കൊച്ചി: ഇന്ത്യയിലെ ആദ്യ ചാര്‍ട്ടര്‍ ഗേറ്റ്‌വേയ്‌ക്ക് കൊച്ചിയില്‍ തുടക്കമായി. സ്വകാര്യ വിമാനങ്ങള്‍ക്കായുള്ള കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ (സിയാല്‍) ബിസിനസ് ജെറ്റ് ടെര്‍മിനല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌തു. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കൊച്ചി വിമാനത്താവളം ആണ് എന്നത് ഏറെ ശ്രദ്ധേയമാണെന്ന് ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.
പൊതുമേഖലയിലെ കമ്പനികള്‍ മാതൃകാപരമായും കാലോചിതമായും മുമ്പോട്ടു കൊണ്ടുപോയാൽ അവയുടെ വളര്‍ച്ച ഉറപ്പുവരുത്താനും അങ്ങനെ നാടിന്‍റെ പുരോഗതിക്ക് ആക്കം കൂട്ടാനും കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.“കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും നവീനമായ ഒട്ടേറെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ സിയാല്‍ ഏറ്റെടുത്ത് നടപ്പിലാക്കി. അവയാകട്ടെ കോവിഡ് സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് മുക്തിനേടാന്‍ സിയാലിന് സഹായകമായി. അതിന്‍റെകൂടി ഫലമായാണ് യാത്രക്കാരുടെ എണ്ണത്തില്‍ 92.66% വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ 60.06% വളര്‍ച്ച കൈവരിക്കാന്‍ സിയാലിന് കഴിഞ്ഞത്’, അദ്ദേഹം അഭിപ്രായപ്പെട്ടു.
Also read- Fuel Price| പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടോ? വിവിധ നഗരങ്ങളിലെ ഇന്ധന നിരക്ക് അറിയാം
“കേരളത്തിലെ വ്യാവസായിക മുന്നേറ്റത്തിന് ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഗതാഗത സംവിധാനങ്ങളുടെ നവീകരണം. റോഡുകള്‍, റെയില്‍ ഗതാഗതം, ജലഗതാഗതം, വ്യോമ ഗതാഗതം തുടങ്ങി എല്ലാ മേഖലകളിലും സമാന്തരമായ വികസനം നടപ്പാക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ നാം വിഭാവനം ചെയ്യുന്ന തരത്തിലുള്ള വ്യാവസായിക മുന്നേറ്റം സാധ്യമാവുകയുള്ളൂ. ഇതിനുതകുന്ന വിധമുള്ള പദ്ധതികള്‍ ഈ നാലു മേഖലകളിലും ആവിഷ്ക്കരിച്ച് മുന്നോട്ടു പോവുകയാണ് സംസ്ഥാന സര്‍ക്കാര്‍”.
“കോവിഡ് മഹാമാരിക്കു ശേഷമുള്ള ഈ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടലുകളുടെ ഉള്‍പ്പെടെ ഫലമായി വ്യവസായ, സേവന മേഖലകളില്‍ പുരോഗതി കൈവരിക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്‍റെ മൊത്ത ആഭ്യന്തര ഉത്പാദനം വര്‍ഷത്തില്‍ 12.01% വളര്‍ച്ച കൈവരിച്ചെന്നാണ് കേന്ദ്ര ഇക്കണോമിക് & സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് ദേശീയ ശരാശരിക്കും മുകളിലാണ്. കേരളത്തിലെ ഹോസ്പിറ്റാലിറ്റി മേഖല 114.03 ശതമാനവും വ്യോമയാന മേഖല 74.94 ശതമാനവും വളര്‍ച്ച നേടിയിട്ടുണ്ട്. വളര്‍ന്നുകൊണ്ടേയിരിക്കുന്ന നമ്മുടെ ഹോസ്പിറ്റാലിറ്റി മേഖലയെയും വ്യോമയാന മേഖലയെയും സമന്വയിപ്പിക്കുക എന്ന ലക്ഷ്യംകൂടി സിയാലിന്‍റെ ഈ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ പദ്ധതിയ്ക്കുണ്ട്”, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ചുരുങ്ങിയ ബജറ്റിൽ 10 മാസത്തിനുള്ളിൽ ഇത്തരമൊരു അഭിമാനകരമായ പദ്ധതി പൂർത്തിയാക്കിയ സിയാലിന്റെ വൈദഗ്ധ്യത്തെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. വ്യവസായ- നിയമ- കയർ വകുപ്പ് മന്ത്രിയും സിയാൽ ഡയറക്ടറുമായ പി.രാജീവ് അധ്യക്ഷനായിരുന്നു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് സ്വാഗതം ചെയ്ത ചടങ്ങിൽ സിയാൽ ഡയറക്ടർ എം. എ. യൂസഫലി ആമുഖ പ്രഭാഷണം നടത്തി. റവന്യൂ- ഭവന നിർമാണ വകുപ്പ് മന്ത്രിയും സിയാൽ ഡയറക്ടറുമായ കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.