കർക്കടകം നാളെ പിറക്കും; മാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും
- Published by:Vishnupriya S
- news18-malayalam
Last Updated:
വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുക. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും
പത്തനംതിട്ട: കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് തുറക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുക. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഉണ്ടാവില്ല. കർക്കടകം ഒന്നായ ജൂലൈ 16ന് പുലർച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നട തുറക്കും.
പതിവ് അഭിഷേകത്തിനുശേഷം നെയ്യഭിഷേകം നടക്കും. 20 ന് രാത്രി പത്തിന് നട അടയ്ക്കും. തീർത്ഥാടകർക്ക് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് ദർശനത്തിന് എത്താവുന്നതാണ്. അതേസമയം, ശബരിമല കർക്കടകമാസ പൂജയോടനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതൽ 20 വരെ തീർത്ഥാടകർക്കായി വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു.
തീർഥാടകർക്ക് പമ്പയിലേക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യുവാനുള്ള സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. വിവിധ ഡിപ്പോകളിൽ നിന്ന് പ്രത്യേക സർവീസുകളും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്ന നിലയ്ക്കൽ - പമ്പ ചെയിൻ സർവീസുകൾ ഇടതടവില്ലാതെ ക്രമീകരിച്ചിട്ടുണ്ട്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Kerala
First Published :
July 15, 2024 11:07 AM IST