തീര്‍ത്ഥാടകരുടെ തിരക്ക്; ശബരിമലയില്‍ ദര്‍ശന സമയം കൂട്ടി
- Published by:Arun krishna
- news18-malayalam
Last Updated:
ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു
തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ശബരിമലയിൽ ദർശന സമയം നീട്ടാൻ ധാരണ. ദർശന സമയം ഒരു മണിക്കൂറാണ് നീട്ടുക. ഇനി മുതൽ വൈകിട്ട് മൂന്ന് മണിക്ക് നട തുറക്കും. നിലവില്‍ വൈകിട്ട് നാല് മണിക്കാണ് നടതുറന്നിരുന്നത്. ദേവസ്വം ബോർഡും തന്ത്രിയും തമ്മിലുള്ള ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. പുലർച്ചെ മൂന്ന് മണിക്ക് തുറക്കുന്ന നട ഒരു മണിക്ക് അടയ്ക്കും. ദേവസ്വം ബോർഡ് നാളെ തീരുമാനങ്ങൾ ഹൈക്കോടതി അറിയിക്കും.
ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. തിരക്ക് കണക്കിലെടുത്ത് ദര്‍ശന സമയം രണ്ട് മണിക്കൂര്‍ കൂട്ടാനാകുമോ എന്ന് തന്ത്രിയോട് ചോദിച്ചറിയിക്കാനും കോടതി നിര്‍ദേശം നല്‍കി. പിന്നാലെയാണ് ദര്‍ശന സമയം കൂട്ടാന്‍ ധാരണയായത്.
മണ്ഡലകാലം ആരംഭിച്ച ശേഷമുള്ള ഏറ്റവും വലിയ തിരക്കാണ് കഴിഞ്ഞ രണ്ട് ദിവസമായി സന്നിധാനത്ത് അനുഭവപ്പെടുന്നത്. നിലയ്ക്കലിലും പമ്പയിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും മണിക്കൂറുകളോളം ഭക്തര്‍ ക്യൂ നില്‍ക്കേണ്ട സ്ഥിതിയാണുള്ളത്. ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കുട്ടികള്‍ക്കും വയോധികര്‍ക്കും അംഗപരിമതിര്‍ക്കുമുള്ള പ്രത്യേക ക്യു വലിയ നടപ്പന്തലില്‍ പുനസ്ഥാപിച്ചു.
advertisement
തിരക്ക് തുടരുമ്പോഴും ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം നിരവധി തീർത്ഥാടകർ ശബരിമലയിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. ഇതു കണക്കിലെടുത്ത് എരുമേലി , പത്തനംതിട്ട തുടങ്ങിയ ഇടത്താവളങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പയിലെ തിരക്ക് കുറയുന്നത് അനുസരിച്ചാണ് ഇടത്താവളങ്ങളിൽ നിന്ന് വാഹനങ്ങൾ പൊലീസ് കടത്തിവിടുന്നത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
December 10, 2023 3:20 PM IST