അടിവസ്ത്രത്തിനുള്ളിലാക്കി ജീവനുള്ള ആമകളെ കടത്തിയ യുവതി വിമാനത്താവളത്തിൽ പിടിയിലായി
- Published by:meera_57
- news18-malayalam
Last Updated:
അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബ്രായില്‍ രണ്ട് ആമകളെ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി
അടിവസ്ത്രത്തിനുള്ളിലാക്കി ജീവനുള്ള ആമകളെ കടത്തിയ യുവതി വിമാനത്താവളത്തിൽ പിടിയിലായി. തന്റെ ബ്രായുടെ ഉള്ളിലായി രണ്ട് ആമകളെ കടത്താന്‍ ശ്രമിച്ച യുവതിയെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. ഒരു സ്ത്രീയുടെ ബ്രായുടെ ഉള്ളില്‍ രണ്ട് ആമകള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരെ തടഞ്ഞുവെച്ചതായി ഗതാഗത സുരക്ഷാ അഡ്മിനിസ്‌ട്രേഷന്‍ (ടിഎസ്എ) ജൂലൈ 25ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
നൂതന സ്‌ക്രീനിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സ്ത്രീയുടെ നെഞ്ചിന്റെ ഭാഗത്ത് ഒളിഞ്ഞിരിക്കുന്ന വസ്തു കണ്ടെത്തുകയായിരുന്നുവെന്ന് യുഎസ്എ ടുഡെ റിപ്പോര്‍ട്ടു ചെയ്തു. തുടര്‍ന്ന് ഇവരെ മാറ്റി നിര്‍ത്തി. ശേഷം പരിശോധനയിലാണ് പ്ലാസ്റ്റിക്കിലും കനംകുറഞ്ഞ തുണിയിലും പൊതിഞ്ഞ നിലയില്‍ ജീവനുള്ള രണ്ട് ആമകളെ കണ്ടെത്തിയത്.
പിടികൂടിയ ആമകളുടെ ചിത്രങ്ങള്‍ ടിഎസ്എ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ''മിയാമി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് യാത്ര ചെയ്ത ഫ്‌ളോറിഡ സ്വദേശിയായ സ്ത്രീ രണ്ട് ആമകളെ കടത്താന്‍ ശ്രമിച്ചു. ബ്രേസിയറിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഇത് കണ്ടെത്തിയത്,'' ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ ടിഎസ്എ പറഞ്ഞു.
advertisement
അതേസമയം, സ്ത്രീ കടത്താന്‍ ശ്രമിച്ച ആമകളിലൊന്ന് ചത്തുപോയതായി അവര്‍ പറഞ്ഞു. ജീവനുള്ള ആമയെ ഫ്‌ളോറിഡ മത്സ്യ-വന്യജീവി വകുപ്പിന് കൈമാറിയതായും അവര്‍ വ്യക്തമാക്കി. ആമകളെ കടത്താന്‍ ശ്രമിച്ച സ്ത്രീയുടെ പേരുവിവരങ്ങള്‍ അധികൃതർ പുറത്തുവിട്ടിട്ടില്ല. കൂടാതെ, ഏതിനം ആമകളാണിതെന്നും അവര്‍ വ്യക്തമാക്കിയിട്ടില്ല.
നയം വ്യക്തമാക്കി ടിഎസ്എ
വളര്‍ത്തുമൃഗങ്ങളെ വിമാനത്താവളത്തില്‍ കൊണ്ടുപോകുമ്പോള്‍ അവയെ ശരിയായ വിധത്തില്‍ കൊണ്ടുപോകണമെന്ന് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ ടിഎസ്എ ഓര്‍മപ്പെടുത്തി. ശരീരത്തില്‍ ഒളിപ്പിച്ച് വിചിത്രമായ രീതിയില്‍ മൃഗങ്ങളെ വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് അവര്‍ പറഞ്ഞു. ''നിങ്ങള്‍ക്ക് നിങ്ങളുടെ വളര്‍ത്തുമൃഗങ്ങളുമായി യാത്ര ചെയ്യാന്‍ കഴിയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് ആമകളെയും കൊണ്ടുപോകാന്‍ കഴിയും. എന്നാല്‍ ദയവായി അവയെ സുരക്ഷിതമായി യാത്ര ചെയ്യാന്‍ അനുവദിക്കുക. വിമാനങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോകുന്നത് സംബന്ധിച്ച് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന എയര്‍ലൈനുമായി ബന്ധപ്പെടണം. ടിഎസ്എ സ്‌ക്രീനിംഗുമായി ബന്ധപ്പെട്ടാണെങ്കില്‍ ചെറിയ വളര്‍ത്തുമൃഗങ്ങളെ ഞങ്ങളുടെ ചെക്ക് പോസ്റ്റിലൂടെ അനുവദിക്കുന്നതാണ്. അവയെ കാരിയറുകളില്‍ നിന്ന് നീക്കം ചെയ്യുകയും ചെക്ക്‌പോസ്റ്റിലൂടെ കൊണ്ടുപോകുകയും വേണം. എന്നാല്‍ ഇങ്ങനെ കൊണ്ടുപോകുമ്പോള്‍ വസ്ത്രത്തിനുള്ളില്‍ മറയ്ക്കാതെ വയ്ക്കണമെന്ന കാര്യം ശ്രദ്ധിക്കുക,'' അവര്‍ പറഞ്ഞു.
advertisement
വസ്ത്രത്തിനുള്ളില്‍ അസാധാരണമായ രീതിയില്‍ വളര്‍ത്തുമൃഗങ്ങളെ ഒളിപ്പിച്ച് കടത്തുന്നത് ഇതാദ്യമല്ലെന്ന് ടിഎസ്എ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ന്യൂവാര്‍ക്ക് ലിബര്‍ട്ടി അന്താരാഷ്ട്ര വിമാനത്തിലെത്തിയ ഒരു യാത്രക്കാരന്‍ പാന്റിന്റെ മുന്‍വശത്ത് ഒരു ആമയെ തിരികി വെച്ചത് പിടിച്ചതായി സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
2024ല്‍ പാമ്പുകളെ നിറച്ച ഒരു ബാഗുമായി ഒരാള്‍ വിമാനത്തില്‍ കയറാന്‍ ശ്രമിച്ചത് വാര്‍ത്തയായിരുന്നു. 2023ല്‍ മിയാമി വിമാനത്താവളത്തില്‍ പക്ഷി ചിലയ്ക്കുന്ന ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ നിക്കരാഗ്വ സ്വദേശിയിൽനിന്ന് ആമസോണ്‍ തത്തയുടെ മുട്ടകളും പക്ഷികളെയും കണ്ടെത്തിയിരുന്നു. വിമാനത്താവളത്തിലൂടെ അവയെ കടത്താൻ ശ്രമിച്ചതാണെന്ന് ഇയാള്‍ പിന്നീട് കുറ്റം സമ്മതിച്ചിരുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 29, 2025 12:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
അടിവസ്ത്രത്തിനുള്ളിലാക്കി ജീവനുള്ള ആമകളെ കടത്തിയ യുവതി വിമാനത്താവളത്തിൽ പിടിയിലായി