• HOME
  • »
  • NEWS
  • »
  • life
  • »
  • അന്യാധീനപ്പെട്ട് കിടന്നതുൾപ്പെടെ 4236 കോടി രൂപയുടെ ക്ഷേത്ര സമ്പത്ത് തമിഴ്‌നാട് സർക്കാർ തിരിച്ചുപിടിച്ചു

അന്യാധീനപ്പെട്ട് കിടന്നതുൾപ്പെടെ 4236 കോടി രൂപയുടെ ക്ഷേത്ര സമ്പത്ത് തമിഴ്‌നാട് സർക്കാർ തിരിച്ചുപിടിച്ചു

അന്യാധീനപ്പെട്ടതും കയ്യേറ്റം ചെയ്യപ്പെട്ടതുമായ ഭൂമിയും കെട്ടിടവും കൃഷിസ്ഥലവും എല്ലാം തിരിച്ചെടുത്ത സ്വത്തുക്കളിൽ ഉൾപ്പെട്ടിട്ടുണ്ട്

  • Share this:

    ആയിരക്കണക്കിന് കോടി രൂപയുടെ ക്ഷേത്ര സ്വത്തുക്കൾ തിരിച്ചു പിടിച്ചിരിക്കുകയാണ് തമിഴ്നാട് സർക്കാർ. അന്യാധീനപ്പെട്ടതും കയ്യേറ്റം ചെയ്യപ്പെട്ടതുമായ ഭൂമിയും കെട്ടിടവും കൃഷിസ്ഥലവും എല്ലാം തിരിച്ചെടുത്ത സ്വത്തുക്കളിൽ ഉൾപ്പെട്ടിട്ടുണ്ട്. തമിഴ്നാട് സർക്കാർ രൂപീകരിച്ച ഹിന്ദു ആന്റ് റിലീജിയസ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ബോർഡ് (എച്ച്ആർ ആൻഡ് സിഇ) 2021 മെയ് മുതൽ 4501.82 ഏക്കർ കൃഷിഭൂമികളും 809.21 ഏക്കർ ഒഴിഞ്ഞ പ്ലോട്ടുകളും 156.12 കെട്ടിടങ്ങളുടെ ഗ്രൗണ്ടുകളും 134.04 ക്ഷേത്ര ഗ്രൗണ്ടുകളും തിരിച്ചപിടിച്ചതായി അറിയിച്ചു. തമിഴ്‌നാട് സർക്കാരിന്റെ പ്രത്യേക നിയമപ്രകാരം രൂപീകരിച്ച HR&CE ബോർഡ് സംസ്ഥാനത്തുടനീളമുള്ള 38,000-ത്തിലധികം ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും ചുമതല വഹിക്കുന്ന സംവിധാനമാണ്. ഈ ബോർഡിന്റെ കീഴിൽ വരുന്ന ക്ഷേത്രങ്ങൾക്കും മഠങ്ങൾക്കും കൂടി 4.78 ലക്ഷം ഏക്കർ വിവിധതരം കൃഷിഭൂമികളുണ്ട്.

    “എച്ച്ആർ ആൻഡ് സിഇ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മതസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി ‘തമിഴ് നിലം’ എന്ന വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത ഭൂസ്വത്തുമായി താരതമ്യപ്പെടുത്തി നോക്കുകയും ക്രമപ്പെടുത്തുകയും ചെയ്യുന്നതായി,” ഒരു മുതിർന്ന എച്ച്ആർ & സിഇ ഉദ്യോഗസ്ഥൻ പറഞ്ഞു.

    തമിഴ്‌നാട് റവന്യു വകുപ്പിന്റെ വെബ്സൈറ്റാണ് തമിഴ് നിലം. ഭൂമി സംബന്ധിച്ച എല്ലാ വിവരങ്ങളും ഇതിൽ ലഭ്യമാണ്. ക്ഷേത്ര സമ്പത്തായ ഭൂമിയുടെ ആകെ വിസ്തൃതിയിൽ 3.43 ലക്ഷം ഏക്കർ ഭൂമി ‘തമിഴ് നിലം’ വെബ്‌സൈറ്റുമായി പൂർണ്ണമായും പൊരുത്തപ്പെടുന്നുണ്ട്. ഈ കണക്കുകൾ അടുത്തിടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. കൂടാതെ തമിഴ് നിലം പോർട്ടലുമായി ഭാഗികമായി പൊരുത്തപ്പെടുന്ന സ്ഥലങ്ങളുടെയും പോർട്ടലിൽ ലഭ്യമല്ലാത്ത ഇനങ്ങളുടെയും വിശദാംശങ്ങളും ശേഖരിക്കുകയും ക്രമപ്പെടുത്തുകയും ചെയ്യും. ഭാഗികമായി പൊരുത്തപ്പെടുന്ന കേസുകൾ പൂർണ്ണമായും പൊരുത്തപ്പെടുന്ന കേസുകളാക്കി മാറ്റുന്നതിന് ഉചിതമായ തിരുത്തലുകൾ വരുത്തുന്നതിന് റവന്യൂ വകുപ്പിന് കീഴിലുള്ള അധികൃതർക്ക് മുമ്പാകെ അപ്പീലുകൾ നൽകാനാണ് മതസ്ഥാപനങ്ങൾ മുൻഗണന നൽകുന്നതെന്നും ഒരു ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

    Also read: ചുട്ടുപൊള്ളുന്ന വെയിലിൽ ന​ഗ്നപാദയായി നടന്ന് പെൻഷൻ വാങ്ങാനെത്തുന്ന വയോധിക; കണ്ണു നനച്ച് വീഡിയോ

    വിവിധ വിഭാഗങ്ങൾക്ക് ക്ഷേത്രങ്ങൾ തങ്ങളുടേതായ സ്വത്തുക്കൾ ന്യായമായ വാടകയ്ക്ക് നൽകുകയാണ് ചെയ്യുന്നത്. മതസ്ഥാപനങ്ങളുടെ 21,933 കെട്ടിടങ്ങളും 70,738 ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളും 39,191 കൃഷിഭൂമികളുമുള്ളതായി കണക്കാക്കിയിട്ടുണ്ട്. അവ പാട്ടത്തിന് നൽകിയിട്ടുമുണ്ട്. 2022 ജൂലായ് 1 മുതൽ 2023 മാർച്ച് 21 വരെ 117.63 കോടി രൂപ ഈ വസ്‌തുക്കളിൽ നിന്ന് വാടകയിനത്തിൽ പിരിച്ചെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ആക്‌ട് 1959, സെക്ഷൻ 34 എ പ്രകാരം മതപരവും ജീവകാരുണ്യവുമായ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾക്കും സൈറ്റുകൾക്കും ന്യായമായ വാടക നിശ്ചയിക്കാൻ വ്യവസ്ഥ ചെയ്യുന്നു.

    ഈ നിയമം അനുസരിച്ച് റീജിയണൽ ജോയിന്റ് കമ്മീഷണർ, എക്സിക്യൂട്ടീവ് ഓഫീസർ അല്ലെങ്കിൽ ട്രസ്റ്റി അല്ലെങ്കിൽ ചെയർമാൻ, ട്രസ്റ്റി ബോർഡ്, രജിസ്ട്രേഷൻ വകുപ്പിന്റെ ജില്ലാ രജിസ്ട്രാർ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റി വാണിജ്യ, താമസസ്ഥലങ്ങൾക്കായി ഉപയോഗിക്കുന്ന കെട്ടിടങ്ങൾക്കും സൈറ്റുകൾക്കും ന്യായമായ വാടക നിശ്ചയിക്കുന്ന പ്രക്രിയ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

    റവന്യൂ കോടതികളിൽ ആകെ 7,192 കേസുകൾ ഇത് സംബന്ധിച്ച് കെട്ടിക്കിടക്കുന്നുണ്ട്. ഇതിൽ 2023 മാർച്ച് 28 വരെ 3,463 കേസുകൾ തീർപ്പാക്കി. മതസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി സംരക്ഷിക്കുക, കൈയേറ്റങ്ങൾ കണ്ടെത്തി വീണ്ടെടുക്കുക, ന്യായമായ വാടക നിശ്ചയിക്കുക, പാട്ട തുക കുടിശ്ശിക പിരിച്ചെടുക്കൽ വേഗത്തിലാക്കുക, റവന്യൂ വകുപ്പുമായി ഇതിനെ ഏകോപിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ വിരമിച്ച നാല് ഡെപ്യൂട്ടി കളക്ടർമാർ, 13 തഹസിൽദാർമാർ, ഏഴ് സർവേയർമാർ എന്നിവരും കൂടാതെ എട്ട് വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരും ചുമതല ഏറ്റെടുത്ത് പ്രവർത്തിച്ച് വരികയാണ്.

    Published by:user_57
    First published: