ഇന്റർഫേസ് /വാർത്ത /money / 'ഉറപ്പുകളെല്ലാം കടലാസിൽ ഒതുങ്ങി'; സർക്കാരിനെ അതൃപ്തിയറിയിച്ച് നിസ്സാൻ കമ്പനി

'ഉറപ്പുകളെല്ലാം കടലാസിൽ ഒതുങ്ങി'; സർക്കാരിനെ അതൃപ്തിയറിയിച്ച് നിസ്സാൻ കമ്പനി

News 18

News 18

'ചെന്നൈയിൽ ആരംഭിക്കാനിരുന്ന ഡിജിറ്റൽ ഹബ്ബാണ് സർക്കാരിന്റെ ഉറപ്പിൽ വിശ്വസിച്ച് തിരുവനന്തപുരത്ത് തുടങ്ങിയത്'

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    തിരുവനന്തപുരം:ഒരുവർഷം മുൻപാണ് ആഗോള മോട്ടോർ വാഹന കമ്പനിയായ നിസ്സാൻ തങ്ങളുടെ ഡിജിറ്റൽ ഹബ് തിരുവനന്തപുരത്ത് തുടങ്ങിയത്. ചെന്നൈയിൽ തുടങ്ങാനിരുന്ന ഹബ്ബ്, സംസ്ഥാന സർക്കാർ നൽകിയ ഉറപ്പുകൾ വിശ്വസിച്ചാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. എന്നാൽ അന്ന് സർക്കാർ നൽകിയ ഉറപ്പുകളൊന്നും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാരിനെ അതൃപ്തി അറിയിച്ചിരിക്കുകയാണ് നിസ്സാൻ കമ്പനി.

    പദ്ധതി വേഗത്തിൽ‌ നടപ്പാക്കുന്നതിനായുള്ള ഏകജാലക സംവിധാനം ഉൾപ്പെടെ സർക്കാർ നൽകിയ ഉറപ്പുകളൊന്നും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നിസ്സാൻ മോട്ടോർ കോർപറേഷൻ ചീഫ് ഡിജിറ്റൽ ഓഫീസർ ടി വി സ്വാമിനാഥൻ ചീഫ് സെക്രട്ടറി ടോം ജോസിനും കിഫ്ബി സിഇഒ കെ എം എബ്രഹാമിനും നാല് വകുപ്പ് സെക്രട്ടറിമാർക്കുമാണ് കത്തെഴുതിയത്. നാലു പേജുള്ള കത്തിൽ സർക്കാരിന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

    തിരുവനന്തപുരത്തെ നിസ്സാൻ ഡിജിറ്റൽ ഹബ്ബിന്റെ തുടർപ്രവർത്തനങ്ങൾ വിജയകരമായി കൊണ്ടുപോകുന്നതിനുള്ള നിർദേശങ്ങളുമായി വിവിധ സർക്കാർ വകുപ്പുകളെ സമീപിച്ചെങ്കിലും യാതൊന്നും സംഭവിച്ചില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ടെക്നോപാർക്കിൽ ഹബ്ബിന്റെ പ്രവർത്തനം ലോകനിലവാരത്തിൽ മുന്നോട്ടുകൊണ്ടുപോകാനുള്ള എ ഗ്രേഡ് സ്ഥല സൗകര്യങ്ങളില്ല. താൽക്കാലികാടിസ്ഥാനത്തിൽ ഇൻഫോസിസ് ക്യാംപസിലെ സ്ഥലമാണ് സർക്കാർ നിസ്സാന് നല്‍കിയത്. സ്റ്റാംപ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കുമെന്ന സർക്കാർ ഉറപ്പും പാഴ് വാക്കായി. രജിസ്ട്രേഷൻ വകുപ്പ് ഇളവുകൾ നൽകുന്നതിന് തയാറായിട്ടില്ല. സാങ്കേതിക വിദ്യാ പ്രവർത്തനങ്ങൾ‌ക്കും ഗവേഷണത്തിനുമായി ആരംഭിച്ച നിസാൻ ഡിജിറ്റൽ ഹബ്ബിന്റെ തുടർ വികസനം നടത്താൻ കഴിയാത്ത വിധത്തിലാണ് കാര്യങ്ങളുടെ പോക്കെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്. അഭിമാനകരമായ നേട്ടമായി മുഖ്യമന്ത്രിയും ഇടതുമുന്നണിയും നിസ്സാൻ ഡിജിറ്റൽ ഹബ്ബിനെ ഉയർത്തികാട്ടിയിരുന്നു.

    കണക്ടിവിറ്റിയും ഒരു പ്രധാന പ്രശ്നമായി മാറുന്നുവെന്ന് നിസ്സാൻ ചൂണ്ടിക്കാട്ടുന്നു. തലസ്ഥാനത്ത് ഉറപ്പ് നൽകിയതുപോലുള്ള ഭൗതിക സാഹചര്യമൊരുക്കുന്നതിന് കഴിഞ്ഞിട്ടില്ല. രാജ്യത്തിന് അകത്തും പുറത്തുമുള്ള വിദഗ്ധരെ കമ്പനിയിലേക്ക് ആകർഷിക്കേണ്ടതുണ്ട്. കണക്ടിവിറ്റിയിലെ പ്രശ്നങ്ങൾ ഇതിന് തടസ്സം സൃഷ്ടിക്കുന്നു. വ്യോമഗതാഗതത്തിലെ പ്രശ്നങ്ങളും കമ്പനി ചൂണ്ടിക്കാട്ടുന്നുണ്ട്. കമ്പനി ജീവനക്കാർക്ക് തിരുവനന്തപുരത്ത് നിന്ന് രാജ്യത്തെ മറ്റ് ഓഫീസുകളിലേക്ക് പോകുന്നതിന് പ്രയാസം നേരിടുന്നു. ഡൽഹി, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ കുറവാണെന്നതും കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു.

    തിരുവനന്തപുരത്ത് നിന്നുള്ള സിൽ‌ക്ക് എയർലൈൻസ് സർവീസ് നിർത്തിയതോടെ സിംഗപൂർ വഴി കമ്പനിയുടെ ആസ്ഥാനമായ ടോക്കിയോയിലേക്ക് പോകാനുള്ള സൗകര്യവും നിലച്ചു. ഇത് കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. യാത്രാ സൗകര്യമില്ലാത്തതിനാൽ കമ്പനിയുടെ സീനിയർ എക്സിക്യൂട്ടീവുകൾ തലസ്ഥാനത്തെ ഹബ്ബ് സന്ദർശിക്കുന്നത് ഒഴിവാക്കുകയാണ്. സിൽക്ക് എയർ സർവീസ് നിലച്ചതോടെ തിരുവനന്തപുരത്തിനും സിംഗപ്പൂരിനും ഇടയ്ക്ക് ബിസിനസ് ക്ലാസ് കണക്ടിവിറ്റി ഇല്ലാത്ത സ്ഥിതിയാണെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.

    ചെന്നൈയിൽ ഡിജിറ്റൽ ഹബ്ബ് തുടങ്ങാനാണ് പരിഗണിച്ചിരുന്നതെന്നും സർക്കാർ നൽകിയ ഉറപ്പുകളിൽ വിശ്വസിച്ചാണ് ഇത് തിരുവനന്തപുരത്തേക്ക് മാറ്റിയതെന്നും കത്തിൽ കമ്പനി ഓർമിപ്പിക്കുന്നു. തിരുവനന്തപുരത്ത് ഹബ്ബ് നിർമിക്കാൻ ക്ഷണിച്ച സർക്കാർ നടപടിയെ സ്വാതം ചെയ്യുന്നു. പക്ഷേ, നിർഭാഗ്യവശാൽ ഉറപ്പുകളിൽ ഭൂരിഭാഗവും പാലിക്കപ്പെട്ടില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

    First published:

    Tags: Kerala government, Nissan digital hub, കേരള സർക്കാർ, നിസാൻ, നിസാൻ ഡിജിറ്റൽ ഹബ്