Thaipooyam 2024 | മുരുകഭക്തരുടെ വിശേഷാല്‍ ദിനം; കാവടിയും അഭിഷേകവുമായി തൈപ്പൂയം
- Published by:Arun krishna
- news18-malayalam
Last Updated:
ദേവസേനാധിപതിയായ സുബ്രഹ്മണ്യന്‍റെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും ചടങ്ങുകളുമാണ് ഈ ദിവസം നടക്കുക.
ശിവ-പാര്‍വ്വതി പുത്രനായ സുബ്രഹ്മണ്യനെ ഭക്തിയോടെ ആരാധിക്കുന്ന അനേകം വിശ്വാസികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് തൈപ്പൂയം. തൈ പിറന്താൽ വഴി പിറക്കുമെന്നാണ് തമിഴ് പഴമൊഴി.തമിഴ് കലണ്ടറിലെ തൈമാസത്തിലെ പൂയം നാളും മലയാള മാസങ്ങളില്‍ മകരമാസത്തിലെ പൂയം നാളുമാണ് തൈപ്പൂയമായി ആചരിക്കുന്നത്. ജനുവരി 26 ആണ് 2024ലെ തൈപ്പൂയം. ദേവസേനാധിപതിയായ സുബ്രഹ്മണ്യന്‍റെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും ചടങ്ങുകളുമാണ് ഈ ദിവസം നടക്കുക.
കാവടിയെടുത്തും വ്രതമിരുന്നും നാവില്‍ ശൂലം കുത്തിയുമൊക്കെ വ്യത്യസ്തമായ രീതികളിലാണ് കേരളത്തിലെയും തമിഴ്നാട്ടിലെയും തൈപ്പൂയം ആഘോഷം. മലേഷ്യയിലെ പ്രശസ്തമായ ബട്ടു അരുള്‍മിഗു മുരുകന്‍ ഗുഹാക്ഷേത്രത്തിലാണ് ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും വലിയ തൈപ്പൂയം ആഘോഷം നടക്കുന്നത്. ശ്രീലങ്കയിലെ ജാഫ്നയിലുള്ള നല്ലൂര്‍ കന്തസ്വാമി കോവിലിലും ആഘോഷങ്ങള്‍ നടക്കാറുണ്ട്.
തൈപ്പൂയത്തിന് പിന്നിലെ ഐതീഹ്യം
സുബ്രഹ്മണ്യന്‍ താരകാസുരനെ വധിച്ച ദിവസമാണ് മുരുകഭക്തര്‍ തൈപ്പൂയമായി ആചരിക്കുന്നത്. താരക നിഗ്രഹം കഴിഞ്ഞു വരുന്ന സുബ്രഹ്മണ്യനെ പടയാളികൾ തങ്ങളുടെ വില്ലിൽ പൂക്കൾ കെട്ടി അലങ്കരിച്ച് ആനന്ദ നൃത്തമാടി സ്വീകരിച്ചു. വേലായുധനായ സുബ്രഹ്മണ്യന്റെ ദേഹത്ത് യുദ്ധത്തിലേറ്റ മുറിവുകൾ ശമിക്കുന്നതിന് ശരീരം ഔഷധ ജലത്താൽ അഭിഷേകം ചെയ്തു. ആ അഭിഷേകത്തിന്റെ സ്മരണയ്‌ക്കായി ഈ ദിവസം ഭക്തർ കാവടിയെടുത്ത് ഭസ്തമം, പാല്‍, പനിനീര്‍, കളഭം തുടങ്ങിയവ വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്നു.
advertisement
പ്രധാന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങള്‍...
തമിഴ്നാട്ടിലും കേരളത്തിലും സുബ്രഹ്മണ്യ പ്രതിഷ്ഠയുള്ള നിരവധി ക്ഷേത്രങ്ങളുണ്ട്. പഴനി, തിരുപ്പറങ്കുണ്ട്രം, തിരുച്ചെന്തൂർ, തിരുത്തണി, പഴമുതിർച്ചോലൈ, സ്വാമിമല, കുമാരകോവിൽ, ഉള്ളൂർ, ഹരിപ്പാട്, ചെറിയനാട്, കിടങ്ങൂർ, പെരുന്ന,ഉദയനാപുരം, ഇളങ്കുന്നപ്പുഴ, പയ്യന്നൂർ തുടങ്ങിയ എല്ലാ സുബ്രഹ്മണ്യക്ഷേത്രങ്ങളിലും ഈ ദിവസം അതീവ പ്രധാന്യത്തോടെ ആഘോഷിക്കുന്നു. സുബ്രഹ്മണ്യൻ ഉപദേവതയായ ക്ഷേത്രങ്ങളിലും തൈപ്പൂയാഘോഷം നടക്കുന്നുണ്ട്.
പ്രധാന ചടങ്ങുകള്‍...
മുരുകപ്രീതിക്കായി കാവടിയെടുക്കലാണ് ഭക്തര്‍ ഈ ദിവസം പ്രധാനമായും നടത്തുന്ന അനുഷ്ഠാനം. പീലിക്കാവടി, ഭസ്മക്കാവടി, അഗ്നിക്കാവടി, പാല്‍ക്കാവടി എന്നിങ്ങനെ വിവിധ തരത്തില്‍ ഭക്തര്‍ ഇത് നടത്തിപ്പോരുന്നു. തൈപ്പൂയ ദിവസം വ്രതം നോല്‍ക്കുന്നവരുമുണ്ട്. കവിളിലും നാവിലും വേല്‍ (ശൂലം) തറച്ച് കാവടിയെടുക്കുന്ന രീതിയും പലയിടത്തുമുണ്ട്. ഹിഡുംബന്‍ പൂജ എന്ന പ്രത്യേക ചടങ്ങും തൈപ്പൂയത്തിന്‍റെ ഭാഗമായി ക്ഷേത്രങ്ങളില്‍ നടത്തുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
January 25, 2024 5:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
Thaipooyam 2024 | മുരുകഭക്തരുടെ വിശേഷാല്‍ ദിനം; കാവടിയും അഭിഷേകവുമായി തൈപ്പൂയം