ഒന്നിനു പുറകെ ഒന്നായി സ്തനാർബുദം ബാധിച്ച മൂന്ന് ആത്മസുഹൃത്തുക്കൾ; പരസ്പരം കാവലായ അപൂർവ സൗഹൃദം

Last Updated:

ഒരാളുടെ ചികിത്സ കഴിഞ്ഞ് അടുത്തയാൾക്ക് എന്ന രീതിയിൽ മൂന്നു പേരും സ്തനാർബുദരോഗികളായി മാറി

News18
News18
‌ബാല്യകാലത്തിൽ ആരംഭിച്ച സൗഹൃദം 44 വയസുവരെയും കാത്തു സൂക്ഷിക്കുന്നവർ ചുരുക്കം ചിലർ മാത്രമായിരിക്കും. ദിവസവും ഫോൺ വിളിക്കും പിറന്നാൾ സമ്മാനങ്ങൾ കൈമാറി സൗഹൃദം കാത്തുസൂക്ഷിച്ച മൂന്നു പേർക്കും അർബുദം ഒരുപോലെ ബാധിച്ചെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? ‍
ആത്മസുഹൃത്തുക്കളായ മൂന്നു പേർക്കും ക്യാൻസർ ബാധിച്ചതിന്റെ കഥ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് ലിജി എന്ന ഫെയ്സ്ബുക്ക് ഉപയോക്താവ്. മൂന്നു പേർക്കും ഒരുപോലെ ക്യാൻസർ ബാധിച്ചതിനെ കുറിച്ചും മൂവരും അസുഖത്തെ അതിജീവിച്ചതിനെ കുറിച്ചുമാണ് ലിജി ഫെയ്സ്ബുക്കിലൂടെ വിവരിച്ചത്. ചങ്ങനാശ്ശേരി സ്വദേശികളായ സോണിയ,രാധിക,മിനി എന്നിവരുടെ അതിജീവനത്തിന്റെ കഥയാണിത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
‘സൗഹൃദത്തിൻ്റെ ആകാശം തൊട്ടവർ
........ ......... ......... ........
"നിനക്കാതെ പെയ്ത മഴയിൽ ഒരുമാത്ര കയറി നിൽക്കാനുള്ള ശീലക്കുടയല്ല ചങ്ങാതി.......ജീവിതം ഒരുവനായി കരുതിവയ്ക്കുന്ന അനന്യമായ കരുണയുടെ പേരാണ് കൂട്ട് " - ബോബി ജോസ് കട്ടിക്കാട്
advertisement
ഇന്ന് ഞാൻ പറയുന്നത് ഒരു അപൂർവ്വസൗഹൃദത്തിൻ്റെകഥയാണ് .സൗഹൃദത്തിന്റെ കൂട്ടുകളെല്ലാം ശരിയായ അളവിൽ കൂടി ചേർന്ന അതിമനോഹരമായ ഒരു സുഹൃത്‌ബന്ധത്തിൻ്റെ കഥ. വരൂ, ഈ സൗഹൃദത്തിൻ്റെ പുഴയോരത്ത് അല്പനേരം നമുക്ക് കാറ്റേറ്റിരിക്കാം. ഇവർ സോണിയ ,രാധിക, മിനി. ചങ്ങനാശ്ശേരി സ്വദേശികളായ ഇവരുടെ അപ്പനപ്പൂപ്പന്മാരുടെ കാലം തൊട്ടേ കുടുംബങ്ങൾ തമ്മിൽ നല്ല സൗഹൃദത്തിലാണ് .ആ സൗഹൃദം പിൻതലമുറയും അണയാതെ കാത്തുസൂക്ഷിക്കുന്നു.
ഒരുമിച്ചു പഠിച്ചും, കൂട്ടുകൂടിയും ,കളിച്ചും, വഴക്കിട്ടും അയൽപക്ക സൗഹൃദത്തിലൂടെ വളർന്ന ബന്ധം വിവാഹം കഴിഞ്ഞ് മൂന്നു സ്ഥലത്തായിട്ടും ഇവർ ഉപേക്ഷിച്ചില്ല . ഇവർക്കിപ്പോൾ പ്രായം 44 . മൂന്നുപേരും മികച്ച തയ്യൽക്കാരാണ്. മിനി നേഴ്സിങ് പഠിച്ചെങ്കിലും അതുപേക്ഷിച്ച് കൂട്ടുകാരുടെ തൊഴിലായ തയ്യലിലേക്ക് തിരിച്ചെത്തുകയായിരുന്നുദിവസവും വീഡിയോ കോൾ വിളിച്ചും, നേരിട്ട് കണ്ടുമുട്ടിയും, ജന്മദിനങ്ങളും വിവാഹ വാർഷികവും ആഘോഷിച്ചും, സമ്മാനങ്ങൾ കൈമാറിയും ആത്മസൗഹൃദത്തെ ഇവർ ഊട്ടിഉറപ്പിച്ചു. ഇവരുടെ കലർപ്പില്ലാത്ത സ്നേഹ സൗഹൃദത്തിന്റെ ആഴംകണ്ട് അസൂയപ്പെടാത്തവർ ചുരുക്കമായിരുന്നു.
advertisement
ഈശ്വരനും തോന്നി ഇവരോട് ഇത്തിരി അസൂയ. ഒന്ന് പരീക്ഷിച്ചു നോക്കാൻ അങ്ങേര് തീരുമാനിച്ചു. ഇവിടെയാണ് കഥയുടെ ട്വിസ്റ്റ് തുടങ്ങുന്നത്.ഓരോരുത്തരായി അർബുദ രോഗികൾ ആകുന്നു!!! ഒരാളുടെ ചികിത്സ കഴിഞ്ഞ് അടുത്തയാൾക്ക് എന്ന രീതിയിൽ മൂന്നു പേരും സ്തനാർബുദരോഗികളായി മാറി. ആരെയും അത്ഭുതപ്പെടുത്തുന്ന ഇവരുടെ കഥ കേട്ടു കഴിയുമ്പോൾ മനസിൽ വിങ്ങലായി ഒരു ചോദ്യം അവശേഷിക്കും -ആത്മസൗഹൃദത്തിൻറെ ഇഴയടുപ്പങ്ങളിലേക്ക് എങ്ങനെ അർബുദ കോശങ്ങൾ ഒരുപോലെ മൂവരിലും കയറിക്കൂടി?? തികച്ചും മാനുഷികമായ ചിന്തയാണെങ്കിലും ഞാനും ചോദിച്ചു കുറച്ചു ചോദ്യങ്ങൾ - പ്രിയ സുഹൃത്തിന് അർബുദം ബാധിച്ചപ്പോൾ ബാക്കി രണ്ടു പേരും ഈശ്വരനോട് അവൾ അനുഭവിക്കുന്ന യാതനകളും വേദനകളും എനിക്ക് കൂടി തരണേ എന്ന് യാചിച്ചു വാങ്ങിയതാണോ? പരസ്പരം ശുശ്രൂഷിച്ചും സഹായിച്ചും കൂടെ നിന്നപ്പോൾ പകർച്ചവ്യാധി പോലെ ശരീരത്തിൽ കയറിക്കൂടിയതാണോ?? തയ്യൽ എന്ന ഒരേ തൊഴിൽ ചെയ്തതിന്റെ ബാക്കിപത്രമാണോ?? ഏയ്..അതൊന്നുമല്ല.....എന്നാലും.....
advertisement
എല്ലാം യാദൃശ്ചികത ആവാം.ദൈവത്തിൻറെ വികൃതിയായി കണ്ടു നമുക്ക് അന്വേഷണം നിർത്താം. എങ്കിലും വൈദ്യശാസ്ത്രത്തിനു മുന്നിൽ ഓങ്കോളജിസ്റ്റിന് മുന്നിൽ ഈ ചോദ്യങ്ങൾ വെറുതെ ഇട്ടുതരുന്നു....
കൂട്ടത്തിൽ ഏറ്റവും ധൈര്യമുള്ള സോണിയക്കാണ് ആദ്യം ബ്രെസ്റ്റ് ക്യാൻസർ ഡയഗണൈസ് ചെയ്തത്. നിപ്പിൾ ഡിസ്ചാർജായിരുന്നു ആദ്യ ലക്ഷണം. പിന്നീട് അതേ ബ്രെസ്റ്റിൽ സിസ്റ്റ് രൂപപ്പെട്ടു. ചങ്ങനാശ്ശേരി ഗവൺമെൻ്റ് ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് എന്നിവടങ്ങളിലായിFNAC യും ബയോപ്സിയും ചെയ്തു. മെഡിക്കൽ കോളേജിൽ നിന്ന് റിസൾട്ട് കിട്ടാൻ 52 ദിവസം വേണ്ടി വന്നു!! കുഴപ്പമൊന്നുമുണ്ടായില്ല. എങ്കിലും ഡോക്ടറുടെ നിർദ്ദേശപ്രകാരം മുഴ നീക്കം ചെയ്തു. ഏതാണ്ട് ഒരു വർഷമാകാറായപ്പോൾ 2022 സെപ്റ്റംബറിൽ വലതു ബ്രെസ്റ്റിലും ഒരു മുഴ കണ്ടതിനെ തുടർന്ന് സർജറി ചെയ്ത് ബയോപ്സിക്ക് വിട്ടു. ഇപ്രാവശ്യം അർബുദം സ്ഥിരീകരിച്ചു -carcinoma-in-situ-തുടക്കമാണ്, എങ്ങും പടർന്നിട്ടില്ല. അതുകൊണ്ട് ഒന്നുകിൽ കീമോ ,റേഡിയേഷൻ ചെയ്യുക ഇല്ലെങ്കിൽ ബ്രെസ്റ്റ് ഫുൾ നീക്കം ചെയ്യുക എന്ന് ഡോക്ടർ നിർദ്ദേശിച്ചു. തൻറെ അമ്മയ്ക്ക് ബ്രസ്റ്റ് ക്യാൻസർ വന്നപ്പോൾ കീമോയും റേഡിയേഷനും എടുത്തതിന്റെ ദുരിതങ്ങൾ മനസ്സിൽ നിന്ന് ഇതുവരെ മായാത്തതുകൊണ്ട് ബ്രസ്റ്റ് നീക്കം ചെയ്യുവാൻ തന്നെ തീരുമാനിച്ചു. അങ്ങനെ 2022 സെപ്റ്റംബറിൽ ബ്രസ്റ്റ് റിമൂവ് ചെയ്തു. പത്തുവർഷത്തേക്ക് മെഡിസിൻ എടുക്കണം. മെഡിസിൻ എടുത്തു തുടങ്ങിയപ്പോൾ അതിൻറെ സൈഡ് എഫക്റ്റായി ഷുഗറും മറ്റ് അസുഖങ്ങളും കൂട്ടിന് എത്തി. ചികിത്സയെത്തുടർന്ന് ചെയ്തുകൊണ്ടിരുന്ന ജോലിയും നഷ്ടപ്പെട്ടു. അപ്പോഴും നിരാശയാകാതെ തനിക്കറിയാവുന്ന തയ്യൽ ജോലി ചെയ്തു ഉപജീവനമാർഗം കണ്ടെത്തി.സോണിയയും കുടുംബവും ചങ്ങനാശ്ശേരി വട്ടപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്നു. ഭർത്താവ് ഓട്ടോ ഡ്രൈവറും ലോഡിങ് തൊഴിലാളിയും ആണ്.ചികിത്സാ സമയത്ത് രണ്ടു കൂട്ടുകാരും ഇടം വലം നിന്ന് സഹായിച്ചു.
advertisement
സോണിയയുടെ ചികിത്സ കഴിഞ്ഞതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും ആയിരുന്നു രാധികയും മിനിയും .അപ്പോഴാണ് തൊട്ടടുത്ത മാസം രാധികയ്ക്ക് പനിയും കൈ വേദനയും പിടികൂടിയത്. ഗവൺമെൻറ് ആശുപത്രിയിൽ കാണിച്ചു. അലർജിയാണെന്ന് പറഞ്ഞ് ആറേഴുമാസം മരുന്ന് കഴിച്ചു. കുറവുണ്ടായില്ല. 2023 ജൂലൈ ആയപ്പോൾ ബ്രെസ്റ്റിൽ ഒരു തടിപ്പ് ഉള്ളതായി ശ്രദ്ധിച്ചു. പുഷ്പഗിരിയിൽ മാമോഗ്രാം ചെയ്തതുമായി മെഡിക്കൽ കോളേജിലേക്ക് ചെന്നു. അവിടെ ബയോപ്സി ചെയ്യ്ത് ക്യാൻസർ സ്ഥിരീകരിച്ചു - ER/PRപോസിറ്റീവ് . പിന്നീട് മുഴയും കക്ഷത്തിലെ കഴലകളും സർജറിയിലൂടെ നീക്കം ചെയ്തു . തുടർന്ന് 20 റേഡിയേഷനും എട്ടു കീമോയും എടുത്തു. അതേതുടർന്ന് മുടിയും നഖങ്ങളും എല്ലാം കൊഴിഞ്ഞുപോയി. അതിവേദന കൊണ്ട് പിടയുമ്പോൾ കൂട്ടുകാർ രണ്ടുപേരും ധൈര്യം പകർന്ന് ഒപ്പം നിന്നു. വർഷങ്ങളായി ഹൃദയ വാൽവിന്റെ തകരാറിനു ചികിത്സ എടുക്കുകൂടി ചെയ്യുന്നുണ്ട് രാധിക. എല്ലാംകൂടി മാനസികമായി തളർത്തിയെങ്കിലും ഭർത്താവും മക്കളും കൂട്ടുകാരും ഒപ്പം നിന്നത് വലിയ ആശ്വാസമായി. ഇപ്പോൾ ഫോളോ അപ്പും മരുന്നുമുണ്ട് .ഭർത്താവ് കൂലിപ്പണി ചെയ്യുന്നു. മക്കൾ രണ്ടുപേരും പഠിക്കുന്നു.മുട്ടാറാണ് ഇവർ താമസിക്കുന്നത്.
advertisement
കൂട്ടത്തിൽ ഏറ്റവും തൊട്ടാവാടി ആയിരുന്നു മിനി .ഭയങ്കര സെൻസിറ്റീവ്. പ്രിയപ്പെട്ട കൂട്ടുകാരായ രാധികക്കും സോണിയയ്ക്കും കാൻസർ വന്നപ്പോൾ ആത്മാർത്ഥമായി നിന്ന് അവരെ പരിചരിച്ചു. അടുത്തത് തനിക്കാവുമോ എന്ന ചിന്ത മിനിയുടെ മനസ്സിനെ ഉലക്കാതിരുന്നില്ല. രാധികയുടെ ചികിത്സ 2023 ഡിസംബറിൽ കഴിഞ്ഞ ഉടൻ മിനിയുടെ സ്തനത്തിലും വേദനയും മുഴയും കാണപ്പെട്ടു. ചെത്തിപ്പുഴ ആശുപത്രിയിലെ സർജനെ കൺസൾട്ട് ചെയ്ത് മാമോഗ്രാമും ട്രൂ കട്ട് ബയോപ്സിയും ചെയ്തു.റിസൾട്ട് നെഗറ്റീവ്.മൂന്നുപേർക്കും ഒരുപോലെ ആശ്വാസമായി. എങ്കിലും കൂടുതൽ സുരക്ഷയ്ക്കായി മുഴ നീക്കം ചെയ്ത് വീണ്ടും ബയോപ്സിക്ക് വിട്ടു. ഇപ്രാവശ്യം പേടിച്ചത് പോലെ തന്നെ സംഭവിച്ചു - ട്രിപ്പിൾ നെഗറ്റീവ് കാൻസർ.!! ബ്രെസ്റ്റ് റിമൂവ് ചെയ്യണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. പിന്നീട് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ ഡോക്ടർ ബോബൻ തോമസിനെ പോയി കണ്ടു. സർജറി വേണ്ടെന്ന് ഡോക്ടർ നിർദ്ദേശിച്ചു. പകരം 12 കീമോയും റേഡിയേഷനും നിർദ്ദേശിച്ചു. തൻ്റെ നീണ്ട മുടി പോകുന്നതിന്റെ സങ്കടം സഹിക്കാനാവാതെ ഡോക്ടറുടെ മുമ്പിൽ ഇരുന്ന് മിനി പൊട്ടിക്കരഞ്ഞു. ഡോക്ടറും കൂട്ടുകാരും ആശ്വാസവചനങ്ങളുമായി ഒപ്പം നിന്നു.
advertisement
മെല്ലെ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെട്ട് തന്റെ നീണ്ട മുടി കൊഴിഞ്ഞു പോകുന്നതിനു മുമ്പേ മുറിച്ചെടുത്ത് സൂക്ഷിച്ചുവെച്ചു.ഇപ്പോൾ ചികിത്സയൊക്കെ കഴിഞ്ഞ് മുടി മെല്ലെ കിളിർത്ത് തുടങ്ങിയിട്ടുണ്ട്,ഒപ്പം നിറമുള്ള സ്വപ്നങ്ങളും.മിനിയും ഭർത്താവും കൂടി ചങ്ങനാശ്ശേരിയിൽ ജ്യൂസിന്റെയും ഫ്രൂട്സിൻറെയും കട നടത്തുകയാണ്.ഒപ്പം തയ്യലും ഉണ്ട്.ചങ്ങനാശ്ശേരി പായിപ്പാടാണ് താമസം.
സോണിയയ്ക്ക് കീമോ ചെയ്യാത്തത് കൊണ്ട് മുടികൊഴിഞ്ഞിരുന്നില്ല. എന്നാൽ മൂന്ന് പേരുടെയും ചികിത്സ കഴിഞ്ഞപ്പോൾ അവർ ഒരുമിച്ച് വേളാങ്കണ്ണിയിൽ പോയി തല മൊട്ടയടിച്ചു. സൗഹൃദത്തിൻ്റെ ആഘോഷമായിരുന്നു അത്. ഇവരെ തോൽപ്പിക്കാൻ ഇനി ആർക്കും ആവില്ല, അവർക്കല്ലാതെ . 3 പേരും ഒരുമിച്ച് ഒരു തയ്യൽക്കട തുടങ്ങാനുള്ള തിരക്കിലാണിപ്പോൾ.
അഞ്ചുവിളക്കിന്റെ നാടായ ചങ്ങനാശ്ശേരിയുടെ ഹൃദയത്തിൽ ഇനി ഇവരുടെ കഥ കൂടി പതിയട്ടെ. ബാല്യകാല സൗഹൃദങ്ങൾ ആജീവനാന്തം കാത്തുസൂക്ഷിക്കുന്നവരെ നാം കണ്ടിട്ടുണ്ട്. ഒരേ മനസ്സോടെ ആത്മാവിനെ തൊട്ടു കടന്നുപോകുന്ന ഈ അപൂർവ സൗഹൃദത്തിൽ സുഖദുഃഖങ്ങൾ ഒരുമിച്ച് പങ്കിടട്ടെ എന്ന് ഈശ്വരൻ തീരുമാനിച്ചതാവും. ആത്മസൗഹൃദത്തിൻറെ ആഴമുളക്കാൻ ശ്രമിച്ച ഈശ്വരൻ പക്ഷേ, ഇപ്പോൾ ലജ്ജിച്ച് തലതാഴ്ത്തി നിൽപ്പുണ്ടാകും. മാരകമായ അസുഖത്തെ നേരിട്ടപ്പോൾ ആരും ആരെയും ഒറ്റപ്പെടുത്തിയില്ല, പരസ്പരം കാവലായി ... കൂട്ടായി ...... ഒന്നു കൂടി ആഴമായ സ്നേഹബന്ധങ്ങളിലൂടെ അവർ കടന്നുപോയി. ഈ സൗഹൃദം കാണുമ്പോൾ തെല്ല് അസൂയയും കൊതിയും നമുക്കും തോന്നിപ്പോകും ,ഇല്ലേ?
ബോബി ജോസ് കട്ടിക്കാടിന്റെ വരികൾ തന്നെ കടമെടുത്തുകൊണ്ട് പ്രാർത്ഥനയോടെ, ആശംസകളോടെ ഈ സുന്ദര സൗഹൃദത്തിന് ആയുരാരോഗ്യങ്ങളും വിജയങ്ങളും നേരുന്നു . "ആത്മസുഹൃത്തേ , നീ അരികിൽ ഉണ്ടാവുക - എൻറെ താബോറിലും, ഗദ്സമനിയിലും .പാതിവഴിയിൽ ആരും ആരെയും വിട്ടു പോകരുതേ."
ലിജി
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
ഒന്നിനു പുറകെ ഒന്നായി സ്തനാർബുദം ബാധിച്ച മൂന്ന് ആത്മസുഹൃത്തുക്കൾ; പരസ്പരം കാവലായ അപൂർവ സൗഹൃദം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement