ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ജനുവരി മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാൻ ഒരുങ്ങുന്നതായി അറിയിച്ചു. പണപ്പെരുപ്പത്തെ തുടര്‍ന്ന് നിര്‍മ്മാണ ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണ് കമ്പനി വാഹനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. എല്ലാ മോഡലുകള്‍ക്കും വില വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം ഒക്ടോബറില്‍ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.77 ശതമാനത്തിലേക്ക് എത്തിയിരുന്നു. അതേസമയം, ആര്‍ബിഐയുടെ ലക്ഷ്യമായ 6 ശതമാനത്തിന് താഴെ നിര്‍ത്തുക എന്നത് പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. അതേസമയം, കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതിനായി കൂടുതല്‍ കര്‍ശനമായ ഇന്ധനക്ഷമതാ മാനദണ്ഡങ്ങള്‍ 2023 ഏപ്രില്‍ മുതല്‍ വാഹന കമ്പനികള്‍ക്ക് മേല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കും. ഇന്ത്യയിലെ വാഹന വിപണിയില്‍ ഏകദേശം 40 ശതമാനം വിപണി വിഹിതമുള്ള മാരുതി എത്രത്തോളം വില വര്‍ധിപ്പിക്കുമെന്ന് ഇതുവരെ അറിയിച്ചിട്ടില്ല.
Also Read-ഓണ്‍ലൈന്‍ ഗെയിമിംഗിന് 28% ജിഎസ്ടി ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം
അതേസമയം, 2022 നവംബറില്‍ മാരുതി സുസുക്കി 1,59,044 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തിയിരുന്നു. ഇതില്‍ ആഭ്യന്തര വില്‍പ്പന 1,35,055 യൂണിറ്റും 19,738 കയറ്റുമതി യൂണിറ്റുമാണ്. മിനി കാര്‍ വിഭാഗത്തില്‍, മാരുതി സുസുക്കി ആള്‍ട്ടോയും മാരുതി സുസുക്കി എസ്-പ്രസ്സോയും കഴിഞ്ഞ മാസം 18,251 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്നു. 2021 നവംബറില്‍ ഇത് 17,473 യൂണിറ്റായിരുന്നു.
2022 നവംബറില്‍, മാരുതി സുസുക്കി സ്വിഫ്റ്റ്, ബലേനോ, ഡിസയര്‍, സെലേറിയോ, ഇഗ്നിസ് എന്നിവ 72,844 യൂണിറ്റുകള്‍ വിറ്റഴിച്ചു. ഇതേ സെഗ്മെന്റില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തില്‍ 57,019 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഈ വര്‍ഷം സിയാസ് മാത്രം 1,554 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്നു. 2021 നവംബറില്‍ ഇത് 1,089 യൂണിറ്റുകളായിരുന്നു. മാരുതി സുസുക്കി എസ്-ക്രോസ്, വിറ്റാര ബ്രെസ്സ, എര്‍ട്ടിഗ തുടങ്ങിയ യൂട്ടിലിറ്റി വാഹനങ്ങളുടെ സെഗ്മെന്റില്‍ മാരുതി മൊത്തം 32,563 കാറുകള്‍ ഈ വര്‍ഷം നവംബറില്‍ വിറ്റഴിച്ചിട്ടുണ്ട്. കമ്പനിയുടെ 3,500-ാമത് സെയില്‍സ് ഔട്ട്ലെറ്റായ നെക്സ യൂണിറ്റ് കഴിഞ്ഞ ആഴ്ച ഹൈദരാബാദില്‍ ഉദ്ഘാടനം ചെയ്തിരുന്നു.
മാരുതി സുസുക്കി എസ്-പ്രസോ സിഎന്‍ജി പതിപ്പ് കഴിഞ്ഞ ഒക്ടോബറിലാണ് വിപണിയിലെത്തിയത്. എസ്-പ്രസോയുടെ ഏറ്റവും പുതിയ സിഎന്‍ജി പതിപ്പിന് 5.90 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. LXI, VXI എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്. എസ്-സിഎന്‍ജി സാങ്കേതിക വിദ്യയുമായി വരുന്ന പത്താമത്തെ മാരുതി സുസുക്കി മോഡലാണിത്.
മാരുതി സുസുക്കി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഫെസിലിറ്റിയിലാണ് എസ്-പ്രെസ്സോ സിഎന്‍ജി രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്തത്. മറ്റ് മാരുതി സുസുക്കി സിഎന്‍ജി മോഡലുകള്‍ക്ക് സമാനമായി, ഡ്യുവല്‍-ഇന്റര്ഡിപ്പന്റന്റ് ഇലക്ട്രോണിക് കണ്ട്രോള് യൂണിറ്റുകളും (ഇസിയു) വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.