മുംബൈ: മുൻകൂർ കൂടിയാലോചനകളൊന്നുമില്ലാതെ പുതിയ ശമ്പള ഘടന പ്രഖ്യാപിച്ചതിന് പിന്നാലെ ഇടപെടണമെന്ന് ആവശ്യപ്പെട്ട് 1500-ലധികം എയർ ഇന്ത്യ പൈലറ്റുമാർ ടാറ്റ സൺസ് ചെയർമാൻ രത്തൻ ടാറ്റയ്ക്ക് കത്തയച്ചു. കമ്പനി തങ്ങളോട് മാന്യമായി പെരുമാറുന്നില്ലെന്നും നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടാണ് പൈലറ്റുമാരുടെ യൂണിയൻ രത്തൻ ടാറ്റയ്ക്ക് കത്തയച്ചത്. എച്ച്ആർ വിഭാഗത്തിന് പരാതി നൽകിയെങ്കിലും അവഗണനയായിരുന്നു ഫലമെന്ന് പൈലറ്റുമാർ കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
അടുത്തിടെ പ്രഖ്യാപിച്ച തൊഴിൽ സാഹചര്യങ്ങളും ശമ്പള ഘടനയും സംബന്ധിച്ച വിഷയത്തിലുള്ള തർക്കത്തിൽ എച്ച്ആർ വിഭാഗം ഇടപെടാത്തതിനെ തുടർന്നാണ് രത്തൻ ടാറ്റയ്ക്ക് പൈലറ്റുമാർ കത്തയച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
“ഇപ്പോഴത്തെ പ്രശ്നങ്ങളിൽ മാന്യവുമായ ഒരു പരിഹാരം കണ്ടെത്താൻ താങ്കൾ ഞങ്ങളെ സഹായിക്കാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.”- രത്തൻ ടാറ്റയ്ക്കുള്ള കത്തിൽ പൈലറ്റുമാർ വ്യക്തമാക്കുന്നു.
കഴിഞ്ഞയാഴ്ച, ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻ പൈലറ്റുമാർക്കും ക്യാബിൻ ക്രൂവിനും പുതിയ ശമ്പള ഘടന പ്രഖ്യാപിച്ചിരുന്നുവെങ്കിലും പുതുക്കിയ ശമ്പളത്തിൽ ജീവനക്കാർ അതൃപ്തരായിരുന്നു. മാനേജ്‌മെന്റിൽ നാല് വർഷത്തിലേറെ പരിചയമുള്ള ക്യാപ്റ്റൻമാരെ സ്ഥാനക്കയറ്റം നൽകുന്നതിനെക്കുറിച്ചായിരുന്നു പ്രധാന എതിർപ്പ് ഉയർന്നത്.
ചൊവ്വാഴ്ച, എയർ ഇന്ത്യ ടൗൺ ഹാൾ മീറ്റിംഗ് നടത്തിയെങ്കിലും പൈലറ്റുമാരുടെ പുതുക്കിയ ശമ്പള ഘടനയെ കുറിച്ച് ഒന്നും പരാമർശിക്കാത്തതും പൈലറ്റുമാർക്കിടയിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. പൈലറ്റ് യൂണിയനുകളും, ഇന്ത്യൻ കൊമേഴ്‌സ്യൽ പൈലറ്റ്‌സ് അസോസിയേഷനും (ഐസിപിഎ), ഇന്ത്യൻ പൈലറ്റ്‌സ് ഗിൽഡും (ഐപിജി) ഏപ്രിൽ 21 ന് എയർ ഇന്ത്യയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് ദിവസങ്ങൾക്ക് ശേഷമാണ് കൂടിക്കാഴ്ച നടത്താൻ കമ്പനി തയ്യാറായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Air india, Money18, Ratan Tata