വാണിജ്യ എൽ.പി.ജി.ക്ക് വില വീണ്ടും കുറച്ചു; വിമാന ഇന്ധന വിലയിൽ തുടർച്ചയായ മൂന്നാം മാസവും വർധനവ്
- Published by:Sarika N
- news18-malayalam
Last Updated:
ഈ വർഷം ഏപ്രിൽ മുതൽ 6 തവണയായി വാണിജ്യ എൽ.പി.ജി.ക്ക് 223 രൂപയുടെ കുറവ് രേഖപ്പെടുത്തി
ന്യൂഡൽഹി: പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ തുടർച്ചയായ രണ്ടാംമാസവും എൽപിജി സിലിണ്ടർ വില കുറച്ചു. 19 കിലോ വാണിജ്യ എൽ.പി.ജി. സിലിണ്ടറിന് യൂണിറ്റിന് 10 രൂപയാണ് കുറച്ചത്. ഇതോടെ ഡൽഹിയിൽ വാണിജ്യ എൽ.പി.ജി. സിലിണ്ടറിൻ്റെ വില 1,580.50 രൂപയായി കുറഞ്ഞു. കൊച്ചിയിൽ 1,587 രൂപയാണ് പുതുക്കിയ വില. തിരുവനന്തപുരത്ത് 1,608 രൂപ. കോഴിക്കോട്ട് 1,619.5 രൂപ. ഒക്ടോബറിൽ 15.50 രൂപ വർധിപ്പിച്ചതിന് ശേഷം നവംബർ ഒന്നിന് വില 5 രൂപ കുറച്ചിരുന്നു. ഈ വർഷം ഏപ്രിൽ മുതൽ 6 തവണയായി വാണിജ്യ എൽ.പി.ജി.ക്ക് 223 രൂപയുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, എൽ.പി.ജി. സിലിണ്ടറുകളുടെ വില കുറച്ചപ്പോൾ വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന് (എ.ടി.എഫ്.) തുടർച്ചയായ മൂന്നാം മാസവും വില വർധിപ്പിച്ചു. വിമാന ഇന്ധന വില വീണ്ടും വർധിച്ചത് വിമാനക്കമ്പനികൾക്ക് ചെലവേറാൻ കാരണമാകും. എ.ടി.എഫ്. വില 5.4% വർധിച്ച് ഡൽഹിയിൽ ഒരു കിലോലിറ്ററിന് 99,676.77 രൂപയായി. നവംബർ ഒന്നിന് ഏകദേശം 1% ഉം ഒക്ടോബർ ഒന്നിന് 3.3% ഉം എ.ടി.എഫ്. വില വർധിച്ചിരുന്നു. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിൻ്റെ ഏകദേശം 40% ഇന്ധനമാണ്. അതിനാൽ ഈ വർധനവ് വ്യോമയാന മേഖലയ്ക്ക് കൂടുതൽ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. പ്രധാന മെട്രോ നഗരങ്ങളിൽ പ്രാദേശിക നികുതി വ്യത്യാസങ്ങൾ കാരണം മുംബൈയിൽ എ.ടി.എഫ്. വില കിലോലിറ്ററിന് 93,281.04 രൂപയും, ചെന്നൈയിൽ 1,03,301.80 രൂപയും, കൊൽക്കത്തയിൽ 1,02,371.02 രൂപയുമാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
December 02, 2025 8:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
വാണിജ്യ എൽ.പി.ജി.ക്ക് വില വീണ്ടും കുറച്ചു; വിമാന ഇന്ധന വിലയിൽ തുടർച്ചയായ മൂന്നാം മാസവും വർധനവ്


