വെറും 42 മണിക്കൂർ മാത്രം പറന്നിട്ടുള്ള വിഐപി ബോയിംഗ് ജംബോ ജെറ്റ് പൊളിച്ചതായി റിപ്പോർട്ടുകൾ. ബോയിംഗ് 747-8 ജംബോ ജെറ്റ് വാങ്ങിയ സൗദി രാജകുമാരൻ മരിച്ചതിനെത്തുടർന്നാണ് ഇത് പൊളിച്ചത്. ഏകദേശം 280 മില്യൺ ഡോളറിനാണ് സൗദി കിരീടാവകാശിയായിരുന്ന സുൽത്താൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന് വേണ്ടി ഈ വിമാനം ഓർഡർ ചെയ്തത്.
എന്നാൽ വിമാനം കൈമാറുന്നതിന് ഒരു വർഷം മുൻപ്, 2011 ഒക്ടോബറിൽ അദ്ദേഹം മരിച്ചു. അരിസോണയിലെ പൈനൽ എയർപാർക്കിൽ വച്ചാണ് ബോയിംഗ് 747- പൊളിച്ചത്. 95 മില്യൻ വരെ വില കുറച്ചെങ്കിലും ഇത് വാങ്ങാൻ മറ്റാരും സമീപിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് പൊളിക്കൽ നടപടികളിലേക്ക് നീങ്ങിയത്. ആഢംബര സൗകര്യങ്ങളോടു കൂടിയ ഈ വിമാനം 2012-ൽ സാൻ അന്റോണിയോയിൽ നിന്ന് സ്വിറ്റ്‌സർലൻഡിലെ ബേസലിലേക്ക് പറത്തിയിരുന്നു.
സുൽത്താൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് മരിച്ചതിനു ശേഷം സൗദി രാജകുടുംബത്തിലെ മറ്റാരും വിമാനം ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചില്ല. തുടർന്ന് സ്വിറ്റ്സർലണ്ടിലെ ഒരു എയർപോർട്ടിൽ ഒരു പതിറ്റാണ്ടോളം ഈ വിമാനം ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. ഏകദേശം 30 വർഷം വരെ ആയുസുള്ളവയാണ് ബോയിംഗ് 747 ജെറ്റ് വിമാനങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.