ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുകിയുടെ ജനപ്രിയ കോംപാക്ട് എസ്.യു.വി മോഡലായ വിതാര ബ്രെസയുടെ പെട്രോൾ പതിപ്പ് വിപണിയിലിറക്കി. 7.34 ലക്ഷം മുതൽ 11.4 ലക്ഷം രൂപ വരെയാണ് പെട്രോൾ മോഡൽ ബ്രെസയുടെ ഡൽഹി എക്സ് ഷോറൂം വില.
ബി.എസ്- 6 സ്റ്റാൻഡേർഡ് 1.5 ലിറ്റർ കെ-സീരീസ് എഞ്ചിനാണ് പെട്രോൾ പതിപ്പിന് കരുത്തേകുന്നത്. 5- സ്പീഡ് മാന്വൽ-ഓട്ടോമാറ്റിക് വേരിയന്‍റുകളിലുള്ള സ്മാർട്ട് ഹൈബ്രിഡ് എഞ്ചിനാണ് ബ്രെസയ്ക്കുള്ളത്. ഈ മാസം ആദ്യം നടന്ന ഡൽഹി ഓട്ടോ എക്സ്പോ 2020ൽ ബ്രെസ പെട്രോൾ പതിപ്പ് അവതരിപ്പിച്ചിരുന്നു.
ഉപഭോക്താക്കളിൽനിന്ന് ബ്രെസയ്ക്ക് ലഭിച്ച സ്വീകരണം തുടർന്നും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മാരുതി സുസുകി ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ കെനിച്ചി അയുകാവ പറഞ്ഞു. ഇന്ത്യയിലെ നഗരപ്രദേശങ്ങളിലുള്ള ബ്രെസയുടെ സ്വാധീനം കൂടുതൽ ശക്തമാക്കാൻ പെട്രോൾ പതിപ്പ് സഹായിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഏപ്രിൽ ഒന്നു മുതൽ ബി.എസ്- 6 എമിഷനുള്ള എഞ്ചിൻ നിർബന്ധിതമാക്കുന്നതോടെ ഡീസൽ വേരിയന്‍റ് ബ്രെസയുടെ വിൽപന അവസാനിപ്പിക്കാൻ മാരുതി സുസുകി തീരുമാനിച്ചിട്ടുണ്ട്.
2016ൽ ഇന്ത്യയിൽ പുറത്തിറക്കിയ മാരുതി സുസുകി ബ്രെസ ഡീസൽ പതിപ്പ് മാത്രമാണ് വിപണിയിലുണ്ടായിരുന്നത്. ബ്രെസ പുറത്തിറങ്ങിയതോടെയാണ് യൂട്ടിലിറ്റി വെഹിക്കിൾ വിഭാഗത്തിൽ മാരുതി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. നാലു വർഷത്തിനിടെ അഞ്ചു ലക്ഷത്തിലേറെ ബ്രെസ ഡീസൽ കാറുകളാണ് ഇന്ത്യയിൽ വിറ്റഴിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.