കൊൽക്കത്ത: നഗരവത്ക്കരണം മൃഗങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയെ മാത്രമല്ല ഭക്ഷണ മുൻഗണനകളിൽ വരെ മാറ്റം വരുത്തുന്നതായി റിപ്പോർട്ട്. കൊൽക്കത്ത (Kolkata) സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര വിഭാഗത്തിലെ ഡിഎസ്ടി-ഇൻസ്പയർ ഫാക്കൽറ്റിയായ മനാബി പോളും സംഘവും ദക്ഷിണേശ്വർ പ്രദേശത്ത് ഹനുമാൻ കുരങ്ങുകളിൽ (Gray Langurs) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. പഠനത്തിൽ, സസ്യാഹാരങ്ങൾക്ക് പകരം ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങളായ ബ്രെഡും (Bread) ബണ്ണും പോലുള്ളവയാണ് കുരങ്ങുകൾ കഴിക്കാൻ താത്പര്യപ്പെടുന്നതെന്ന് കണ്ടെത്തി.
2018 സെപ്റ്റംബറിനും ഡിസംബറിനും ഇടയിൽ ദക്ഷിണേശ്വർ, നങ്കി, നാൽപൂർ എന്നിവിടങ്ങളിലാണ് പോളും സംഘവും വിവിധ ഹനുമാൻ കുരങ്ങ് സംഘങ്ങളെ നിരീക്ഷണത്തിനായി കണ്ടെത്തിയത്. 2019 ജനുവരി-മാർച്ച് 2020 കാലയളവിൽ ചോയ്സ് അടിസ്ഥാനമാക്കിയുള്ള പരീക്ഷണം നടത്തി. നാൽപൂർ, നങ്കി എന്നിവിടങ്ങളിൽ നിന്ന് വ്യത്യസ്തമായി ദക്ഷിണേശ്വരിലുള്ള ഹനുമാൻ കുരങ്ങുകൾ കൂടുതലും സംസ്‌കരിച്ച ഭക്ഷണങ്ങളാണ് (83%) ആശ്രയിക്കുന്നതെന്ന് കണ്ടെത്തി. എന്നാൽ നാൽപൂർ, നങ്കി പ്രദേശങ്ങളിലെ കുരങ്ങുകൾ കൂടുതലും പച്ചക്കറികൾ, പഴങ്ങൾ, ഇലകൾ, പൂക്കൾ എന്നിവയെയാണ് ആശ്രയിക്കുന്നതെന്നും പഠനത്തിൽ കണ്ടെത്തി.
“ഞങ്ങൾ കോളിഫ്ലവർ, വഴുതന, ബ്രെഡ്, നിലക്കടല എന്നിവ അടങ്ങിയ ഒരു ഫുഡ് ട്രേ കുരങ്ങുകൾക്ക് വാഗ്ദാനം ചെയ്തു. ഇത്തരത്തിൽ നടത്തിയ 83 പരീക്ഷണങ്ങളിൽ 74 എണ്ണം അന്തിമ വിശകലനത്തിനായി പരിഗണിച്ചു. മിക്ക കേസുകളിലും ഹനുമാൻ കുരങ്ങുകൾ വഴുതന ആദ്യം തിരഞ്ഞെടുക്കുകയും പിന്നീട് ബ്രെഡിലേക്ക് മാറുകയും ചെയ്തു. അത് അവരുടെ ഭക്ഷണ മുൻഗണനകളെ പ്രതിഫലിപ്പിക്കുന്നു. സ്വാഭാവിക ആവാസവ്യവസ്ഥ നഷ്ടപ്പെട്ട കുരങ്ങുകൾ നഗര ആവാസവ്യവസ്ഥയുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയും മനുഷ്യരോടൊപ്പം താമസിക്കാൻ ഭക്ഷണ ശീലങ്ങൾ മാറ്റുകയും ചെയ്യുന്നുവെന്ന നിഗമനത്തിൽ എത്തിയതായി ” പോൾ അഭിപ്രായപ്പെട്ടു.
കുരങ്ങുകളുടെ ഇത്തരത്തിലുള്ള ഭക്ഷണശീലം അവയുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ ബയോളജിക്കൽ സയൻസസ് അസോസിയേറ്റ് പ്രൊഫസർ അനിന്ദിത ഭദ്ര മുന്നറിയിപ്പ് നൽകി.
അടുത്തിടെ നിലമ്പൂരിൽ നാട്ടുകാരെ ശല്യം ചെയ്ത കരിങ്കുരങ്ങിനെ പിടിച്ച് കൂട്ടിലാക്കിയിരുന്നു. എന്നാല്‍ ഇതോടെ പൊല്ലാപ്പിലായത് വനപാലകരാണ്. കാരണം ഈ കരിങ്കുരങ്ങിന് മൂന്നു നേരം ഭക്ഷണം മാത്രം പോരാ. നല്ല പൊറോട്ടയും കിട്ടണം. നെല്ലിക്കുത്ത് വനമേഖല പരിസരത്ത് നിന്ന് പിടികൂടിയ കരിങ്കുരങ്ങ് നിലമ്പൂര്‍ ആര്‍ ആര്‍ ടി ഓഫീസ് പരിസരത്തെ കൂട്ടില്‍ വനപാലകരുടെ സംരക്ഷണത്തിലാണ് കഴിയുന്നത്. പ്രദേശവാസികള്‍ക്ക് ശല്യക്കാരനായിരുന്ന ഇവനെ നാട്ടുകാരുടെ ആവശ്യപ്രകാരമാണ് വനം ആര്‍ ആര്‍ ടി വിഭാഗം പിടികൂടി നിലമ്പൂരിലെ ഓഫീസ് പരിസരത്തെ കൂട്ടിലാക്കിയത്. മൂന്ന് തവണയായി ചേരംമ്പാടി വനമേഖലയിലും നാടുകാണി ചുരത്തിലും കക്കാടംപൊയില്‍ വനമേഖലയിലും വിട്ടെങ്കിലും ശല്യകാരനായ കുരങ്ങ് വീടുകളില്‍ കയറി സാധനങ്ങള്‍ നശിപ്പിച്ചതോടെയാണ് വനപാലകര്‍ വീണ്ടും ആര്‍ആര്‍ടി ഓഫീസ് പരിസരത്ത് എത്തിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.