Tips For Healthy Baby | അമ്മയാകാൻ ഒരുങ്ങുകയാണോ? ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ
- Published by:Rajesh V
- news18-malayalam
Last Updated:
ഒരു കുഞ്ഞിനെ വേണമെന്ന് തോന്നുന്നത് മുതൽ ഗർഭം ധരിക്കുന്നതിന് മുമ്പുവരെ ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുന്നതിനായി ധാരാളം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്
ഒരു അമ്മയാകുക (Mother) എന്നത് ഒരു സ്ത്രീയുടെ (Woman) ജീവിതത്തിലെ ഏറ്റവും പ്രധാന മാറ്റങ്ങളിൽ ഒന്നാണ്. ഒരു കുഞ്ഞിനെ (Baby) വേണമെന്ന് തോന്നുന്നത് മുതൽ ഗർഭം (Pregnancy) ധരിക്കുന്നതിന് മുമ്പുവരെ ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുന്നതിനായി ധാരാളം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആർത്തവ ചക്രത്തിന്റെ ട്രാക്ക് സൂക്ഷിക്കുന്നത് മുതൽ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നത് വരെ ഗർഭധാരണത്തിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. നിങ്ങൾ ആരോഗ്യമുള്ള ഒരു കുഞ്ഞിനെയാണ് (Healthy Baby) ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ചില ചെറിയ മാറ്റങ്ങൾ വരുത്താൻ തയ്യാറാകണം. ആ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ആരോഗ്യകരമായ ഭാരം നിലനിർത്തുക (Maintain a healthy weight)
കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുമ്പോൾ കൃത്യമായ ശരീരഭാരം നിലനിർത്തേണ്ടത് അനിവാര്യമാണ്. ആരോഗ്യമുള്ള അമ്മയിൽ നിന്നാണ് ആരോഗ്യമുള്ള കുഞ്ഞും ഉണ്ടാകുന്നത്. ശരീരത്തിന് അനുയോജ്യമായ ഭാരം നിലനിർത്തേണ്ടത് ആരോഗ്യത്തോടെയിരിക്കുന്നതിന് അത്യാവശ്യമാണ്. ശരീരഭാരം കുറഞ്ഞാലും അമിതഭാരമായാലും ഗർഭസ്ഥശിശുവിന് ശരീരത്തിനുള്ളിൽ അതിജീവിക്കാൻ ബുദ്ധിമുട്ടാണ്. ആരോഗ്യമുള്ള ഒരു കുഞ്ഞ് ഉണ്ടാകാൻ ആരോഗ്യകരമായ ബോഡി മാസ് ഇൻഡക്സ് ആവശ്യമാണ്. ശരിയായ ശരീരഭാരം നിലനിർത്താൻ ദിവസവും വ്യായാമം ചെയ്യുക.
സന്തുലിതമായ ഭക്ഷണക്രമം
ഗർഭധാരണത്തിന് മുമ്പ് നിങ്ങൾ കഴിക്കുന്ന ആഹാരം കുഞ്ഞിന്റെ ആരോഗ്യത്തിൽ വലിയ പങ്കുവഹിക്കുന്ന ഒന്നാണ്. നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ, കാർബോഹൈഡ്രേറ്റുകൾ, ഉയർന്ന പ്രോട്ടീൻ, ഫൈബർ എന്നിവ ലഭിക്കുന്നതിന് പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുക. എല്ലാ ആഹാരവും ചെറിയ അളവിൽ കഴിക്കുക. കൃത്യസമയത്ത് ഭക്ഷണം ശീലമാക്കുക. ഉയർന്ന അളവിൽ പഞ്ചസാരയും ഉപ്പും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇലക്കറികളും പയറുവർഗങ്ങളും കൂടുതലായി കഴിക്കുക.
advertisement
ഐഎഫ്എ ടാബ്ലെറ്റുകൾ കഴിക്കുക
ഒരു പെൺകുട്ടി പ്രായപൂർത്തിയാകുമ്പോൾ മുതൽ ശരീരത്തിൽ അയണിന്റെയും ഫോളിക് ആസിഡിന്റെയും അപര്യാപ്തത ഉണ്ടാകാറുണ്ട്. കൗമാരം മുതൽ ശരീരത്തിലെ അയണിന്റെയും ഫോളിക് ആസിഡിന്റെയും ആവശ്യകത നിറവേറ്റുന്നതിന് ഓരോ പെൺകുട്ടിയും ഐഎഫ്എ ഗുളികകൾ കഴിച്ചു തുടങ്ങണം. ഐഎഫ്എ ഗുളികകൾക്കൊപ്പം ശരീരത്തിലെ അയണിന്റെ ആവശ്യകതകൾ നിറവേറ്റുന്നതിന് അയൺ അടങ്ങിയ ഭക്ഷണവും കഴിക്കണം.
പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക
പുകവലി, മദ്യം, മറ്റ് ലഹരികൾ, മരുന്നുകൾ എന്നിവ ഗർഭകാലത്ത് കഴിക്കുന്നത് അങ്ങേയറ്റം ഹാനികരമാണ്. ഇത് കുട്ടിയുടെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കും.
advertisement
മാനസിക സമ്മർദ്ദം ഒഴിവാക്കുക
നിങ്ങൾ ഒരു കുഞ്ഞിന് ജന്മം നല്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ എപ്പോഴും ശാന്തമായി ഇരിക്കാൻ ശ്രമിക്കുക. ജോലിസ്ഥലത്ത് നിങ്ങൾക്ക് മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന സാഹചര്യമുണ്ടെങ്കിൽ അത്തരം സാഹചര്യങ്ങളിൽ നിന്ന് ഒഴിവാകാൻ ശ്രമിക്കുക. സന്തോഷത്തോടെ തുടരാൻ യോഗ, ശ്വസന വ്യായാമങ്ങൾ, പാട്ട്, നൃത്തം, മറ്റ് പ്രവർത്തനങ്ങൾ എന്നിവ പരിശീലിക്കുക. സന്തുഷ്ടമായ മനസ്സാണ് ആരോഗ്യകരമായ ശരീരത്തിന്റെ താക്കോൽ.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 05, 2022 7:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Tips For Healthy Baby | അമ്മയാകാൻ ഒരുങ്ങുകയാണോ? ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ


