തിരുവനന്തപുരം: ഇന്ന് പുലർച്ചെ അന്തരിച്ച ഡോ. കെ ലളിത മൂന്നു തലമുറകളിലെ ഒരുലക്ഷത്തോളം കുഞ്ഞുങ്ങളുടെ പിറവിയിൽ ഒപ്പം നിന്ന തലസ്ഥാനത്തെ പ്രമുഖ ഗൈനക്കോളജിസ്റ്റാണ്. 85ാം വയസിലും കർമനിരതയായിരുന്ന ലളിതയെ ജൂലൈ 12നാണ് ആശുപത്രിയിൽ പ്രവേശിച്ചത്. കരളിലെ അർബുദബാധയെ തുടർന്ന് ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അന്ത്യം.
മഹാകവി കുമരാനാശാന്റെ ഭാര്യ ഭാനുമതിഅമ്മയുടെ പുനർവിഭാഗത്തിൽ പിറന്ന മകളാണ് ലളിത. ആശാന്റെ മരണശേഷം പതിമ്മൂന്ന് വർഷം കഴിഞ്ഞ് ഏജീസ് ഓഫീസ് ഉദ്യോഗസ്ഥനായ കാർത്തികപ്പള്ളി സ്വദേശി സി ഒ കേശവനുമായുള്ള ആ വിവാഹത്തിലൂടെ പിറന്ന നാലുമക്കളിൽ മൂത്തമകളാണ്. പ്രമുഖ സാംസ്ക്കാരിക പ്രവർത്തകനും ഖാദി ബോർഡ് സെക്രട്ടറിയും വയലാർ രാമവർമ്മ സാഹിത്യ ട്രസ്റ്റിന്റെ ജീവാത്മാവുമായിരുന്ന പരേതനായ സി വി ത്രിവിക്രമനാണ് ഭർത്താവ്. മാനേജ്മെന്റ് വിദഗ്ധയായ ലക്ഷ്മി എസ് കുമാരൻ, പ്രമുഖ നടി മാലാ പാർവതി എന്നിവരാണ് മക്കൾ.
എംബിബിഎസിന് നാലാം റാങ്ക്1954 ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസിനു നാലാം റാങ്കോടെയാണ് ലളിത പാസ്സായത്. പി ജിക്ക് ഗൈനക്കോളജിക്കാണ് ചേർന്നത്. അന്ന് ഗൈനക്കോളജിസ്റ്റുകൾ കുറവായിരുന്നു. ഇന്റേൺഷിപ്പ് കാലത്താണ് ആദ്യ പ്രസവം എടുക്കുന്നത്. 85ാം വയസിലും സേവനം തുടർന്നുവരികയായിരുന്നു. മൃദുഭാഷിയായ ഡോ. ലളിത മികച്ച അധ്യാപികയുമായിരുന്നു. പ്രമുഖരായ ഒട്ടേറെ ഡോക്ടർമാർ ലളിതക്ക് കീഴിൽ പഠിച്ചു.
" രണ്ട് ജീവനുകളാണ് നോക്കേണ്ടത്. അമ്മയും കുഞ്ഞും സുരക്ഷിതമായിരിക്കണേയെന്ന പ്രാർത്ഥനയാണ് ഓരോ പ്രസവസമയത്തും മനസിലുള്ളത്. കരഞ്ഞുകൊണ്ടാണ് ഓരോ ശിശുവും കടന്നുവരുന്നതെങ്കിലും (ജനിച്ചാലുടനെ കുഞ്ഞ് കരയണം) അവരുടെ മുഖവും അമ്മയുടെ നിർവൃതിയും എന്നും മനസിന് കുളിർമ്മ പകരുന്ന അനുഭവമാണ്.കുഞ്ഞുങ്ങളെ ഒരർത്ഥത്തിൽ ഈ ലോകത്തേക്ക് വരവേൽക്കുന്നത് ഗൈനക്കോളജിസ്റ്റും ഒപ്പം ഡ്യൂട്ടിയിലുള്ള അനുബന്ധ ജീവനക്കാരുമാണ്. " - ദിവസങ്ങൾക്ക് മുൻപ് കേരള കൗമുദിക്ക് അനുവദിച്ച അഭിമുഖത്തിൽ ഡോ. ലളിത പറഞ്ഞു.
ഇന്നും അത്യാവശ്യമാണെങ്കിൽ മാത്രമേ സിസേറിയൻ ചെയ്തിരുന്നുള്ളൂ. സങ്കീർണകളൊന്നും ഇല്ലെങ്കിൽ നോർമൽ ഡെലിവറി തന്നെ മതിയാകുമെന്ന നിലപാടാണ് ഡോക്ടർക്കുണ്ടായിരുന്നത്.
വിരമിച്ചത് എസ് എ ടി സൂപ്രണ്ട് പദവിയിലിരിക്കെആദ്യം സംസ്ഥാന ഹെൽത്ത് സർവീസിലായിരുന്നു.1964 ലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയത്. എസ് എ ടി സൂപ്രണ്ടും ഗൈനക്കോളജി വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ച് 1992 ലാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്. അടുത്ത ദിവസം തന്നെ എസ് യു ടിയിൽ ജോലിയിൽ പ്രവേശിച്ചു. ഇവിടെ മരണം വരെ സേവനം തുടർന്നു. കൈ വിറയ്ക്കാത്തിടത്തോളം നിവർന്നുനിൽക്കാൻ പറ്റുന്നിടത്തോളം പ്രൊഫഷനിൽ തുടരണമെന്നാണ് ഡോ.ലളിത ആഗ്രഹിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.