തിരുവനന്തപുരം: അമ്പതു കോടി ഡോളർ പൂഴ്ത്തിയതായി വായ്പാ ദാതാക്കളുടെ ആരോപണം നിഷേധിച്ച് ബൈജൂസ്. ബൈജൂസിന്റെ സഹോദര സ്ഥാപനമായ ബൈജൂസ് ആൽഫയുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ഡെലിവെ കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന നിയമപടികളുടെ പശ്ചാത്തലത്തിൽ ഉയർന്നുവന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബൈജൂസ് വ്യക്തമാക്കി.
അമേരിക്കൻ കമ്പനിയായ ആൽഫ ഇപ്പോൾ പ്രവർത്തിക്കുന്നില്ല, സ്വന്തമായി ജീവനക്കാരുമില്ല. ഇതുമായി ബന്ധപ്പെട്ട് വായ്പാ ഇടപാടൂകാർ ഉയർത്തിക്കൊണ്ടുവന്ന കാര്യങ്ങൾ തികച്ചും അസത്യമാണെന്ന് കമ്പനി വക്താക്കൾ പറയുന്നു.
Also Read- കടക്കെണിയിൽ വലഞ്ഞ് ബൈജൂസ് ആൽഫ: അമ്പതു കോടി ഡോളർ കമ്പനി പൂഴ്ത്തിയെന്ന് വായ്പാ ദാതാക്കൾ ‘ആൽഫയിൽ നിന്ന് 500 മില്യൺ ഡോളർ ബൈജൂസ് കടത്തി എന്ന അതിശയകരമായ ആരോപണമാണ് പരാതിക്കാർ ഉന്നയിച്ചിരിക്കുന്നത്. കമ്പനിയുടെ നടപടി ശരിയല്ല എന്ന രീതിയിലാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്. ഇത് പൂർണ്ണമായും തെറ്റായ വസ്തുതയാണ്. ഈ ആരോപണങ്ങൾ കമ്പനി ശക്തമായി നിഷേധിക്കുന്നു. ക്രഡിറ്റ് എഗ്രിമെന്റിൽ നിന്ന് വ്യതിചലിക്കാതെയും ചട്ടങ്ങൾ പാലിച്ചും എല്ലാ അവകാശങ്ങളും ബാധ്യതകളും പരിരക്ഷിച്ചുകൊണ്ടാണ് ഈ തുക ട്രാൻസ്ഫർ ചെയ്തതെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ആഗോളതലത്തിൽ ബൈജൂസിന്റെ ബിസിനസ് വ്യാപിക്കുന്നതിനുവേണ്ടിയാണ് ഇപ്പോൾ പ്രവർത്തനമില്ലാത്ത ആൽഫയിൽ നിന്ന് ഫണ്ട് മറ്റ് കമ്പനികളിലേയ്ക്ക് മാറ്റിയത്. ബൈജൂസ് ടി എൽബി കരാറിലേർപ്പെട്ടത് അതിലൂടെ നേടുന്ന ഫണ്ട് ആഗോളതലത്തിലെ വളർച്ചയ്ക്കും ബിസിനസ് വ്യാപനത്തിനും ഉപയോഗിക്കാൻ വേണ്ടിയാണ്. അതുകൊണ്ട് ആവശ്യമനുസരിച്ച് പണം മാറ്റാനും ഉപയോഗിക്കാനുമുള്ള സ്വാതന്ത്ര്യം ബൈജൂസിനുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു.
വായ്പാ ഇടപാടുകാരുമായി മികച്ച രീതിയിലുള്ള സന്ധിസംഭാഷണങ്ങൾ നടത്തി ഒരു തീർപ്പിലെത്താനുള്ള ശ്രമങ്ങൾ ബൈജൂസ് തുടരും. ഇത് ആഗോളതലത്തിലുള്ള ബൈജൂസിന്റെ പ്രവർത്തനങ്ങളുടെ ദീർഘകാല സുസ്ഥിരത ഉറപ്പുവരുത്തുന്നതോടൊപ്പം ലോകമൊട്ടാകെയുള്ള കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തെ മുന്നോട്ടുനയിക്കുകയും ചെയ്യുമെന്നും പ്രസ്താവനയിൽ കമ്പനി പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: BYJUS