• HOME
 • »
 • NEWS
 • »
 • life
 • »
 • Green Heroes | പാഴ്നിലം പച്ചപ്പാക്കി മാറ്റി സ്കൂൾ വിദ്യാർത്ഥികൾ; എട്ടേക്കറിൽ വളരുന്നത് 2000 ഇനം സസ്യങ്ങൾ

Green Heroes | പാഴ്നിലം പച്ചപ്പാക്കി മാറ്റി സ്കൂൾ വിദ്യാർത്ഥികൾ; എട്ടേക്കറിൽ വളരുന്നത് 2000 ഇനം സസ്യങ്ങൾ

ഏകദേശം 2000ല്‍ പരം വരുന്ന ചെടികളും മരങ്ങളും ഈ തോട്ടത്തിലുണ്ട്. കൂടാതെ സ്‌കൂള്‍ അധികൃതര്‍ ഗ്രാമ പഞ്ചായത്ത് പ്രതിനിധികളെ സമീപിച്ചതിന്റെ ഫലമായി ക്യാംപസിനകത്ത് തന്നെ മഴവെള്ളം സംഭരിക്കാനുള്ള സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

(Representational Image)

(Representational Image)

 • Last Updated :
 • Share this:
  ബെംഗളുരു: കര്‍ണാടകയിലെ കൊപ്പള ജില്ലയിലെ ലിങ്കനബുന്ധി എന്ന കൊച്ചുഗ്രാമത്തിലാണ് മൊറാര്‍ജി ദേശായി റെസിഡന്‍ഷ്യന്‍ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ഏകദേശം 8 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ഈ ക്യാംപസ് അവിടെ താമസിച്ചു പഠിക്കുന്ന 250 വിദ്യാര്‍ത്ഥികളുടെ കഠിന പ്രയത്‌നത്തിന്റെ ഫലം കൂടിയാണ്.

  ഏകദേശം മൂന്നര വര്‍ഷം മുന്‍പാണ് സംഭവത്തിന്റെ തുടക്കം. സ്‌കൂളിലെ 6 മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പൂന്തോട്ട നിര്‍മ്മാണത്തില്‍ കാര്യമായി ശ്രദ്ധയൂന്നാന്‍ തീരുമാനിച്ചതോടെ കാര്യങ്ങള്‍ പെട്ടെന്ന് മാറിമറിയുകയായിരുന്നു. കൈകള്‍ അഴുക്കാവാന്‍ മടിയില്ലാത്ത ഈ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ പിന്തുണയുമായി അവരുടെ അധ്യാപകരും കൂടെയുണ്ടായിരുന്നു. മണ്ണ് കിളയ്ക്കുന്നത് മുതല്‍ ഏത് ചെടികള്‍ തെരെഞ്ഞെടുക്കണം എന്ന കാര്യത്തില്‍ വരെ മുന്‍പന്തിയില്‍ നിന്നത് വിദ്യാര്‍ത്ഥികള്‍ തന്നെയാണ്.

  ഏകദേശം 2000ല്‍ പരം വരുന്ന ചെടികളും മരങ്ങളും ഈ തോട്ടത്തിലുണ്ട്. കൂടാതെ സ്‌കൂള്‍ അധികൃതര്‍ ഗ്രാമ പഞ്ചായത്ത് പ്രതിനിധികളെ സമീപിച്ചതിന്റെ ഫലമായി ക്യാംപസിനകത്ത് തന്നെ മഴവെള്ളം സംഭരിക്കാനുള്ള സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്. സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ആത്മാര്‍ത്ഥതയും താല്‍പര്യവും കണ്ട് നാട്ടുകാരായ യുവാക്കളും അവരോടൊപ്പം ചേര്‍ന്നതോടെ പദ്ധതി വിജയിക്കുകയായിരുന്നു. ഇതിന്റെ ഫലമെന്നോണം എട്ട് ഏക്കര്‍ പാഴ്ഭൂമി ഒരു പച്ചപ്പായി മാറി. മാങ്ങ, ചെറി, പുളി, ചക്ക, പഴം, പപ്പായ, കോട്ടണ്‍, ജാമൂന്‍, ഫിക്കസ്, പാം തുടങ്ങി നിരവധി സസ്യ, പഴ വര്‍ഗങ്ങളാണ് ഈ സ്‌കൂള്‍ തോട്ടത്തില്‍ വിളയിക്കുന്നത്.

  ''ആദ്യ ദിവസം മുതല്‍ അവര്‍ തന്നെ നട്ടുവളര്‍ത്തിയത് കൊണ്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇവിടത്തെ സസ്യങ്ങളോട് ഏറെ വൈകാരിമായി തന്നെ ബന്ധപ്പെട്ടു കിടക്കുന്നു. കുട്ടികള്‍ക്ക് ആഗോള താപനത്തെ കുറിച്ചും, ജല സംരക്ഷണത്തെ കുറിച്ചും, മരങ്ങളും സസ്യങ്ങളും വളര്‍ത്താനുള്ള ആളുകളുടെ ബുദ്ധിമുട്ടുകളെ കുറിച്ചും അവബോധം നല്‍കാന്‍ കഴിയുമെന്നാണ് ഞങ്ങള്‍ കരുതിയത്. കോവിഡ് കാരണം ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടേക്ക് വരാന്‍ സാധിക്കുന്നില്ല. എന്നാല്‍ ഞങ്ങള്‍ ഈ തോട്ടങ്ങളെ നന്നായി പരിപാലിക്കുന്നുണ്ട്. സ്‌കൂള്‍ തുറന്ന് കുട്ടികള്‍ തിരിച്ചെത്തുന്‌പോള്‍ ചെടികള്‍ വളര്‍ന്നത് കണ്ട് അവര്‍ക്ക് വളരെ സന്തോഷമാവും,'' മൊറാര്‍ജി ദേശായി റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശരണപ്പ കര്‍ജാഗി പറഞ്ഞു.

  ''സ്‌കൂള്‍ തുറക്കാനും ഞാന്‍ നട്ട മാവ് പോയിനോക്കാനും വേണ്ടി കാത്തിരിക്കുകയാണ് ഞാന്‍. മാവ് വളര്‍ന്നു വലുതായെന്നാണ് ടീച്ചര്‍ പറയുന്നത്. സ്‌കൂളില്‍ കളിക്കുന്നതിനേക്കാള്‍ തോട്ടപ്പണി ചെയ്യാനായിരുന്നു ഞങ്ങള്‍ക്കിഷ്ടം. എല്ലാവരോടും ഈ തോട്ടം കാണിച്ച് ഇത് ഞങ്ങളുണ്ടാക്കിയതാണെന്ന് പറയാന്‍ സാധിക്കും,'' ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ വിനയ് പറഞ്ഞു.

  ''കുട്ടികളെ മുഴുസമയവും പഠിക്കാന്‍ വേണ്ടി നിര്‍ബന്ധിക്കുന്നതിന് പകരം ഇത്തരം കാര്യങ്ങളിലേക്കും വഴി തിരിച്ചുവിടുക എന്നത് നല്ല ഒരു ആശയമാണ്. അവര്‍ പ്രകൃതിയെ ബഹുമാനിക്കാനും സന്തോഷിക്കാനും ഇത് കാരണമാകും. ഈ മനോഹരമായ പദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്,'' സ്‌കൂള്‍ ജീവനക്കാരനായ ശിവപ്പ ഭജന്തിര പറഞ്ഞു. കുട്ടികളുടെ അഭാവത്തില്‍ തോട്ടം നോക്കി നടത്തുവരില്‍ പ്രധാനിയാണ് അദ്ദേഹം.
  Published by:Jayashankar AV
  First published: