സ്വവർഗാനുരാഗിയായ യുവതിയെ കൊല്ലം ജില്ലയിൽ കൗൺസിലിംഗ് ചെയ്യണമെന്ന കേരളാ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു
- Published by:Vishnupriya S
- news18-malayalam
Last Updated:
യുവതിയുടെ ലൈംഗിക ആഭിമുഖ്യം മാറ്റാനുള്ള ശ്രമമാണെന്ന് ആരോപിച്ച് പങ്കാളി നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്
കൊല്ലം: കൊല്ലം സ്വദേശിനിയായ സ്വവർഗാനുരാഗിയായ യുവതി കൗൺസിലിംഗ് സെഷനിൽ ഹാജരാകണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇത് യുവതിയുടെ ലൈംഗിക ആഭിമുഖ്യം മാറ്റാനുള്ള ശ്രമമാണെന്ന് ആരോപിച്ച് പങ്കാളി നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. യുവതിയെ കുടുംബകോടതിയിൽ ഹാജരാക്കാൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനും ജസ്റ്റിസുമാരായ പി എസ് നരസിംഹയും ജെ ബി പർദിവാല എന്നിവര്‍ അംഗങ്ങളായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു.
യുവതിയെ മാതാപിതാക്കൾ അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി ബലം പ്രയോഗിച്ച് തടഞ്ഞു വെച്ചിരിക്കുകയാണെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പങ്കാളി ആരോപിച്ചു. തങ്ങളുടെ വിവാഹം തടയാനാണ് കുടുംബാംഗങ്ങൾ ശ്രമിക്കുന്നത് എന്നും ഹർജിയിൽ പരാതിക്കാരി ചൂണ്ടിക്കാട്ടി. “യുവതിയുമായി ഞാൻ രഹസ്യമായി സംസാരിച്ചിരുന്നു. ശാരീരികമായും മാനസികമായും തന്നെ നിരന്തരം ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് അവൾ എന്നോട് പറഞ്ഞു”, എന്നും പരാതിക്കാരി ഹർജിയിൽ പറഞ്ഞു.
advertisement
കൊല്ലത്തെ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയോട് തന്റെ പങ്കാളിയുടെ വീടു സന്ദർശിച്ച് സ്ഥിതിഗതികൾ മനസിലാക്കാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള ഹേബിയസ് കോർപ്പസ് ഹർജിയുമായാണ് താൻ ആദ്യം കേരള ഹൈക്കോടതിയെ സമീപിച്ചുതെന്നും ഹർജിക്കാരി പറഞ്ഞു. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് യുവതി ജുഡീഷ്യൽ ഓഫീസറോട് സമ്മതിച്ചു. പക്ഷേ, മാതാപിതാക്കൾ തന്നെ നിയമവിരുദ്ധമായി തടങ്കലിൽ വെച്ചിരിക്കുകയായിരുന്നു എന്ന പരാതിക്കാരിയുടെ ആരോപണം യുവതി നിഷേധിക്കുകയും ചെയ്തു.
അടുത്ത നാലോ അഞ്ചോ ദിവസത്തേക്ക് കൊല്ലം ജില്ലയിലെ ഒരു കൗൺസിലിംഗ് സെന്ററിലുള്ള ഒരു സൈക്കോളജിസ്റ്റിന്റെ അടുത്ത് ചെന്ന് ഒരു കൗൺസിലിംഗ് സെഷനിൽ പങ്കെടുക്കാൻ തന്റെ പങ്കാളിയോട് ഹൈക്കോടതി നിർദ്ദേശിച്ചതായും ഹർജിക്കാരി കൂട്ടിച്ചേർത്തു. കൗൺസിലിംഗ് തന്റെ പങ്കാളിയുടെ ലൈംഗിക ആഭിമുഖ്യം മാറ്റാനുള്ള ശ്രമമാണെന്നും അത് നിയമ ലംഘനമാണെന്നും പരാതിക്കാരി പറഞ്ഞു. ഹർജിയിൽ തിങ്കളാഴ്ചയാണ് സുപ്രീംകോടതി ബെഞ്ച് വിധി പറഞ്ഞത്.
advertisement
”2023 ഫെബ്രുവരി 8 ന് വൈകുന്നേരം അഞ്ചു മണിക്ക് കൊല്ലത്തെ കുടുംബ കോടതിയിൽ യുവതിയെ ഹാജരാക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു. കുടുംബ കോടതിയിലെ പ്രിൻസിപ്പൽ ജഡ്ജി അതിനുള്ള ക്രമീകരണം ചെയ്യേണ്ടതാണ്. കേരളത്തിൽ നിന്നുള്ള സീനിയർ ജുഡീഷ്യൽ ഓഫീസറും സുപ്രീം കോടതിയുടെ ഇ-കമ്മറ്റി അംഗവുമായ സലീന നായരുമായി പ്രതിയുടെ കൂടിക്കാഴ്ച ക്രമീകരിക്കണം. കുടുംബ കോടതിയിലെ പ്രിൻസിപ്പൽ ജഡ്ജിയുമായി സംസാരിച്ചതിനു ശേഷമാകണം കൂടിക്കാഴ്ച നടത്തേണ്ടത്”, സുപ്രീംകോടതി ബെഞ്ച് പറഞ്ഞു.
advertisement
”കൂടിക്കാഴ്ചക്കു ശേഷം, യുവതി മാതാപിതാക്കളോടൊപ്പം സ്വമേധയാ താമസിക്കുകയാണോ അതോ അനധികൃതമായി യുവതിയെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണോ എന്നതിനെ കുറിച്ച് ജുഡീഷ്യൽ ഓഫീസർ ഒരു റിപ്പോർട്ട് സമർപ്പിക്കും. രക്ഷിതാക്കളുടെ നിർബന്ധം കൂടാതെ, കുടുംബകോടതിയിലെ പ്രിൻസിപ്പൽ ജഡ്ജിയും ജുഡീഷ്യൽ ഓഫീസർ സലീനയും പ്രതിയുടെ മൊഴി ന്യായമായും സ്വതന്ത്രമായും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം”, സുപ്രീംകോടതി കൂട്ടിച്ചേർത്തു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
February 08, 2023 2:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Women/
സ്വവർഗാനുരാഗിയായ യുവതിയെ കൊല്ലം ജില്ലയിൽ കൗൺസിലിംഗ് ചെയ്യണമെന്ന കേരളാ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു


