മുടി കൊഴിച്ചില്‍ (hairfall) ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. വേനല്‍ക്കാലത്തും മഴക്കാലത്തും ഇത് പൊതുവെ കൂടുതലായിരിക്കും. ഈ സാഹചര്യങ്ങള്‍ ഒഴിവാക്കാനും ചൂടില്‍ നിന്നും തണുപ്പില്‍ നിന്നും മുടിയെ സംരക്ഷിക്കാനും സള്‍ഫേറ്റ് (sulfate) ധാരാളം അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്.
ഹിന്ദുസ്ഥാന്‍ ടൈംസുമായി നടത്തിയ ഒരു അഭിമുഖത്തില്‍ ത്രയ ഹെല്‍ത്തിലെ ആയുര്‍വേദ പ്രാക്ടീഷണര്‍ ഡോ. അഭിഷേക് മിശ്ര ഇതേക്കുറിച്ച് പങ്കുവെച്ചിട്ടുണ്ട്. ശരീരത്തില്‍ സംഭവിക്കുന്ന പല അസ്വസ്ഥതകളും മുടി കൊഴിച്ചിലിന് കാരണങ്ങളാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുടിയുടെ ആരോഗ്യം ശക്തിപ്പെടുത്താന്‍ മോയ്സ്ചറൈസിംഗ് ഗുണങ്ങളുള്ള പല പ്രകൃതിദത്ത ഔഷധങ്ങളും നാം ഉപയോഗിക്കാറുണ്ട്. ഷാംപൂവിനും എണ്ണയും കൂടാതെ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ചില ഔഷധ സസ്യങ്ങള്‍ (indian herbs) ഏതെല്ലാമെന്ന് നോക്കാം.
ഭൃംഗരാജ്
വിറ്റാമിനുകള്‍, കാല്‍സ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയാല്‍ സമ്പുഷ്ടമാണ് ഭൃംഗരാജ്. ഇത് കയ്യോന്നി എന്നും അറിയപ്പെടുന്നു. കയ്യോന്നി എണ്ണ തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിക്കും. മുടികൊഴിച്ചിലിനുള്ള പ്രകൃതിദത്ത പരിഹാരമാണിത്. ഇത് മുടിയുടെ സ്വാഭാവിക വളര്‍ച്ചയെ ത്വരിപ്പെടുത്തുന്നതിന് മുടി വേരുകളെ ആക്ടിവേറ്റ് ചെയ്യുന്നു. വെളിച്ചെണ്ണയിലോ എള്ളെണ്ണയിലോ കയ്യോന്നി എണ്ണ ഉണ്ടാക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് പതിവായി ഉപയോഗിക്കാം.
ബ്രഹ്മി
മുടിയുടെ കനം കുറയുന്നതിനും മുടികൊഴിച്ചിലിനുമുള്ള ഉത്തമ പരിഹാരമാണ് ബ്രഹ്മി. ഇത് ഉപയോഗിക്കുന്നതിലൂടെ മുടിയുടെ വരൾച്ച ഇല്ലാതാക്കാം. ബ്രഹ്മിയുടെ ഇലയും വെളിച്ചെണ്ണയും ചേര്‍ത്ത് ഉണ്ടാക്കുന്ന ഓയില്‍ തലയോട്ടിയില്‍ മസാജ് ചെയ്യാവുന്നതാണ്.
Also Read- Headache | തലവേദന പല തരം; കാരണങ്ങളും പലത്; പരിഹാരങ്ങൾ അറിയാം
ഉലുവ
മുടികൊഴിച്ചില്‍ കുറയ്ക്കാനും മുടിയെ ശക്തിപ്പെടുത്താനും ഏറ്റവും അനുയോജ്യമായ ഒന്നാണ് ഉലുവ. ഇത് മുടിയുടെ വളര്‍ച്ച മെച്ചപ്പെടുത്താനും മുടിയുടെ ഉള്ള് വര്‍ധിപ്പിക്കാനും മുടിക്ക് കൂടുതല്‍ തിളക്കം നല്‍കാനും സഹായിക്കുന്നു. ഉലുവയുടെ പേസ്റ്റ് മുടിയില്‍ പുരട്ടി ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം.
നെല്ലിക്ക
മുടി വളര്‍ച്ചയ്ക്ക് ദിവസവും ഉപയോഗിക്കാവുന്ന ഒന്നാണ് നെല്ലിക്ക എന്നാണ് ആയുര്‍വേദ ഡോക്ടറായ ഡോ. രേഖ രാധാമണി പറയുന്നത്. ദിവസവും നെല്ലിക്ക കഴിക്കുകയോ അല്ലെങ്കില്‍ പാനീയമായി കുടിക്കുകയോ ചെയ്യാം.
കറ്റാര്‍ വാഴ
സൗന്ദര്യ വര്‍ധനവിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഉപയോഗിക്കുന്ന ഔഷധ ഗുണങ്ങളുള്ള സസ്യമാണ് കറ്റാര്‍ വാഴ. ഇത് തലയോട്ടിയിലെ ചൊറിച്ചില്‍ കുറയ്ക്കുകയും മുടി വളര്‍ച്ച വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, മുടിയ്ക്കുണ്ടാകുന്ന മറ്റ് പ്രശ്നങ്ങള്‍ക്കും കറ്റാര്‍വാഴ ഗുണം ചെയ്യും.
മുടിയുടെ സംരക്ഷണത്തിന് പലരും ധാരാളം സമയവും പണവും ചെലവഴിക്കാറുണ്ട്. എന്നാല്‍, ചിലർ തിരക്കുകള്‍ കാരണം മുടിക്ക് ആവശ്യമായ പരിചരണം നല്കുന്നതില് വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ മുടിയുടെ ആരോഗ്യത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന വസ്തുത പോലും നമ്മള് പലപ്പോഴും മറന്നുപോകാറുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.