുത്താനുള്ള മോദിയുടെ തീരുമാനം ഏറെ പ്രാധാന്യമർഹിക്കുന്നു.
ഹെലികോപ്ടർ ഇറങ്ങുന്ന ഗ്രൗണ്ട്, കിഴക്കേ ടിപ്പുസുൽത്താൻ റോഡിന്റെ വശങ്ങൾ, പടിഞ്ഞാറേനട, ക്ഷേത്രത്തിന്റെ ചുറ്റുമതിൽ എന്നിവിടങ്ങളിലായി ബാരിക്കേഡ് സ്ഥാപിക്കും. സന്ദർശന മുന്നോടിയായി ഞായറാഴ്ച വൈകിട്ട് ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ, റൂറൽ പൊലീസ് മേധാവി നവനീത് ശർമ, കൊടുങ്ങല്ലൂർ ഡിവൈ എസ് പി സലീഷ് എൻ ശങ്കർ, വലപ്പാട് സി ഐ കെ എസ് സുശാന്ത് എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്രവും പരിസരവും പരിശോധിച്ചു. കേരളത്തിൽ എസ് പി ജിയുടെ ചുമതലയുള്ള സുരേഷ് രാജ് പുരോഹിത് വലപ്പാട് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരുമായി സുരക്ഷ വിഷയങ്ങൾ ചർച്ച ചെയ്തു.
advertisement
ബ്രഹ്മസ്വം മഠത്തിൽ വേദപഠനം നടത്തുന്ന 21 വിദ്യാർത്ഥികളുടെ വേദാർച്ചന, രാമായണത്തെ ആസ്പദമാക്കിയുള്ള ഭജന എന്നിവ ക്ഷേത്രത്തിൽ പ്രത്യേകം സജ്ജീകരിക്കുന്ന വേദിയിൽ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കും.
ജനുവരി 16ന് വൈകിട്ട് അഞ്ചിന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി വൈകിട്ട് 6 കൊച്ചി നഗരത്തിൽ റോഡ് ഷോയിൽ പങ്കെടുക്കും. എറണാകുളത്തെ സർക്കാർ അതിഥി മന്ദിരത്തിൽ തങ്ങി പിറ്റേന്ന് രാവിലെ 6.30ന് ഗുരുവായൂരിലേക്ക് യാത്ര തിരിക്കും. അവിടെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടേതുൾപ്പെടെ നാല് വിവാഹങ്ങളിൽ അദ്ദേഹം പങ്കെടുക്കും. വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത ശേഷം തൃപ്രയാർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം കൊച്ചിയിലേക്ക് മടങ്ങും.
advertisement
കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ അന്താരാഷ്ട്ര ഷിപ്പ് റിപ്പയറിംഗ് സെന്ററും വില്ലിംഗ്‌ടൺ ഐലൻഡിലെ പുതിയ ഡ്രൈ ഡോക്കും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. മറൈൻ ഡ്രൈവിൽ നടക്കുന്ന പാർട്ടി ഭാരവാഹി യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
January 15, 2024 7:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
പ്രധാനമന്ത്രി നരേന്ദ്ര മോദി തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലും ദർശനം നടത്തും