മലയാള സിനിമയുടെ ആദ്യ നായികയ്ക്ക് ആദരം; പി.കെ റോസിയുടെ 120-ാം ജന്മവാര്‍ഷികദിനത്തില്‍ പ്രത്യേക ഡൂഡിലുമായി ഗൂഗിള്‍
- Published by:Arun krishna
- news18-malayalam
Last Updated:
സ്ത്രീകൾ പൊതുരംഗത്ത് കടന്നുവരാത്ത കാലത്ത് സധൈര്യം മലയാള സിനിമാ ലോകത്തേയ്ക്ക് മുന്നോട്ടുവന്ന സ്ത്രീയാണ് പി. കെ. റോസി
മലയാള സിനിമിയുടെ ആദ്യ നായിക പി.കെ റോസിയുടെ 120-ാം ജന്മവാര്‍ഷിക ദിനത്തില്‍ പ്രത്യേക ഡൂഡില്‍ പുറത്തിറക്കി ഗൂഗിള്‍. 1903-ല്‍ ഇതേദിവസം തിരുവനന്തപുരത്തായിരുന്നു രാജമ്മ എന്ന പി.കെ റോസിയുടെ ജനനം. സ്ത്രീകൾ പൊതുരംഗത്ത് കടന്നുവരാത്ത കാലത്ത് സധൈര്യം മലയാള സിനിമാ ലോകത്തേയ്ക്ക് മുന്നോട്ടുവന്ന സ്ത്രീയാണ് പി. കെ. റോസി. അവര്‍ണരെന്ന് മുദ്രകുത്തി എല്ലായിടത്തുനിന്നും മാറ്റി നിര്‍ത്തിയിരുന്ന ഒരു ജനസമൂഹത്തില്‍ നിന്നും വഴിയിലൂടെ നടക്കാനോ, പൊതു ഇടങ്ങളിലേക്കു പ്രവേശിക്കാനോ പോലും സാധ്യമല്ലാതിരുന്ന ഒരു കാലത്ത് സിനിമയില്‍ അഭിനയിക്കാന്‍ മുന്നോട്ടു വന്ന കലാകാരിയായിരുന്നു. പി.കെ റോസി .
ആദ്യമലയാള ചലച്ചിത്രമായ വിഗതകുമാരനിലൂടെയാണ് പി.കെ. റോസി ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. അങ്ങനെ മലയാള സിനിമാ ചരിത്രത്തിലെ ആദ്യ നായികയായ ദലിത് ക്രിസ്ത്യന്‍ വനിത കൂടിയായി അവര്‍ മാറി . 1928ലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. രചന, സംവിധാനം, നിർമ്മാണം എന്നിവ നിർവ്വഹിച്ചതും ചിത്രത്തിലെ നായകവേഷത്തിൽ അഭിനയിച്ചതും ജെ.സി. ദാനിയേൽ ആണ്. സരോജം എന്ന നായികാ കഥാപാത്രത്തെയാണ് പി കെ റോസി വിഗതകുമാരനിൽ അവതരിപ്പിച്ചിരിക്കുന്നത്.
Today’s #GoogleDoodle honors the birthday of P.K. Rosy, the first female lead to be featured in Malayalam cinema.
Learn more about her life —> https://t.co/ONuLrtfseV pic.twitter.com/y2JZSYmeDs
— Google Doodles (@GoogleDoodles) February 9, 2023
advertisement
1930 നവംബർ ഏഴിന് തിരുവനന്തപുരം കാപ്പിറ്റോള്‍ തിയേറ്ററിലായിരുന്നു മലയാളത്തിലെ ആദ്യ നിശ്ശബ്ദസിനിമയായ വിഗതകുമാരൻറെ ആദ്യ പ്രദർശനം. സിനിമയിലെ സവർണ്ണ കഥാപാത്രമായി കീഴ്ജാതിക്കാരി അഭിനയിച്ചു എന്ന കാരണത്താല്‍ തിയേറ്ററിൽ നായികയായ റോസിയുടെ ചിത്രം കടന്നുവന്നപ്പോഴൊക്കെ കാണികൾ കൂവിയും ചെരിപ്പ് വലിച്ചെറിഞ്ഞുമാണ് എതിരേറ്റത്.പി കെ റോസി അവതരിപ്പിച്ച സരോജിനി എന്ന നായികാ കഥപാത്രം തലയിലണിഞ്ഞ പൂവ്, നായകൻ ചന്ദ്രകുമാർ എടുക്കുന്ന രംഗം അന്നത്തെ കാണികളെ വല്ലാതെ പ്രകോപിപ്പിച്ചു.
സിനിമ പ്രദര്‍ശിപ്പിച്ച സ്ക്രീന്‍ കുത്തിക്കീറുക വരെ ചെയ്ത കാണികള്‍ നായിക റോസിയെ പരസ്യമായി വസ്ത്രാക്ഷേപം ചെയ്യുക വരെയുണ്ടായി. നായിക സരോജിനിയുടെ സദാചാരമില്ലായ്മയോടുള്ള അരിശം നായികയെ അവതരിപ്പിച്ച നടിക്കു നേരേയും ഉണ്ടായി. റോസിയുടെ ജീവിതം ദുസ്സഹമായിത്തീർന്നു. റോസിയെ ആക്രമിക്കുകയും അവരുടെ വീടിനു നേർക്ക് കല്ലേറു നടത്തുകയും, ഒടുവിൽ അവരുടെ വീടിനു തീ വെയ്ക്കുകയും ചെയ്തു കൊണ്ടാണ് സദാചാരത്തിന്റെ കാവൽമാലാഖമാരായ മലയാളി കലാസ്വാദകർ അവരെ സ്വീകരിച്ചത്.
advertisement
സിനിമയുടെ നിര്‍മാതാവായിരുന്ന ജെ.സി.ഡാനിയേല്‍ റോസിക്ക് രാജാവിന്റെ സംരക്ഷണം നേടിക്കൊടുക്കാൻ ശ്രമിച്ചു നോക്കിയെങ്കിലും, നായര്‍ ഭൂപ്രഭുക്കള്‍ സംഘടിച്ചെത്തുകയും റോസിയുടെ കുടില്‍ തീവെച്ച് നശിപ്പിക്കുകയും അവരെ ഗ്രാമത്തില്‍ നിന്ന് ആട്ടിയോടിക്കുകയും ചെയ്തു. . പി.കെ റോസി എന്ന ദലിത് സ്ത്രീയെ സവര്‍ണ ജാതിയില്‍പ്പെട്ടവര്‍ പിന്നീട് ഭ്രഷ്ട് കല്‍പ്പിച്ച് നാടുകടത്തുകയായിരുന്നു.
വീട് വളഞ്ഞ് സ്വന്തം മാതാപിതാക്കളെയും , കൂടപ്പിറപ്പുകളെയും തല്ലിച്ചതക്കുകയും , വീടിനു തീയിടുകയും ചെയ്ത ശേഷം അതെ തീ സ്വന്തം ശരീരത്തില്‍ പകരാന്‍ ശ്രമിക്കുകയും ചെയ്ത അന്നത്തെ ജന്മികളില്‍ നിന്ന് ഓടി രക്ഷപ്പെട്ട റോസി തിരുവനന്തപുരം -നാഗര്‍കോവില്‍ റോഡില്‍ കരമനയാറിന് സമീപമെത്തിയപ്പോള്‍ അതുവഴി വന്ന തമിഴ്‌നാട്ടുകാരനായ ലോറിഡ്രൈവർ കേശവപിള്ള വണ്ടി നിർത്തി റോസിയെ വണ്ടിയിൽ കയറ്റി തമിഴ്‌നാട്ടിലേക്കു കൊണ്ടു പോയി, റോസിയിൽ നിന്നും വിവരം മനസ്സിലാക്കിയ കേശവപിള്ള റോസിയെ പിന്നീട് വിവാഹം കഴിച്ചു,രാജമ്മാൾ എന്ന തമിഴ് പേർ സ്വീകരിച്ചു. എന്നും, നാഗർകോവിലിലെ ഓട്ടുപുരത്തെരുവിൽ അവർ ഭർത്താവുമൊന്നിച്ച് കുറേക്കാലം കഴിഞ്ഞിരുന്നു എന്നും പറയപ്പെടുന്നു.
advertisement
പില്‍ക്കാലത്ത് മലയാള സിനിമയുടെ പിറവിയ്ക്ക് കാരണഭൂതനായ ജെ.സി ഡാനിയേലിന്‍റെ പേരിനൊപ്പം മലയാളത്തിലെ ആദ്യ നായികയായ പി.കെ റോസിയുടെ പേരും കേരളീയ പൊതുസമൂഹം അംഗീകരിക്കാന്‍ തുടങ്ങി. ജെ.സി ഡാനിയേലിന്‍റെ ജീവിതം ജനങ്ങളിലേക്ക് എത്തിച്ച ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍റെ ഇടപെടലുകള്‍ ഇതില്‍ നിര്‍ണായകമായി.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 10, 2023 6:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
മലയാള സിനിമയുടെ ആദ്യ നായികയ്ക്ക് ആദരം; പി.കെ റോസിയുടെ 120-ാം ജന്മവാര്‍ഷികദിനത്തില്‍ പ്രത്യേക ഡൂഡിലുമായി ഗൂഗിള്‍


