ലോകമെമ്പാടുമുള്ള ഓട്ടോമൊബൈല്‍ വ്യവസായം (Automobile Industry) വിവിധ വെല്ലുവിളികളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലും 2022 ജനുവരിയോടെ ആദ്യത്തെ 14,000 എക്‌സ്‌യുവി 700 (XUV700) എസ്‌യുവികള്‍ വിതരണം ചെയ്യുകയെന്ന ലക്‌ഷ്യം നിറവേറ്റിയതായി മഹീന്ദ്ര (Mahindra) പ്രഖ്യാപിച്ചു. 2021 ഒക്ടോബര്‍ 7ന് ആരംഭിച്ച എക്സ്‌യുവി 700ന്റെ ബുക്കിങ് ഒരു ലക്ഷം കടക്കാറായി. വിതരണം പൂർത്തിയാക്കിയാൽ, ഇന്ത്യയില്‍ ഒരു ലക്ഷം ബുക്കിംഗ് എന്ന നേട്ടം ഏറ്റവും വേഗത്തിൽ കൈവരിക്കുന്ന എസ്‌യുവിയായി എക്‌സ്‌യുവി700 മാറും. ആകെ ബുക്കിങ്ങുകളിൽ യഥാക്രമം 60 ശതമാനവും 35 ശതമാനവും ബുക്കിങ്ങുകളോടെ ഓട്ടോമാറ്റിക്, പെട്രോൾ വേരിയന്റുകളിൽ തങ്ങൾ എത്രത്തോളം ശക്തരാണെന്ന് മഹീന്ദ്രയുടെ ഈ ഫ്ലാഗ്ഷിപ്പ് എസ്‌യുവി തെളിയിക്കുന്നു.
വിതരണ ശൃഖംലയിലെ പ്രശ്‌നങ്ങള്‍ ഉല്‍പ്പാദനം കാര്യക്ഷമമാക്കുന്നതിലും വര്‍ധിപ്പിക്കുന്നതിലും സൃഷ്‌ടിച്ച വെല്ലുവിളി തുടരുമ്പോഴും തങ്ങൾ മികച്ച സേവനം നൽകുന്നുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് കൃത്യസമയത്ത് വാഹനങ്ങൾ വിതരണം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി. ബുക്കിംഗുകള്‍ വര്‍ധിക്കുന്നതും എക്സ്‌യുവി700ന്റെ ഡിമാന്‍ഡും കണക്കിലെടുക്കുമ്പോള്‍ മിക്ക വേരിയന്റുകളുടെയും കാത്തിരിപ്പ് കാലയളവ് 6-10 മാസം വരെയാണ്. അതേസമയം, എഎക്‌സ്7 സീരീസിന്റെ കാത്തിരിപ്പ് കാലയളവ് 12 മാസത്തിൽ കൂടുതലാണ്.
അടുത്തിടെ ടോക്കിയോ ഒളിമ്പിക്‌സ്, ടോക്കിയോ പാരാലിമ്പിക്‌സ് ഗെയിമുകളിലെ ഇന്ത്യന്‍ അത്‌ലറ്റുകളുടെ പ്രകടനത്തെ മഹീന്ദ്ര അഭിനന്ദിച്ചിരുന്നു. മറ്റ് മെഡല്‍ ജേതാക്കള്‍ക്ക് സമ്മാനിച്ച പ്രത്യേകം രൂപകല്‍പ്പന ചെയ്ത് എക്‌സ്‌യുവി700 എസ്‌യുവികള്‍ക്ക് പുറമെ, പാരാലിമ്പിക്‌സ് 2021ല്‍ 10 മീറ്റര്‍ എയര്‍ റൈഫിളിലെ പ്രടകനത്തിന് ആവണി ലേഖരയ്ക്ക് മറ്റൊരു കസ്റ്റം മെയ്‌ഡ് എസ്‌യുവി700 ഉം മഹീന്ദ്ര കൈമാറിയിരുന്നു.
200 എച്ച്പി പവറും 380 എന്‍എം ടോര്‍ക്കും നിര്‍മ്മിക്കുന്ന 2.0-ലിറ്റര്‍ എംസ്റ്റാലിയന്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനുമാണ് മഹീന്ദ്ര എക്‌സ്യുവി700യ്ക്കുള്ളത്. ഡീസല്‍ എന്‍ജിന്‍ 155 എച്ച്പി പവര്‍ + 360 എന്‍എം ടോര്‍ക്ക് ട്യൂണിലും, 185 എച്ച്പി പവര്‍ + 420 എന്‍എം ടോര്‍ക്ക് ട്യൂണിലും ലഭ്യമാണ്.
ഇന്‍ഫോടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനുമായി 10.25-ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള ഡ്യുവല്‍ സ്‌ക്രീന്‍ ഡാഷ്ബോര്‍ഡ് ആണ് എക്‌സ്യുവി700യുടെ ആകര്‍ഷണം. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേയ് കണക്ടിവിറ്റി, പനോരമിക് സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് ഫീച്ചര്‍, വയര്‍ലെസ്സ് ചാര്‍ജര്‍, ഓട്ടോ ബൂസ്റ്റര്‍ ഹെഡ്ലൈറ്റുകള്‍, ഡ്യുവല്‍-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ലെതര്‍ അപ്‌ഹോള്‍സ്റ്ററി എന്നിവയും ഇന്റീരിയറില്‍ ഇടം പിടിക്കും. 12 സ്പീക്കറും ഒരു സബ് വൂഫര്‍ ഉള്‍പ്പെടെ-സോണി രൂപകല്‍പ്പന ചെയ്ത 3D സറൗണ്ട് സൗണ്ട് സിസ്റ്റം ആണ് എക്‌സ്യുവി700ല്‍ ക്രമീകരിച്ചിരിക്കുന്നത്.
ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കുകള്‍, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിങ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, സ്മാര്‍ട്ട് പൈലറ്റ് അസിസ്റ്റ്, ട്രാഫിക് സൈന്‍ റെക്കഗ്‌നിഷന്‍ എന്നീ സുരക്ഷ ഫീച്ചറുകളും എക്‌സ്യുവി700യിലുണ്ട്. ഏഴ് എയര്‍ബാഗുകളാണ് മഹീന്ദ്ര എക്‌സ്യുവി700യുടെ മറ്റൊരു ആകര്‍ഷണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.