ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; 18,000 ജീവനക്കാർക്ക് ജോലി നഷ്ട്ടമാകും
- Published by:Vishnupriya S
- news18-malayalam
Last Updated:
സമ്പത്ത് വ്യവസ്ഥ അനിശ്ചിതമായതാണ് കൂട്ടപ്പിരിച്ചുവിടലിന് കാരണമെന്ന് ആമസോൺ സിഇഒ പറഞ്ഞു
ഇ-കോമേഴ്സ് സ്ഥാപനമായ ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ. 18,000-ലധികം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. സമ്പത്ത് വ്യവസ്ഥ അനിശ്ചിതമായതാണ് കൂട്ടപ്പിരിച്ചുവിടലിന് കാരണമെന്ന് ആമസോൺ സിഇഒ ആൻഡി ജാസി പ്രസ്താവനയിൽ വ്യക്തമാക്കി. ആമസോൺ സ്റ്റോർ ജീവനക്കാരെയാണ് കൂട്ടപ്പിരിച്ചുവിടൽ പ്രധാനമായും ബാധിക്കുകയെന്നാണ് റിപ്പോർട്ട്.
ചില പിരിച്ചുവിടലുകൾ യൂറോപ്പിലായിരിക്കുമെന്നും ജനുവരി 18 മുതൽ തൊഴിലാളികളെ വിവരം അറിയിക്കുമെന്നും ജാസി പറഞ്ഞു. “ഞങ്ങളുടെ ടീമംഗങ്ങളിൽ ഒരാൾ ഈ വിവരം ബാഹ്യമായി ചോർത്തിയതിനാലാണ്” പെട്ടെന്നുള്ള പ്രഖ്യാപനം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2020-നും 2022-നുമിടയിൽ, കോവിഡ് മഹാമാരി പിടിമുറുക്കിയപ്പോൾ ഡെലിവറികൾക്കായുള്ള ഡിമാൻഡ് വർദ്ധിക്കുകയും സ്റ്റാഫിനെ ഇരട്ടിയാക്കുകയും ചെയ്തു.
advertisement
സെപ്തംബർ അവസാനത്തോടെ ഗ്രൂപ്പിന് ലോകമെമ്പാടും 1.54 ദശലക്ഷം ജീവനക്കാരുണ്ടായിരുന്നു. എന്നാൽ ഇന്ന് സമ്പത്ത് വ്യവസ്ഥയിൽ ഉണ്ടായ ഇടിവാണ് ഇപ്പോൾ കൂട്ടപ്പിരിച്ചു വിടലിലേക്ക് നയിച്ചത്. ആഗോളതലത്തിൽ ഐടി മേഖലയിലെ കൂട്ട പിരിച്ചുവിടലിന്റെ ഭാഗമായി മെറ്റയും ട്വിറ്ററും ജീവനക്കാരെ ഇത്തരത്തിൽ പിരിച്ചുവിട്ടിരുന്നു.
മെറ്റാ ജീവനക്കാരുടെ എണ്ണം 13 ശതമാനം കുറയ്ക്കാനും 11,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാനും തീരുമാനിച്ചതായി സക്കർബർഗ് അറിയിച്ചിരുന്നു. ട്വിറ്ററും തങ്ങളുടെ 50 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. അതേസമയം ഗൂഗിളും എച്ച്‌പിയും പിരിച്ചുവിടൽ സംബന്ധിച്ച് ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ.
advertisement
ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ഏകദേശം 10,000 ജീവനക്കാരെ അല്ലെങ്കിൽ 6 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. യുഎസ് ടെക് ഭീമനായ എച്ച്പി സിഇഒ എൻറിക് ലോറസും കമ്പനിയിലെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഈ നടപടിയിലൂടെ 4,000 മുതൽ 6,000 വരെ ആളുകളെ കുറക്കാനാണ് നീക്കം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 05, 2023 11:35 AM IST