തുണി കൊണ്ടുള്ള സാനിറ്ററി നാപ്കിനുകൾ ഉണക്കുന്നതിനുള്ള ഉപകരണം കണ്ടുപിടിച്ച് തെലങ്കാനയിലെ നർസാപൂരിലുള്ള ബി വി രാജു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാർത്ഥികൾ. മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ കെ ശ്രാവന്തിയും സി എച്ച് മഹേഷ് ചന്ദ്രയും കെ സൈതേജയും ആണ് ഈ കണ്ടുപിടിത്തത്തിനു പിന്നിൽ. തെലങ്കാന സ്റ്റേറ്റ് ഇന്നൊവേഷൻ സെൽ സംഘടിപ്പിച്ച യൂത്ത് ഫോർ സോഷ്യൽ ഇംപാക്റ്റ് എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ഉപകരണം കണ്ടുപിടിച്ചത്.
യൂത്ത് ഫോർ സോഷ്യൽ ഇംപാക്റ്റിനെക്കുറിച്ച് കേട്ടപ്പോൾ തന്നെ സാനിറ്ററി നാപ്കിനുകൾ അണുവിമുക്തമാക്കാനും ഉണക്കാനും കഴിയുന്ന ഒരു ഉപകരണം നിർമ്മിക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു. ആ തീരുമാനം തുണികൊണ്ടുള്ള പാഡ് ഉണക്കി, അൾട്രാവയലറ്റ് ലൈറ്റ് ഉപയോഗിച്ച് അണുവിമുക്തമാക്കാൻ കഴിയുന്ന ‘ഹൈജിയ’ (Hygeia) എന്ന ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിലേക്ക് നയിച്ചു.
Also read-ലൈംഗികതയോട് താത്പര്യക്കുറവുണ്ടോ? പുരുഷൻമാർക്ക് ആയുസ് കുറഞ്ഞേക്കാമെന്ന് ജാപ്പനീസ് ഗവേഷകർ
”തുറന്ന സ്ഥലത്ത് തുണി കൊണ്ടുള്ള സാനിറ്ററി നാപ്കിനുകൾ ഉണക്കാൻ പല സ്ത്രീകളും മടിക്കുന്നു. നന്നായി ഉണക്കിയില്ലെങ്കിൽ അവയിൽ സൂക്ഷ്മാണുക്കൾ പെരുകും. ഇത് ഉപയോഗിക്കുന്നവരിൽ അണുബാധയ്ക്കും കാരണമാകും. ഈ പ്രശ്നം പരിഹരിക്കാൻ എന്തെങ്കിലും ചെയ്യാൻ ഞങ്ങൾ ആഗ്രഹിച്ചു”, കെ ശ്രാവന്തി ന്യൂസ് 18 നോട് പറഞ്ഞു. 66 ശതമാനം സ്ത്രീകളിലും വൃത്തിഹീനമായ പാഡുകൾ ഉപയോഗിച്ചതു മൂലമുണ്ടാകുന്ന റാഷസ് ഉണ്ടാകുന്നുണ്ടെന്നും വിദ്യാർത്ഥികൾ നടത്തിയ പഠനത്തിൽ കണ്ടെത്തി.
”ഞങ്ങളുടെ പ്രോട്ടോടൈപ്പ് യൂത്ത് ഫോർ സോഷ്യൽ ഇംപാക്റ്റ് ചലഞ്ചിലെ മികച്ച പത്ത് ആശയങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ ഉപകരണത്തിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത് എന്നറിയാൻ ഞങ്ങൾ സ്ത്രീകളുമായും ചില എൻജിഒ അംഗങ്ങളുമായും സംസാരിച്ചിരുന്നു. ഈ ഉപകരണത്തിനൊപ്പം ഒരു വാഷിംഗ് യൂണിറ്റും വേണമെന്ന് ചിലർ നിർദ്ദേശിച്ചു. ഇത്തരം നിർദേശങ്ങളെല്ലാം ഉൾക്കൊണ്ടു കൊണ്ട് ഞങ്ങൾ അന്തിമ ഉത്പന്നം വികസിപ്പിക്കുകയാണ്,” എന്നും ശ്രാവന്തി പറഞ്ഞു. മെൻസ്ട്രൽ കപ്പുകൾ, തുണികൊണ്ടുള്ള ബേബി ഡയപ്പറുകൾ, ഫോൾഡബിൾ നാപ്കിനുകൾ എന്നിവയെല്ലാം അണുവിമുക്തമാക്കാൻ ഈ ഉപകരണം ഉപയോഗിക്കാം.
Also read-ബാധ്യതകളും ഉപാധികളും ഇല്ലാതെ ഒരുമിച്ചു ജീവിക്കുന്ന ദമ്പതികൾ; നിങ്ങളും സിറ്റുവേഷൻഷിപ്പിലാണോ?
”പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾ ഉപയോഗിച്ച് സ്ത്രീകൾക്ക് ആർത്തവ സംബന്ധമായി ഉണ്ടാകുന്ന ചെലവുകൾ കുറയ്ക്കാൻ സാധിക്കും. ഞങ്ങളുടെ ഉത്പന്നം അത്തരത്തിലൊന്നാണ്. ഇത് മികച്ച രീതിയിൽ വിപണിയിൽ എത്തിക്കാൻ സാധിക്കുന്ന നിക്ഷേപകരെ തിരയുകയാണ് ഞങ്ങൾ”, എന്നും വിദ്യാർത്ഥികൾ കൂട്ടിച്ചേർത്തു.
‘ദി മെൻസ്ട്രൽ ഹൈജീൻ അലയൻസ് ഓഫ് ഇന്ത്യ’യുടെ കണക്കനുസരിച്ച് 332 ദശലക്ഷത്തിൽ 121 ദശലക്ഷം സ്ത്രീകളും ഡിസ്പോസിബിൾ സാനിറ്ററി നാപ്കിനുകളാണ് ഉപയോഗിക്കുന്നത്. ഇത് പ്രതിവർഷം 113,000 ടൺ മാലിന്യം ഉത്പാദിപ്പിക്കും. ഡിസ്പോസിബിൾ സാനിറ്ററി നാപ്കിനുകളിൽ സാധാരണയായി 90 ശതമാനവും പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ഓരോ പാഡും ഏകദേശം നാല് പ്ലാസ്റ്റിക് ബാഗുകൾക്ക് തുല്യമാണ് എന്നും ഇതു സംബന്ധിച്ച പഠനങ്ങൾ പറയുന്നു. ഇത്തരമൊരു സാഹചര്യത്തിൽ പരിസ്ഥിതി സൗഹൃദമായ ആർത്തവ ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് എന്നും വിദ്യാർത്ഥികൾ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.