വെട്ടുകാട് തിരുനാൾ നവംബർ 17 മുതൽ 26 വരെ; രണ്ട് താലൂക്കുകളിൽ 17ന് അവധി
- Published by:Anuraj GR
- news18-malayalam
Last Updated:
17 മുതൽ 26 വരെ നടക്കുന്ന പെരുന്നാളിന് മുന്നോടിയായി സർക്കാർ വകുപ്പുകൾ ഒരുക്കുന്ന അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇതിനോടകം ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദൈവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാൾ നവംബർ 17 മുതൽ 26 വരെ നടക്കും. നവംബർ 17ന് വൈകിട്ട് നാലരയ്ക്ക് ബിഷപ്പ് ക്രിസ്തുദാസിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് ശേഷം ഇടവക വികാരി റവ. ഡോ. എഡിസൻ വൈ. എം. കൊടിയേറ്റ് കർമ്മങ്ങൾക്ക് നേതൃത്വം നല്കും. തുടർന്ന് ക്രിസ്തുരാജ സ്ന്നിധിയിൽ പാദപൂജ നടക്കും. തിരുനാൾ ദിനങ്ങളിൽ എല്ലാ ദിവസവും വിവിധ സമയങ്ങളിലായി 5 ദിവ്യബലിയർപ്പണവും, വൈകുന്നേരം 5.30 മണിക്കുള്ള ദിവ്യബലിക്ക് ശേഷം ക്രിസ്തുരാജ സന്നിധിയിൽ പാദപൂജയും ഉണ്ടായിരിക്കും.
വെട്ടുകാട് തിരുന്നാളിനോട് അനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ രണ്ട് താലൂക്കുകൾക്ക് നവംബർ 17ന് ഉച്ചയ്ക്കുശേഷം സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകൾക്കാണ് അവധി. കാട്ടാക്കട താലൂക്കിൽ ഉൾപ്പെടുന്ന അമ്പൂരി, വാഴിച്ചൽ, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറൂർ, കുളത്തുമ്മൽ, മാറനല്ലൂർ, മലയിൻകീഴ്, വിളവൂർക്കൽ, വിളപ്പിൽ വില്ലേജ് പരിധിയിലുൾപ്പെടുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. മുൻനിശ്ചിയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
ഫ്രാൻസിസ് പാപ്പയുടെ മൂന്നാം ചാക്രിക ലേഖനമായ “ഫ്രത്തേല്ലി തൂത്തി” (ഏവരും സോദരർ) എന്നതാണ് ഈ വർഷത്തെ ക്രിസ്തു രാജത്വ തിരുനാളിന്റെ ആപ്ത വാക്യം. തിരുനാളിനോടാനുബന്ധിച്ചു 5 നിർധന കുടുംബങ്ങൾക്ക് ഭവനം നിർമ്മിച്ചു നൽകുവാനും LP സ്കൂളിലെ വിദ്യാർത്ഥികൾക്ക് പുതിയ കെട്ടിടം, നിലവിലെ ദേവാലത്തിന്റെ താഴത്തെ നിലയിൽ ആരാധനാലയം എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാനും ഇടവക ഭരണ സമിതി തീരുമാനമെടുത്തതായി ഇടവക വികാരി അറിയിച്ചു.
advertisement
നവംബർ 19ന് രാവിലെ 10 മണിക്ക് മലങ്കര റീത്തിൽ നടക്കുന്ന ദിവ്യബലിക്ക് തിരുവനന്തപുരം മലങ്കര മേജർ അതിരൂപത സഹായ മെത്രാൻ മോസ്റ്റ്. റവ. ഡോ. മാത്യൂസ് മാർ പോളികാർപ്പോസ് മുഖ്യകാർമികത്വം വഹിക്കും. നവംബർ 22 ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ലത്തീൻ ഭാഷയിലെ ദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപത പ്രൊക്യൂറേറ്റർ ഫാ. ജൂലിയസ് സാവിയോ മുഖ്യകാർമികത്വം വഹിക്കും. നവംബർ 24 വെള്ളിയാഴ്ച രാവിലെ നടക്കുന്ന തമിഴ് ദിവ്യബലിക്ക് കോട്ടാർ രൂപത ബിഷപ്പ് എമിരിത്തൂസ് മോസ്റ്റ്. റവ. ഡോ. റെമിജിയൂസ് മുഖ്യകാർമികത്വം വഹിക്കും. അന്നേദിനം വൈകുന്നേരം 5.30 മണിക്കുള്ള ദിവ്യബലിയർപ്പിക്കുന്നത് തിരുവനന്തപുരം അതിരൂപത ആർച്ചബിഷപ്പ് എമിരിത്തൂസ് മോസ്റ്റ്. റവ. ഡോ. സൂസപാക്യം ആയിരിക്കും.
advertisement
നവംബർ 25 ശനിയാഴ്ച രാവിലെ 9 മണിക്ക് ഹിന്ദിയിലും വൈകുന്നേരം 3.30 മണിക്ക് ലത്തീൻ ഭാഷയിലും ദിവ്യബലി ഉണ്ടായിരിക്കും. വൈകുന്നേരം 5.30 മണിക്ക് നടക്കുന്ന സന്ധ്യാവന്ദന പ്രാർത്ഥനയ്ക്ക് തിരുവനന്തപുരം അതിരൂപത ചാൻസിലർ വെരി. റവ. മോൺ. ഡോ. സി. ജോസഫ് മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് ക്രിസ്തുരാജ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം നടക്കും. തിരുനാൾ ദിനമായ നവംബർ 26 ഞായറാഴ്ച രാവിലെ 6 മണിക്ക് തിമിഴ് ദിവ്യബലിയും, 8 മണിക്ക് സീറോ മലബാർ റീത്തിലുള്ള ദിവ്യബലിയും ഉണ്ടായിരിക്കും. വൈകുന്നേരം നടക്കുന്ന ആഘോഷമായ തിരുനാൾ പൊന്തിഫിക്കൽ സമൂഹദിവ്യബലിക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത തോമസ് ജെ. നെറ്റോ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും. ഡിസംബർ ഒന്ന് വെള്ളിയാഴ്ച വൈകുന്നേരം 5.30 ന് നടക്കുന്ന ദിവ്യബലിക്ക്ശേഷം കൊടിയിറക്ക് കർമ്മവും നടക്കും.
advertisement
തിരുനാളിനോടനുബന്ധിച്ച് പോപ്പുലർ മിഷൻ ധ്യാനഗുരു റവ. ഫാ. പ്രവീസ് മത്തിയാസ് സി.എം നയിക്കുന്ന ഒരുക്കധ്യാനം നവംബർ 13, 14, 15 തീയതികളിൽ നടക്കും. തിരുനാൾ ദിവസങ്ങളിലും എല്ലാ വെള്ളിയാഴ്ചകളിലും കുമ്പസാരത്തിനും കൗൺസിലിംഗിനുമുള്ള സൗകര്യമുണ്ടായിരിക്കുമെന്നും ഇടവക വികാരി അറിയിച്ചു. നവംബർ 26 രാവിലെ 11 മണിക്ക് കുഞ്ഞുങ്ങളുടെ ആദ്യ ചോറൂട്ടും 11.30 മണിക്ക് തീർത്ഥാടകർക്ക് സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. നവംബർ 12 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ യു.എ.ഇ, അമേരിക്ക, ഖത്തർ, കുവൈറ്റ്, യു.കെ, ആസ്ട്രേലിയ, കാനഡ, ഇറ്റലി എന്നിവടങ്ങളിൽ വെട്ടുകാട് ഇടവാകാംഗങ്ങൾ ക്രിസ്തുരാജത്വ തിരുനാൾ ആഘോഷിക്കും.
advertisement
തിരുനാളിനോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. 17 മുതൽ 26 വരെ നടക്കുന്ന പെരുന്നാളിന് മുന്നോടിയായി സർക്കാർ വകുപ്പുകൾ ഒരുക്കുന്ന അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇതിനോടകം ഒരുക്കിയിട്ടുണ്ട്. തിരുന്നാളിനോട് അനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേക ബസ് സർവീസ് നടത്തും. ഇതുകൂടാതെ ശംഖുമുഖത്തുനിന്ന് ഇലക്ട്രിക് ബസിൽ തീർഥാടകരെ വെട്ടുകാട് പള്ളിയിലേക്ക് എത്തിക്കുന്ന കാര്യവും പരിഹണിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
November 13, 2023 12:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
വെട്ടുകാട് തിരുനാൾ നവംബർ 17 മുതൽ 26 വരെ; രണ്ട് താലൂക്കുകളിൽ 17ന് അവധി