Google | ഇന്ത്യ മറന്ന അന്നാ മാണി ; 'വെതർ വുമൺ ഓഫ് ഇന്ത്യ'യെ ആദരിച്ച് ഗൂഗിള്‍

Last Updated:

അന്തരീക്ഷപഠനത്തിൽ ഇന്ത്യക്ക് സ്വയം പര്യാപ്തത കൈവരിക്കാൻ കഴിഞ്ഞത് അന്നാ മാണിയുടെ ഗവേഷണത്തിലൂടെയായിരുന്നു

'ഇന്ത്യയുടെ കാലാവസ്ഥ വനിത' (എന്ന് ലോകമെമ്പാടും അറിയപ്പെട്ടിരുന്ന മലയാളി ശാസ്ത്രജ്ഞ അന്നാ മാണിയ്ക്ക് (Anna Mani) ആദരമര്‍പ്പിച്ച് ഗൂഗിള്‍.  അന്നാ മാണിയുടെ 104-ാം ജന്മവാര്‍ഷിക ദിനത്തില്‍ പ്രത്യേക ഡൂഡില്‍ തയാറാക്കിയാണ് ഗൂഗിള്‍ രാജ്യത്തെ ആദ്യകാല വനിത ശാസ്ത്രജ്ഞയോടുള്ള ആദരവറിയിച്ചത്.
കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങള്‍ നടത്തുന്നതിന് ഇന്ത്യയെ പ്രാപ്തരാക്കുന്നതില്‍ അന്നാ മാണിയുടെ പ്രവര്‍ത്തനങ്ങളും ഗവേഷണങ്ങളും നിര്‍ണായക പങ്കുവഹിച്ചു. പുനരുപയോഗ ഊർജം ഉപയോഗപ്പെടുത്തുന്ന സാധ്യതകള്‍ക്ക് വഴിയൊരുക്കിയത് അന്നാ മാണിയുടെ ഗവേഷണങ്ങളാണ്. ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്മെന്‍റിന്‍റെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായും അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1918 ഓഗസ്റ്റ് 23ന് ഇന്നത്തെ ഇടുക്കി ജില്ലയിലെ പീരുമേട്ടില്‍ ജനിച്ച അന്ന മാണി ചെറുപ്പത്തില്‍ നൃത്തം അഭ്യസിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഫിസിക്സിനോടുള്ള താല്‍പര്യം മൂലം പിന്നീട് ഇത് പാഠ്യവിഷയമായി തെരഞ്ഞെടുത്തു. വായനയോട് അതീവ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന അന്നാ വളരെ ചെറുപ്പത്തില്‍ തന്നെ പ്രദേശത്തെ ലൈബ്രറികളിലെ എല്ലാ പുസ്തകങ്ങളും വായിച്ചിരുന്നു. മദ്രാസ്സിലെ പ്രസിഡൻസി കോളേജിൽ നിന്നും 1939 ൽ ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും ബി.എസ്.സി. ഓണേഴ്സ് ബിരുദം നേടി.
advertisement
(Photo: World Meteorological Organisation)
തുടര്‍ന്ന് 1940ല്‍ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഗവേഷണത്തിന് സ്കോളര്‍ഷിപ്പോടെ പ്രവേശനം ലഭിച്ചു. ഇവിടെ വച്ച് നോബെല്‍ സമ്മാന ജേതാവായ ശാസ്ത്രജ്ഞന്‍ സി.വി രാമന്‍റെ കീഴില്‍ വജ്രങ്ങളിലെയും റൂബികളിലെയും സ്പെക്ട്രോസ്കോപ്പിയെ കുറിച്ച് പഠനം നടത്താന്‍ അന്നാ മാണിയ്ക്ക് അവസരം ലഭിച്ചു. അന്നവിടെ ഗവേഷകനായിരുന്ന മലയാളിയായ പ്രസിദ്ധ ഭൗതിക ശാസ്ത്രജ്ഞൻ കെ.ആർ.രാമനാഥനും അന്നയുടെ ഗവേഷണ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകി.  ഓണേഴ്സ് ഡിഗ്രി  പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിഗ്രിയായി കണക്കാക്കാൻ പറ്റില്ലെന്ന് പറഞ്ഞ് അന്നയ്ക്ക് മദ്രാസ് സർവ്വകലാശാല ഡോക്ടറേറ്റ് നൽകാൻ വിസമ്മതിച്ചു. എന്നാൽ ഗവേഷണത്തിന്റെ മൗലികത കണക്കിലെടുത്ത് ഇപ്പോഴും ബാംഗ്ലൂരിലെ രാമൻ ആർക്കൈവ്സിൽ അന്നയുടെ പ്രബന്ധം സൂക്ഷിച്ചിട്ടുണ്ട്.
advertisement
അന്നാ മാണിയുടെ 104-ാം ജന്മവാര്‍ഷികത്തില്‍ ഗൂഗിള്‍ തയാറാക്കിയ ഡൂഡില്‍
തുടര്‍ന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജില്‍ നിന്ന് കാലാവസ്ഥാ ഉപകരണങ്ങളിൽ അവര്‍ വൈദഗ്ദ്ധ്യം നേടി. ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്മെന്‍റില്‍ ജോലി ചെയ്യാനാരംഭിച്ചു. 1976ൽ ഡപ്യൂട്ടി ഡയറക്ടറായി ജോലിയിൽ നിന്നും വിരമിക്കയും ചെയ്തു. ഇക്കാലയളവിൽ ഇന്ത്യൻ അന്തരീക്ഷപഠനത്തിൽ അന്നാ മികച്ച സംഭാവനകൾ നൽകയും ഒട്ടനവധി നവീന മേഖലകളിലേക്ക് അന്തരീക്ഷ ശാസ്ത്രജ്ഞരുടെ ശ്രദ്ധയാകർഷിക്കയും ചെയ്തു. അക്കാലത്ത് അന്തരീക്ഷപഠനത്തിനുള്ള പ്രാഥമിക ശാസ്തീയ ഉപകരണങ്ങൾ ഒന്നും തന്നെ ഇന്ത്യയിൽ നിർമ്മിച്ചിരുന്നില്ല. ഉപകരണങ്ങളെല്ലാം വലിയ വില നൽകി വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു.
advertisement
അന്നാ മാണിയുടെ നേതൃത്വത്തിൽ അന്തരീക്ഷപഠന ഉപകരണങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനുള്ള പദ്ധതി ആരംഭിച്ചു. മാത്രമല്ല ഇതോടൊപ്പം ഇന്ത്യൻ ഉപകരണങ്ങളുടെ മാനകീകരണം (Standardisation)  നിർണ്ണയിക്കുന്നതിനുള്ള സംരംഭത്തിനും തുടക്കം കുറിച്ചു. ഇതിന്റെയെല്ലാം ഫലമയാണ് അന്തരീക്ഷപഠനത്തിൽ ഇന്ത്യക്ക് സ്വയം പര്യാപ്തത കൈവരിക്കാൻ കഴിഞ്ഞത്.
advertisement
യുണൈറ്റഡ് നേഷൻസ് വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷനിലും അവര്‍ സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. 1987-ൽ ശാസ്ത്രരംഗത്തെ ശ്രദ്ധേയമായ സംഭാവനകൾക്ക്  INSA കെആര്‍ രാമനാഥൻ മെഡൽ അന്നാ മാണി കരസ്ഥമാക്കി.
ശാസ്ത്രലോകത്തെ ഇന്ത്യയുടെ മഹാപ്രതിഭ 2001 ആഗസ്റ്റ് 16ന് തിരുവനന്തപുരത്ത് വച്ച് നിര്യാതയായി. അവരുടെ ആഗ്രഹ പ്രകാരം മരണാനന്തരം മതപരമായ ചടങ്ങുകളില്ലാതെയാണ് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്. 2018 ല്‍ അന്നാ മാണിയുടെ നൂറാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് ലോക കാലാവലസ്ഥ സംഘടന അവരെ പ്രകീര്‍ത്തിച്ചു കൊണ്ട് പ്രൊഫൈലും അഭിമുഖവും പ്രസിദ്ധീകരിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Life/
Google | ഇന്ത്യ മറന്ന അന്നാ മാണി ; 'വെതർ വുമൺ ഓഫ് ഇന്ത്യ'യെ ആദരിച്ച് ഗൂഗിള്‍
Next Article
advertisement
ഇനി അവരെ മറന്നേക്കൂ! 47 ഇസ്രായേലി ബന്ദികളുടെ ചിത്രം 'വിടവാങ്ങൽ' എന്ന് പേരിൽ പുറത്തുവിട്ട് ഹമാസ്
ഇനി അവരെ മറന്നേക്കൂ! 47 ഇസ്രായേലി ബന്ദികളുടെ ചിത്രം 'വിടവാങ്ങൽ' എന്ന് പേരിൽ പുറത്തുവിട്ട് ഹമാസ്
  • ഹമാസ് 47 ഇസ്രായേലി ബന്ദികളുടെ 'വിടവാങ്ങൽ' ചിത്രങ്ങൾ പുറത്തുവിട്ടു.

  • ബന്ദികളുടെ ഭാവി നെതന്യാഹുവിന്റെ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുന്നു.

  • 986ൽ പിടികൂടിയ റോൺ അരാദിന്റെ പേരാണ് ചിത്രത്തിൽ നൽകിയിരിക്കുന്നത്

View All
advertisement