Fact Check | നാല് വർഷം മുമ്പ് തമ്പാനൂരിൽ ഭിക്ഷക്കാരിയായി അലഞ്ഞുതിരിഞ്ഞ പൂർവ്വാധ്യാപികയെ കണ്ടെത്തിയത് ദിവ്യ എസ് അയ്യരോ?
- Published by:Anuraj GR
- news18-malayalam
Last Updated:
അടുത്ത ദിവസങ്ങളിൽ വത്സല ടീച്ചറുടെ കഥ സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലായി. ടീച്ചറെ തമ്പാനൂരിൽ കണ്ടെത്തിയതും ഭക്ഷണം വാങ്ങി നൽകിയതും പിന്നീട് അഗതിമന്ദിരത്തിൽ എത്തിച്ചതും ആരാണ്?
2017 നവംബർ അഞ്ചിന് രാവിലെ പതിനൊന്ന് മണിയോടെ തിരുവനന്തപുരം(Thiruvananthapuram) തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ ഒരു സുഹൃത്തിനെ കാത്തുനിൽക്കുകയായിരുന്നു കുടുംബശ്രീയിൽ (Kudumbasree) ഉദ്യോഗസ്ഥയായ വിദ്യ എം.ആർ. അപ്പോഴാണ് മുഷിഞ്ഞ വസ്ത്രങ്ങളുമായി കാഴ്ചയിൽ ഒരു ഭ്രാന്തിയെപ്പോലെ തോന്നിപ്പിക്കുന്ന ഒരു വൃദ്ധ സമീപത്തെ ചെറിയ മരത്തിൽനിന്ന് കായ് പറിച്ചു കഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. വിശപ്പുണ്ടോയെന്ന് ചോദിച്ച് അവരെ സമീപിച്ച വിദ്യ തൊട്ടടുത്ത കടയിൽനിന്ന് ഭക്ഷണം വാങ്ങി നൽകി. പിന്നീട് സംസാരിച്ചപ്പോഴാണ് മലപ്പുറത്തെ ഒരു സ്കൂളിൽ മുമ്പ് അധ്യാപികയായിരുന്ന വത്സലയാണ് അതെന്ന് മനസിലായത്. മക്കൾ ഉപേക്ഷിച്ചതിനെ തുടർന്നാണ് തെരുവിൽ അലയേണ്ടിവന്നതെന്നും മനസിലാക്കി. തുടർന്ന് വിദ്യ എം.ആർ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനെ തുടർന്ന് മലപ്പുറത്ത് നിന്നുള്ള വത്സലയുടെ സഹപ്രവർത്തകർ തിരിച്ചറിഞ്ഞു. പിറ്റേദിവസം വത്സല ടീച്ചറെ കണ്ടെത്തി, അന്ന് സബ് കളക്ടറായിരുന്ന ദിവ്യ എസ് അയ്യരുടെ സഹായത്തോടെ വിദ്യ തന്നെ ഒരു വൃദ്ധസദനത്തിലാക്കി. നാല് വർഷം മുമ്പ് നടന്ന ഈ സംഭവത്തിന് ഇപ്പോൾ പ്രസക്തിയെന്ത് എന്ന് ചിന്തിക്കുന്നുണ്ടാകും? അടുത്ത ദിവസങ്ങളിൽ വത്സല ടീച്ചറുടെ കഥ സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലായി. ടീച്ചറെ തമ്പാനൂരിൽ കണ്ടെത്തിയതും ഭക്ഷണം വാങ്ങി നൽകിയതും ഇപ്പോൾ പത്തനംതിട്ട കളക്ടറായ ദിവ്യ എസ് അയ്യരായിരുന്നുവെന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്. ചില ഓൺലൈൻ മാധ്യമങ്ങൾ ഇക്കാര്യം വാർത്തയാക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴത്തെ പ്രചരണം തെറ്റാണെന്ന് അന്നത്തെ ഫേസ്ബുക്ക് പോസ്റ്റുകളും പത്രവാർത്തകളും നിരത്തി വിദ്യ എം.ആർ ന്യൂസ് 18നോട് പറഞ്ഞു.
വത്സല ടീച്ചറെ കണ്ടെത്തിയ ദിവസം ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടതെന്ന് വിദ്യ പറയുന്നു. എന്നാൽ മണിക്കൂറുകൾക്കകം, മലപ്പുറത്ത് നിന്നുള്ള വത്സ ടീച്ചറുടെ പഴയകാല സഹപ്രവർത്തകർ അവരെ തിരിച്ചറിഞ്ഞ് കൊണ്ട് കമന്‍റ് ചെയ്തു. അന്ന് തിരുവനന്തപുരം കല്ലടിമുഖത്തെ വൃദ്ധമന്ദിരത്തിൽ വത്സ ടീച്ചറെ എത്തിക്കാൻ സബ് കളക്ടറായ ദിവ്യ എസ് അയ്യർ സഹായിച്ചിരുന്നു. സബ് കളക്ടർ ബന്ധപ്പെട്ടത് അനുസരിച്ച് തമ്പാനൂർ എസ്.ഐ സമ്പത്തും ചേർന്നാണ് ടീച്ചറെ അഗതിമന്ദിരത്തിലാക്കിയതെന്നും വിദ്യ എം.ആർ പറയുന്നു.
advertisement

Vidya-MR
അന്ന് ഫേസ്ബുക്ക് പോസ്റ്റ് കണ്ട മലപ്പുറം എംഎസ്പി ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ മൈമുനയാണ് അത് പഴയ സഹപ്രവർത്തകയായ വത്സയാണെന്ന് മനസിലാക്കിയത്. സംശയം തീർക്കാൻ വേണ്ടി മറ്റൊരു സഹപ്രവർത്തക നീനയെ ഫേസ്ബുക്ക് പോസ്റ്റ് കാണിക്കുകയും ചെയ്തു. ഇവർ വിദ്യയുടെ പോസ്റ്റിന് മറുപടി നൽകി, 'ഇത് ഞങ്ങളുടെ വത്സല ടീച്ചറാണ്, ഇസ്ലാഹിയ സ്കൂളിലെ പഴയ സഹപ്രവർത്തക'. ഇതോടെ പിറ്റേദിവസം വിദ്യ വീണ്ടും വത്സല ടീച്ചറെ തേടി തമ്പാനൂർ റെയിൽവേ സ്റ്റേഷൻ-ബസ് സ്റ്റാൻഡ് പരിസരത്ത് അലഞ്ഞു. വൈകാതെ ആളെ കണ്ടെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ടീച്ചറെ അഗതി മന്ദിരത്തിലേക്ക് മാറ്റിയത്.
advertisement
വിദ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായത് വളരെ വേഗത്തിലാണ്. വത്സല ടീച്ചറുടെ പ്രിയപ്പെട്ട വിദ്യാർഥികൾ ഓരോരുത്തരായി രംഗത്തെത്തി. അവർ കൂട്ടമായും ഒറ്റയ്ക്കും പ്രിയപ്പെട്ട ടീച്ചറെ കാണാനായി തിരുവനന്തപുരത്തെത്തി. ഈ സംഭവം അന്ന് സമൂഹമാധ്യമങ്ങളിൽ മാത്രമല്ല, പത്രങ്ങളിൽ വാർത്തയാകുകയും എഫ്.എം റേഡിയോ പരിപാടികളിൽ ചർച്ചയാകുകയും ചെയ്തിരുന്നു. എന്നാൽ സംഭവം ഇങ്ങനെയാണെന്നിരിക്കെ വർഷങ്ങൾക്കിപ്പുറം മറ്റൊരു തരത്തിലുള്ള പ്രചരണമാണ് നടക്കുന്നത്. വത്സല ടീച്ചറെ കണ്ടെത്തിയും അഗതിമന്ദിരത്തിലാക്കിയത് സബ് കളക്ടറായിരുന്നു ദിവ്യ എസ് അയ്യരാണെന്നായിരുന്നു പ്രചരണം. എന്നാൽ ഇത്തരം വ്യാജ പ്രചരണങ്ങളിൽ തനിക്ക് പരിഭവമില്ലെന്ന് വിദ്യ എം.ആർ പറയുന്നു. സത്യം എന്താണെന്ന് തന്നെ അറിയുന്നവർക്കും വത്സല ടീച്ചർക്കും അവരുടെ വിദ്യാർഥികൾക്കും അറിയാവുന്ന കാര്യമാണെന്നും അവർ പറഞ്ഞു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 05, 2022 9:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Fact Check | നാല് വർഷം മുമ്പ് തമ്പാനൂരിൽ ഭിക്ഷക്കാരിയായി അലഞ്ഞുതിരിഞ്ഞ പൂർവ്വാധ്യാപികയെ കണ്ടെത്തിയത് ദിവ്യ എസ് അയ്യരോ?