കടക്കെണിയിൽ വലഞ്ഞ് ബൈജൂസ് ആൽഫ: അമ്പതു കോടി ഡോളർ കമ്പനി പൂഴ്ത്തിയെന്ന് വായ്പാ ദാതാക്കൾ
- Published by:Vishnupriya S
- news18-malayalam
Last Updated:
ഡെലാവെയറിലെ കോടതിയിൽ നടന്ന നിയമനടപടികൾക്കിടെയാണ് ബൈജൂസിനെതിരെ ഈ ആരോപണം ഉയർന്നിരിക്കുന്നത്
രാജ്യത്തെ മുൻനിര ടെക് കമ്പനിയായ ബൈജൂസ് ആൽഫ അമ്പതു കോടി ഡോളർ പൂഴ്ത്തിയതായി വായ്പാ ദാതാക്കൾ. കടക്കാരുമായുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് ബൈജൂസ് വൻതുക ഒളിപ്പിച്ചിരിക്കുന്നതെന്ന് കമ്പനിയ്ക്ക് വായ്പ നൽകിയിട്ടുള്ള സ്ഥാപനങ്ങൾ ആരോപിക്കുന്നു. ഡെലാവെയറിലെ കോടതിയിൽ നടന്ന നിയമനടപടികൾക്കിടെയാണ് ബൈജൂസിനെതിരെ ഈ ആരോപണം ഉയർന്നിരിക്കുന്നത്. കമ്പനിയുടെ നിയന്ത്രണം ആരുടെ കൈകളിലായിരിക്കണം എന്ന തർക്കത്തിന്മേൽ ബൈജൂസ് ആൽഫ ഡെലാവെയറിൽ നിയമനടപടി നേരിടുന്നുണ്ട്.
ഈ വർഷമാദ്യം കമ്പനി തിരിച്ചടവുകൾ മുടക്കിയതോടെ, തങ്ങളുടെ പ്രതിനിധിയെ കമ്പനിയുടെ നിയന്ത്രണമേൽപ്പിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നാണ് വായ്പാദാതാക്കളുടെ പക്ഷം. തങ്ങളുടെ പ്രതിനിധിയായ തിമോത്തി ആർ. പോളിനെ ബൈജൂസ് ആൽഫയുടെ തലപ്പത്തിരുത്താനാണ് വായ്പാദാതാക്കൾ കോടതിയെ സമീപിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ എഡ്യൂടെക് കമ്പനി എന്നവകാശപ്പെടുന്ന ബൈജൂസ് ഇന്നേവരെ നേരിട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ തിരിച്ചടിയാണ് ഈ തർക്കം.
advertisement
പ്രതിസന്ധികളുമായി ബന്ധപ്പെട്ട് കടക്കാരെ പ്രീതിപ്പെടുത്താനായി 120 കോടി ഡോളറോളം വരുന്ന കടബാധ്യത പുനർരൂപീകരിക്കാനുള്ള നടപടികൾ ബൈജൂസ് മാസങ്ങൾക്കു മുന്നേ തുടങ്ങിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ സർക്കാർ നേതൃത്വത്തിൽ കമ്പനിയുടെ ഓഫീസുകളിൽ പരിശോധനയും നടന്നിരുന്നു. ഈ വർഷമാദ്യം ഇരു വിഭാഗങ്ങളും തമ്മിലുള്ള തർക്കം കൊടുമ്പിരിക്കൊണ്ടതിനു പിന്നാലെയായി, ബൈജൂസ് ആൽഫയിൽ നിന്നും അമ്പതു കോടി ഡോളർ കമ്പനിയ്ക്കു പുറത്തേക്ക് കൈമാറ്റം ചെയ്തതായി ഉയർന്ന മാനേജർ സ്ഥാനത്ത് ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നു.
advertisement
തിമോത്തി പോളിന്റെ അഭിഭാഷകരിലൊരാളായ ബ്രോക്ക് സെഷിനാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.വായ്പാ ദാതാക്കളുടെ കൊള്ളയിൽ നിന്നും പണം സംരക്ഷിക്കാനാണ് ബൈജൂസ് ആൽഫ ശ്രമിച്ചതെന്ന് ഇതിനു മറുപടിയായി കമ്പനിയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ജോ സിസേറോ കോടതിയിൽ വിശദീകരിച്ചു. ലോൺ ഉടമ്പടി പ്രകാരം കമ്പനിയ്ക്ക് പണം ട്രാൻസ്ഫർ ചെയ്യാനുള്ള അധികാരമുണ്ടെന്നും സിസേറോ പറയുന്നു.
advertisement
കേസ് നിലനിൽക്കേ ബൈജൂസ് ആൽഫ പണം കമ്പനിയ്ക്കു പുറത്തേക്ക് നീക്കിയത് ശരിയോ തെറ്റോ എന്നതിൽ ഡെലാവെയർ ചാൻസറി കോടതി ജഡ്ജി മോർഗൻ സേൺ വിധിപ്രസ്താവം നടത്തിയിട്ടില്ല. എന്നാൽ, കമ്പനിയിൽ നിർണായകമായ മാറ്റങ്ങളൊന്നും വരുത്തരുതെന്ന് ബൈജൂസ് ആൽഫയുടെ മാനേജർമാർക്ക് കോടതി കർശനമായ നിർദ്ദേശം നൽകിയിട്ടുണ്ട്. ജഡ്ജിയുടെ താൽപര്യം വായ്പാ ദാതാക്കൾക്കൊപ്പമാണെന്ന് സൂചിപ്പിക്കുന്നതാണ് ഈ നടപടി.
ബൈജൂസ് ആൽഫ, കമ്പനി ഡയറക്ടർ റിജു രവീന്ദ്രൻ, ടാൻജിബിൾ പ്ലേ എന്നിവർക്കെതിരായി ഗ്ലാസ് ട്രസ്റ്റ് കമ്പനിയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ബൈജൂസ് മേധാവി ബൈജു രവീന്ദ്രൻ സ്ഥാപിച്ച എഡ് ടെക് കമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റിനു കീഴിൽ പ്രവർത്തിക്കുന്നവയാണ് ബൈജൂസ് ആൽഫയും ടാൻജിബിൾ പ്ലേയും. തിങ്ക് ആൻഡ് ലേണിന്റെ ഡയറക്ടറും ബൈജു രവീന്ദ്രൻ തന്നെയാണ്.
advertisement
അതേസമയം, വായ്പാ ദാതാക്കൾ ബൈജൂസ് ആൽഫ കൈയടക്കാൻ ശ്രമിക്കുകയല്ലെന്നും, മറിച്ച് തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി വായ്പാ ദാതാക്കൾ നിയന്ത്രണത്തിൽ വയ്ക്കാൻ ബാധ്യസ്ഥരായ കമ്പനിയെ ബൈജൂസ് ആൽഫ വിട്ടുകൊടുക്കാതിരിക്കുകയാണെന്നും സെഷിൻ കോടതി നടപടികൾക്കിടെ ആരോപിച്ചു. വായ്പാ ദാതാക്കൾ കമ്പനിയുടെ കടങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ലാഭമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു ഇതിനോട് ബൈജൂസ് ആൽഫയുടെ അഭിഭാഷകന്റെ പ്രതികരണം. കമ്പനിയെ നശിപ്പിക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും, കമ്പനി നടത്തിക്കൊണ്ടുപോകാനുള്ള താൽപര്യം ഇവർക്കില്ലെന്നും സിസെറോ കോടതിയിൽ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 19, 2023 10:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
കടക്കെണിയിൽ വലഞ്ഞ് ബൈജൂസ് ആൽഫ: അമ്പതു കോടി ഡോളർ കമ്പനി പൂഴ്ത്തിയെന്ന് വായ്പാ ദാതാക്കൾ